ഡബ്ലിന്‍: രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ കുട്ടികളില്‍ കടുത്ത ഉത്‌കണ്‌ഠയും ആശങ്കയും കണ്ടെത്തിയതായി പഠന റിപ്പോര്‍ട്ട്. സാമ്പത്തിക സ്ഥിതിയിലുള്ള അന്തരമാണ് കുട്ടികളിലെ ഇത്തരം അവസ്ഥയ്ക്കു കാരണമായതെന്നാണ് പഠന റിപ്പോര്‍ട്ടുകളില്‍ നിന്നു വ്യക്തമാകുന്നത്. കുട്ടികളുടെ സ്വഭാവത്തില്‍ പോലും ഇത്തരത്തിലുള്ള വൈകല്യങ്ങള്‍ കടന്നു കൂടിയിരിക്കുന്നതായും പഠന റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇഎസ്‌ആര്‍ഐ നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഒന്‍പതു മുതല്‍ 13 വരെ പ്രായത്തിലുള്ള കുട്ടികളുടെ മാനസിക ആഘാതങ്ങളാണ് സമിതി പഠന വിധേയമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നു ലഭിക്കുന്ന സൂചന. രാജ്യത്തെ 8000ത്തിലധികം കുട്ടികള്‍ ഇതേ പ്രായത്തില്‍ തന്നെ മികച്ച രീതിയില്‍ പെരുമാറുന്നവരും, സ്വയം സ്വപ്‌നങ്ങള്‍ കണ്ടു ചിന്തിക്കുന്നവരുമാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
ഗ്രാമീണ പ്രദേശങ്ങളില്‍ നിന്നെത്തുന്ന കുട്ടികള്‍ക്കു തങ്ങളുടെ സുഹൃത്തുക്കളെക്കാള്‍ ആക്‌സൈറ്റി ലെവല്‍ കൂടുതലാണെന്നും, ഇത് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ആശങ്കകള്‍ കുട്ടികളെ പോലും ബാധിച്ചതിന്റെ തെളിവാണെന്നു പഠനം നടത്തിയ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. ഇസിആര്‍ഐ നടത്തിയ പഠനത്തിനു വിധേയമായത് രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധികളുടെ കാരണങ്ങളാണ്. ഇത് കുട്ടികളെ എങ്ങിനെ ബാധിക്കുന്നു എന്നതായിരുന്നു ഇവരുടെ പഠനത്തിന്റെ പ്രധാന വശം. ഇതു കുട്ടികളുടെ സ്വഭാവത്തെ പോലും സ്വാധീനിക്കുന്നു എന്ന കണ്ടത്തലാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.