ന്യൂയോര്‍ക്ക്: മതപരമായ വിരോധം മൂലം ഇന്ത്യക്കാരനെ മരണത്തിലേക്ക് തള്ളിയിട്ട അമേരിക്കന്‍ യുവതിക്ക് 24 വര്‍ഷം തടവ്. ട്രെയിന്‍ സബ്‌വേയിലേക്ക് 2012 ഡിസംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 46കാരനായ സുനന്ദോ സെനിനെ എറിക മെനെന്‍ഡെസ് എന്ന യുവതിയാണ് ട്രെയിന്‍ വരുന്ന സമയത്ത് റെയില്‍വെ ട്രാക്കിലേക്ക് തള്ളിയിട്ടത്.
കഴിഞ്ഞ മാര്‍ച്ചില്‍ എറിക കുറ്റം സമ്മതിച്ചിരുന്നു. കുറ്റം ചെയ്യാനുള്ള പ്രേരണയെക്കുറിച്ച് ജഡ്ജി ചോദിച്ചപ്പോള്‍ യുവതി മറുപടി നല്‍കിയില്ല. അതേസമയം, കേസന്വേഷണ സമയത്ത് പൊലീസിന് നല്‍കിയ മൊഴിയില്‍ മുസ്്‌ലിംകളെയും ഹിന്ദുക്കളെയും ഇഷ്ടമല്ലെന്ന് യുവതി പറഞ്ഞതായി ജഡ്ജി ചൂണ്ടിക്കാണിച്ചു. ഇക്കാര്യം താങ്കള്‍ ഓര്‍മിക്കുന്നുണ്ടോയെന്നും ജഡ്ജി യുവതിയോട് ചോദിച്ചു.
എന്നാല്‍ കോടതിയില്‍ ഇവര്‍ ഒന്നും മിണ്ടാതെ നില്‍ക്കുകയായിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം മുസ്്‌ലിംകളോടും ഹിന്ദുക്കളോട് വെറുപ്പാണെന്ന് യുവതി അറിയിച്ചു.