ഫിലിപ്പീന്‍സ്: കൗതുകവസ്‌തുക്കള്‍ വില്‍ക്കുന്ന കടയില്‍ നിന്നും വാങ്ങിയ കന്യാമറിയത്തിന്റെ പ്രതിമ വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ കണ്ണീരൊഴുക്കുന്നു. ഫിലിപ്പീന്‍സില്‍ നിന്നുമാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സംഭവം വാര്‍ത്തയായി മാറിയതോടെ വിനോദസഞ്ചാരികളും വിശ്വാസി സമൂഹവും മൈക്കേല്‍ ജോര്‍ജ്ജ് എന്ന 52 കാരന്റെ വീട്ടിലേക്ക് പ്രവഹിക്കുകയാണെന്നും ദിവസേനെ 100 പേരെങ്കിലും വീടു സന്ദര്‍ശിക്കുകയും പ്രതിമയ്‌ക്ക് മുന്നില്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി ജോര്‍ജ്ജ് പറഞ്ഞു.
പ്രതിമ വാങ്ങി ജോര്‍ജ്ജിന് നല്‍കിയത് ഇദ്ദേഹത്തിന്റെ സഹോദരന്റെ ഭാര്യയാണ്. എന്നാല്‍ കടയില്‍ നിന്നും ഫിലിപ്പിന്റെ പെനാംഗിലെ ഫ്‌ളാറ്റില്‍ കൊണ്ടു വെച്ചതോടെ ആയിരുന്നു പ്രതിമ കണ്ണീര്‍ പൊഴിക്കാന്‍ തുടങ്ങിയതെന്നാണ് പ്രചരിക്കുന്ന കഥകള്‍. പ്രദേശത്തെ ഒരു പള്ളിവികാരിയുടെ അനുഗ്രഹം കിട്ടിയതിന് പിന്നാലെയാണ് ജോര്‍ജ്ജിന് ബന്ധുവായ സ്‌ത്രീ പ്രതിമ വാങ്ങി നല്‍കിയത്.
പ്രതിമ വീട്ടില്‍ കൊണ്ടു വെച്ചതിന് പിന്നാലെ കണ്ണീര്‍ പൊഴിക്കുന്നത് ആദ്യം കണ്ടത് ജോര്‍ജ്ജിന്റെ ഇളയമകനും 14 കാരനുമായ മെല്‍വിനായിരുന്നു. സ്വന്തം കണ്ണുകള്‍ കൊണ്ട് കാണുന്നത് വരെ താനും ഒന്നും വിശ്വസിച്ചില്ല. ആദ്യം കണ്ടതിന്റെ പിറ്റേ ദിവസവും കണ്ണീര്‍ പൊഴിഞ്ഞെന്നും ജോര്‍ജ്ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 33 സെന്റീമിറ്റര്‍ നീളം വരുന്ന പ്രതിമയുടെ ദൃശ്യങ്ങള്‍ വാട്‌സ്‌ആപ്പ് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞതോടെ ഇപ്പോള്‍ ജോര്‍ജ്‌ജിന്റെ വീട്ടില്‍ തിരക്കോട് തിരക്കാണ്.