ഏതന്‍സ്: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഗ്രീസിനു ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നു ഇന്റര്‍നാഷണല്‍ മോണറ്ററി ഫണ്ട് വ്യക്തമാക്കി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ ശക്തവും വലുതുമായ സാമ്പത്തിക സഹായം തന്നെ ഗ്രീസിനു വേണ്ടിവരും. ഇത്തരത്തില്‍ ശക്തമായ നടപടികളില്ലാതെ രാജ്യത്തെ പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കില്ലെന്നും ഐഎംഎഫ് അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി താല്‌കാലികമായെങ്കിലും പരിഹരിച്ചു, സ്ഥിരത ഉറപ്പാക്കാന്‍ രാജ്യത്തിനു വേണ്ടത് അടിയന്തര സാമ്പത്തിക പരിഹാര നടപടി ക്രമങ്ങളാണ്. അല്ലാതെയുള്ള ഒരു പ്രവര്‍ത്തനവും സ്ഥിരതയുള്ള സാമ്പത്തിക വളര്‍ച്ചയും രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്കു നല്‍കില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളെപ്പറ്റി വ്യക്തമായ പഠനം നടത്തിയ ശേഷമാണ് ഐഎംഎഫ് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഗ്രീസിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും കടബാധ്യതകള്‍ പരിഹരിക്കുന്നതിനും നിശ്ചിത സമയം യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് ഇപ്പോള്‍ രാജ്യത്ത് നല്‍കിയിരിക്കുന്നത്. രാജ്യത്തെ പൊതുകടവും, കമ്മിയും ഡയറക്‌ട് ക്യാഷ് പേയ്‌മെന്റിലൂടെ തന്നെ പരിഹരിക്കണമെന്ന കര്‍ശന നിര്‍ദേശവും ഇതോടൊപ്പം നല്‍കിയതായും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കുന്നു.