ഡബ്ലിന്‍: ആവശ്യത്തിനു സോഷ്യല്‍വര്‍ക്കര്‍മാരില്ലാതെ വന്നതിനെ തുടര്‍ന്നു ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സിയായ തുല്‍സായില്‍ കെട്ടിക്കിടക്കുന്നത് അയ്യായിരത്തിലേറെ കേസുകളെന്നു റിപ്പോര്‍ട്ട്. ജോയിന്റ് ഒയ്‌റിച്ചാര്‍ഡ് കമ്മിറ്റി ഓണ്‍ ഹൈല്‍ത്ത് ആന്‍ഡ് ചില്‍ഡ്രന്‍ നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ചുള്ള വിശദമായ പഠന റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തുസ്‌ലായുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ ഗോര്‍ഡണ്‍ ജെയീസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ സോഷ്യല്‍ വര്‍ക്ക് ഏജന്‍സികളില്‍ 280 പേരുടെ കുറവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത്രയും ആളുകള്‍ കൃത്യമായുണ്ടെങ്കില്‍ മാത്രമേ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ കൊണ്ടു പോകുന്നതിനും, ആവശ്യക്കാര്‍ക്കു സേവനങ്ങള്‍ കൃത്യമായി നല്‍കുന്നതിനും സാധിക്കുകയുള്ളുവെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇപ്പോള്‍ തന്നെ അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന രണ്ടായിരത്തോളം കേസുകളാണ് രാജ്യത്ത് കെട്ടിക്കിടക്കുന്നതെന്നാണ് തുസ്‌ലായുടെ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ 3000 പേരില്‍ ഒരാള്‍ക്കു സോഷ്യല്‍ വര്‍ക്കര്‍മാരുടെ കുറവ് കൃത്യമായി അനുഭവപ്പെടുന്നുണ്ടെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. ഇപ്പോള്‍ പുറത്തു വന്ന കണക്കുകള്‍ സ്‌കോട്ട്‌ലന്‍ഡിലെ കണക്കുകളെക്കാള്‍ ഏറെ പിന്നിലാണ്. സ്‌കോട്ട്‌ലന്‍ഡിലെ കണക്കിനെ അപേക്ഷിച്ചു മൂന്നു മടങ്ങ് പിന്നിലാണ് സോഷ്യല്‍ വര്‍ക്കര്‍മാരുടെ കാര്യത്തില്‍ രാജ്യം ഇപ്പോഴുമെന്നതാണ് യാഥാര്‍ഥ്യം.