മെല്‍ബണ്‍ : സ്വവര്‍ഗ വിവാഹങ്ങളെ പിന്തുണച്ച് ലോകം മുഴുവന്‍ ഒന്നിക്കുമ്പോള്‍ മലയാളി യുവാവും സ്വവര്‍ഗവിവാഹിതനായി. മെല്‍ബണിലെ വിക്ടോറിയയില്‍ ഉള്ള മലയാളി നൃത്ത സംവിധായകനായ ഗോവിന്ദ് പിള്ളയാണ് തന്റെ കൂട്ടുകാരനെ വിവാഹം കഴിച്ചത്. കത്തോലിക്കാ വിശ്വാസിയായ ആന്‍ഡ്രിയാന്‍ ആണ് വരന്‍. വിവാഹ ഫോട്ടോയും ആഘോഷവും അടങ്ങുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഓസ്‌ട്രേലിയയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമല്ലെങ്കിലും ഇരുവരും വിവാഹിതരാവുകയായിരുന്നു. കേരളീയ വിവാഹാചാരങ്ങള്‍ പ്രകാരമായിരുന്നു ഗോവിന്ദിന്റേയും ആന്‍ഡ്രിയാനിന്റേയും വിവാഹം നടന്നത്. ആന്‍ഡ്രിയാന്‍ കത്തോലിക്കാ വിശ്വാസിയായതിനാല്‍ അത്തരം ആചാരങ്ങളും ഉണ്ടായിരുന്നു. രണ്ട് വീട്ടുകാരുടേയും സമ്മതത്തോടും അനുഗ്രഹത്തോടും കൂടി ആയിരുന്നു വിവാഹം. താലികെട്ടലും വിവാഹത്തിനു ശേഷം ആഘോഷവും ഉണ്ടായിരുന്നു.
ഓസ്‌ട്രേലിയയയിലെ എസ്ബിഎസ് മലയാളം റേഡിയോയാണ് ഗോവിന്ദിന്റെ വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. സ്വവര്‍ഗ്ഗ പ്രണയം സംബന്ധിച്ച് ലോകത്തിന്റെ കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്നാണ് ഗോവിന്ദ് പിള്ള പറയുന്നത്. മലയാളികളുടെ സമീപനത്തിലും മാറ്റം അത്യാവശ്യമാണ്. അമേരിക്കന്‍ കോടതി സ്വവര്‍ഗ വിവാഹത്തിന് അടുത്തിടെ അംഗീകാരം നല്‍കിയതോടെ സോഷ്യല്‍മീഡിയയില്‍ അതിനു പിന്തുണയുമായി മലയാളികള്‍ രംഗത്തുവന്നിരുന്നു. എങ്കിലും ഒരു മലയാളി യുവാവ് സ്വവര്‍ഗ വിവാഹത്തിന് തുനിയുന്നത് ആദ്യമാണ്. മലയാളി സമൂഹം ഇപ്പോഴും ഭിന്ന ലൈംഗികതയെ അംഗീകരിയ്ക്കാന്‍ അത്ര കണ്ട് തയ്യാറല്ലാത്തപ്പോഴാനു ഗോവിന്ദ് പിള്ള എന്ന മലയാളി യുവാവിന്റെ സ്വവര്‍ഗ വിവാഹ വാര്‍ത്ത ഓസ്‌ട്രേലിയയില്‍ നിന്ന് വരുന്നത്.