സ്വന്തം ലേഖകൻ
ഒക്കലഹോമ: ഒക്കലഹോമ റിപബ്ലിക്കൻ ഗവർണർ മേരി ഫാളിൻ പ്രസിഡന്റ് സ്ഥാനാർഥിയായ ഡൊണാൾഡ് ട്രമ്പിനെ എൻഡോഴ്‌സ് ചെയ്യുന്നതായി ഇന്ന് ഉദ്യോഗികമായി പ്രഖ്യാപിച്ചു.
നീണ്ട മാസങ്ങളുടെ നിശബ്ദത്തയ്ക്കു ശേഷം ഇന്നു ഗവർണറുടെ പ്രഖ്യാപനം രാഷ്ട്രീയ വൃത്തങ്ങളെ അത്ഭുതപ്പെടുത്തി. ഇന്ത്യാന തിരഞ്ഞെടുപ്പിൽ ട്രമ്പ് വൻ വിജയം നേടുകയും മത്സര രംഗത്തു നിന്നു ടെക്‌സസ് സെനറ്റർ ട്രഡ് ക്രൂസ് പിൻമാറുകയും ഒഹായോ ഗവർണർ ജോൺ കേസിക്ക് മത്സര രംഗത്തു നിന്നും വിടവാങ്ങുകയും ചെയ്തതോടെ റിപബ്ലിക്കൻ പാർട്ടിയിൽ ഐക്യം പുനസ്ഥാപിക്കപ്പെടണമെന്ന തിരിച്ചറിവാണ് ട്രമ്പിനെ എൻഡോഴ്‌സ് ചെയ്യുന്നതിനു ഒക്കല ഹോമ ഗവർണറെ പ്രേരിപ്പിച്ചതെന്നു കരുതുന്നു.
ഞാൻ നൂറു ശതമാനവും ട്രമ്പിനെ പിൻതാങ്ങുന്ന രാജ്യത്ത് വ്യവസായങ്ങൾ അഭിവൃദ്ധിപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കൺസർവേറ്റീവ് പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെടേണ്ടതു ആവശ്യമാണെന്നു മേരി ഫാളിൻ ചൂണ്ടിക്കാട്ടി. ട്രമ്പിന്റെ വാസ് പ്രസിഡന്റ് സ്ഥാനാർഥിയായി മേരി ഫാളിൻ തിരഞ്ഞെടുക്കപ്പെടുമെന്ന അഭ്യൂഹങ്ങൾ ശക്തപ്പെടും. ഇന്ത്യാന തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ട്രമ്പിന്റെ വൈറ്റ് ഹൗസ് ലക്ഷ്യമാക്കിയുള്ള പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തി. അതേസമയം ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ഹില്ലരിയുടെ ഇന്ത്യാനയിലെ പരാജയം ഇതുവരെ നിലനിർത്തിയിരുന്ന തിളക്കത്തിനു മങ്ങലേൽപ്പിച്ചു. പ്രൈമറി തിരഞ്ഞെടുപ്പു വിലയിരുത്തിയതിൽ ട്രമ്പിനു ലഭിക്കുന്ന അപ്രതീക്ഷിത പിൻതുണ നവംബറിൽ ആവർത്തിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കു കൂട്ടുന്നത്.