അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: രാജ്യത്ത് സഖ്യസർക്കാരുണ്ടാക്കാൻ ഫൈനാ ഗായേലും ഫിന്നാ ഫെയിലും ചർച്ചകൾ സജീവമായി തുടരുന്നതിനിടെ മുതലെടുപ്പുമായി സ്വതന്ത്രരും രംഗത്ത്. എൻഡാകെനിയെയും, മൈക്കിൾ മാർട്ടിനെയും പ്രധാനമന്ത്രിയായി അംഗീകരിക്കില്ലന്ന പരസ്യ പ്രസ്താവനയുമായി സ്വതന്ത്രർ രംഗത്ത് എത്തിയത് ഫൈൻ ഗായലിനെയും ഫിന്നാ ഫെയിലിനെയും ഒരേ പോലെ സമ്മർദത്തിലാക്കി. സ്വതന്ത്രർ ഒറ്റ ഗ്രൂപ്പായി നിലകൊണ്ടാൽ ഭരണത്തെപ്പോലും ഇതു ബാധിച്ചേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
ഇതു കൊണ്ടു തന്നെ മാർച്ച് 10 ന് നടക്കുന്ന പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള വോട്ടെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട 23 പേരോളം വരുന്ന സ്വതന്ത്ര ടി ഡിമാരും,എഎപി,പിബിപി,ഗ്രീൻ പാർട്ടി,സോഷ്യൽ ഡമോക്രാറ്റസ് ടി ഡി മാരും നിഷ്പക്ഷത പാലിച്ചേക്കുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്. ഫിന്നാ ഫെയിലിന്റെ മൈക്കിൽ മാർട്ടിനെയൊ ഫൈൻ ഗായേലിന്റെ എൻഡാ കെന്നിയെയോ പിന്തുണയ്‌ക്കേണ്ടതില്ലെന്നാണ് സ്വതന്ത്രൻമാരുടെ തീരുമാനം എന്നറിയുന്നു.ഇരു നേതാക്കളും പലവട്ടം നേരിട്ടും ദൂതന്മാർ മുഖേനെയും സ്വതന്ത്രരുമായി ചർച്ചകൾ നടത്തിയെങ്കിലും ആരെയും ആദ്യഘട്ടത്തിൽ പിന്തുണയ്ക്കാമെന്ന് സ്വതന്ത്രുടെ ഗ്രൂപ്പുകൾ വാക്ക് കൊടുത്തില്ല.
കെന്നി സ്വതന്ത്രർക്ക് മാത്രമല്ല ചെറുപാർട്ടികൾക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അവരാരും കെന്നിയെ പിന്തുണയ്ക്കാമെന്നു പരസ്യമായി സമ്മതിക്കുന്നില്ല.ഇപ്പോൾ ഭരണത്തിലെ സഖ്യകക്ഷിയായ ലേബർ പാർട്ടിയാവട്ടെ 10 നുള്ള നേതൃ തിരഞ്ഞെടുപ്പിൽ ഫൈൻ ഗായേലിനു പിന്തുണ കൊടുത്താലും പിന്നീട് ഭരണം നേടിയാലും ഇല്ലെങ്കിലും പാർട്ടി നിഷ്പക്ഷത പാലിക്കണം എന്ന അഭിപ്രായക്കാരാണ്.ചുരുക്കത്തിൽ തിരഞ്ഞെടുപ്പ് കാലത്ത് ലേബറിന്റെ നയങ്ങളെ കടന്നാക്രമിച്ചു പാർട്ടിയ്ക്ക് പരാജയത്തിലേയ്ക്ക് വഴിയൊരുക്കിയ ഫൈൻ ഗായേലിനെ ഒരു പാഠം പഠിപ്പിക്കണം എന്ന പൊതുവികാരമാണ് ലേബർ പാർട്ടിയ്ക്കുള്ളത്.ലേബർ പിന്തുണ ലഭിച്ചാലും ഫൈൻ ഗായേലി്‌ന്റെ 50 പേരുടെ പിന്തുണ കൂടിയാവുമ്പോൾ 57 പേരുടെ പിന്തുണയെ എൻഡാ കെന്നിയ്ക്ക് ലഭിക്കുകയുള്ളൂ.
ഫിന്നാ ഫെയിലിന്റെ മൈക്കിൽ മാർട്ടിന് സ്വന്തം പാർട്ടിയുടെ 44 വോട്ടുകൾ മാത്രമാവും ലഭിക്കുക.
23 അംഗ ഷിൻ ഫെയിൻ പാർട്ടിയുടെ നേതാവ് ജെറി ആഡംസ് നേതൃസ്ഥാനത്തേയ്ക്ക് മത്സരിക്കണമോ എന്നത് ഇന്ന് രാത്രി ചേരുന്ന പാർട്ടി യോഗം തീരുമാനിക്കും.സ്വതന്ത്രരും ചെറു പാർട്ടികളും ഒന്നിച്ചു ചേർന്ന് ആകെയുള്ള 34 ടി ഡി മാരുടെ പിന്തുണ ജെറി ആഡംസിന് കൊടുക്കാൻ തീരുമാനിച്ചാൽ അവരാകും 57 അംഗങ്ങളോടെ ഏറ്റവും കൂടുതൽ വോട്ടു നേടുക.എന്നാൽ അത്തരമൊരു സാധ്യത തീരെ കുറവാണെന്നു പറയപ്പെടുന്നു.
ഐറിഷ് രാഷ്ട്രീയം കൂടുതൽ അനശ്ചിതാവസ്ഥയിലേക്ക് നീങ്ങുകയാണ്.അധികാരം നേടാനുള്ള വഴികൾ അന്വേഷിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും.പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള മത്സരം മാർച്ച് 10 ന് കഴിഞ്ഞാലും ആരും വ്യക്തമായ ഭൂരിപക്ഷം നേടാതെ വരികയും വിവാദങ്ങൾ തുടരുകയും ചെയ്യും എന്നാണ് ലഭ്യമായ സൂചനകൾ.