ഒക്കഹോമ: രാജ്യത്തെ ജയില്‍ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റ് എന്ന പദവി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ സ്വന്തമാക്കി. മുന്‍പുണ്ടായിരുന്ന 43 പ്രസിഡന്റുമാരും ഇതുവരെ രാജ്യത്തെ ഫെഡറല്‍ ജയില്‍ സന്ദര്‍ശിച്ചിരുന്നില്ല. ബറാക് ഒബാമയാണ് രാജ്യത്ത് ആദ്യമായി ജയില്‍ സന്ദര്‍ശിക്കാന്‍ തയ്യാറായ പ്രസിഡന്റ്.
ഒക്കലഹോമ സിറ്റിയിലെ ഫെഡറല്‍ ജയിലിലാണ് ആദ്യമായി അമേരിക്കന്‍ പ്രസിഡന്റ് സന്ദര്‍ശനം നടത്തിയത്. കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുക, കുറ്റവാളികള്‍ക്കു പുനര്‍വിചിന്തനത്തിനു അവസരം ഒരുക്കുക, ജയില്‍ മോചിതരാക്കുന്നവര്‍ക്കു പുനരധിവാസം ഉറപ്പാക്കുക എന്നിവ അടക്കമുള്ള ദേശീയ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നുകയാണ് ഇപ്പോഴത്തെ സന്ദര്‍ശനത്തിനു പിന്നിലെന്നു ബറാക് ഒബാമ പറഞ്ഞു.
ചെറുപ്പക്കാരായ തടവുകാരെ ഒബാമ അഭിസംബോധന ചെയ്‌തു സംസാരിച്ചു. ഇവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനു കൂടുതല്‍ സമയം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നു ഓരോ സെല്ലുകളിലും സന്ദര്‍ശിച്ച അദ്ദേഹം തടവുകാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടു കാണുന്നതിനും, ഇവരോടു സംസാരിക്കുന്നതിനും സമയം കണ്ടെത്തി. ഒന്‍പത് അടി മുതല്‍ പത്ത് അടിവരെ നീളമുള്ള സെല്ലുകളില്‍ മൂന്നു മുതിര്‍ന്ന തടവുകാരെ വീതമാണ് പാര്‍പ്പിച്ചിരിക്കുന്നത്.
മയക്കുമരുന്നു കേസുകളില്‍ പിടിയായി അക്രമസ്വഭാവം കാണിക്കാത്ത 46 തടവുകാരെ വിട്ടയക്കാന്‍ വേണ്ട നടപടികള്‍ പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചു ചെയ്‌ത ശേഷമാണ് ഒബാമ ജയില്‍ സന്ദര്‍ശിക്കാന്‍ എത്തിയത് തന്നെ.