പേഗന്‍ പാരമ്പര്യങ്ങളില്‍ നിന്നും ഉത്ഭവിച്ച’ഈസ്റ്റര്‍ ബണ്ണി’കള്‍ :യേശുമരിച്ചവരില്‍ നിന്നും ഉയര്‍ത്തു !ആനന്ദത്തിന്റെ ഞായര്‍ ,ഉയിര്‍പ്പിന്‍റെ ചരിത്രവും വിശ്വാസങ്ങളും

ഡെയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ എല്ലാ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ !

Easter_-jesues_rise_-dih_newsക്രൂശിതനായ ക്രിസ്തു മരണത്തെ കീഴടക്കി ഉയര്‍ത്തതിന്‍റെ പ്രതീകമായി ക്രൈസ്തവ ലോകം പവിത്രമായ ഈസ്റ്റര്‍ ആണ്ടുതോറും ആഘോഷിച്ചു വരുന്നു.പൗരസ്‌ത്യ ക്രിസ്‌ത്യാനികള്‍ ഈസ്റ്റര്‍ ദിവസം പരസ്‌പരം ഉപചാര വാക്കുകള്‍ പറഞ്ഞിരുന്നില്ല അതിനു പകരമായി യേശുവിന്റെ ഉത്ഥാനത്തിന്റെ വിശ്വാസ പ്രഖ്യാപനമായിരുന്നു നടത്തിയിരുന്നത്‌. ക്രിസ്‌തു ഉയിര്‍ത്തെഴു ന്നേറ്റിരിക്കുന്നു എന്നൊരാള്‍ പറയുമ്പോള്‍ സത്യം സത്യമായി അവിടന്ന്‌ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്ന്‌ മറ്റേയാള്‍ മറുപടി പറഞ്ഞിരുന്നു. എങ്കിലും ഈസ്റ്റര്‍ പാരമ്പര്യങ്ങളോ അതിനോടനുബന്ധിച്ചുള്ള കഥകളോ ആഘോഷങ്ങളുടെ ചരിത്രമോ അധികമാരും ചിന്തിക്കാറില്ല. ക്രിസ്തു ക്രൂശിതനായശേഷം മരിച്ചു മൂന്നാംനാള്‍ ഉയര്‍ത്തുവെന്ന വിശ്വാസസത്യത്തിന്മേല്‍ ഈസ്റ്റര്‍ ഒരു പുണ്യദിനമായി ആചരിക്കുന്നു. ആഘോഷവേളകളില്‍ ഈസ്റ്റര്‍ ബണ്ണി കുട്ടികള്‍ക്ക് ആവേശം നല്‍കാറുണ്ട്. നിറമുള്ള അലംകൃതമായ ഈസ്റ്റര്‍ മുട്ടകള്‍, മിഠായികള്‍, കാന്‍ഡികള്‍ മുതലാവകള്‍ ആഘോഷമേളകള്‍ക്ക് ഊഷ്മളതയും പകരുന്നു.ഈസ്‌റ്റര്‍ മുട്ട ഉയിര്‍പ്പുദിനത്തിലെ കുട്ടികളുടെ ഒരു പ്രധാനവിനോദം കൂടിയായിരുന്നു. ഈജിപ്‌തിലും റോമിലും ഗ്രീസിലുമൊക്കെ പണ്ടുമുതല്‍ തന്നെ ഈസ്‌റ്റര്‍ മുട്ടകള്‍ അലങ്കരിക്കുന്ന പതിവുണ്ടാ യിരുന്നു. മുട്ടയ്ക്കു ആകര്‍ഷകമായ നിറങ്ങളും ചാര്‍ത്തിയിരുന്നു. ഉയിര്‍പ്പുരാത്രിയില്‍ മുട്ട വീടുകളോടു ചേര്‍ന്നുള്ള ചെടിത്തോട്ടങ്ങളില്‌ പലയിടത്തും കുഴിച്ചുവയ്ക്കുകയുംഉയിര്‍പ്പുനാള്‍ രാവിലെ പള്ളിയില്‍ പോയി വന്നശേഷം ഈ മുട്ടകള്‍ കണ്ടെടുക്കാന്‍ കുടുംബനാഥന്‍ കുട്ടികളോടു ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. ഇത്‌ കണ്ടെ ടുക്കുന്ന കുട്ടികള്‍ക്ക്‌ വിലപിടിപ്പുള്ള സമ്മാനങ്ങളും കൊടുത്തിരുന്നു. അടച്ചുമുദ്രവച്ച കല്ലറയില്‍ നിന്ന്‌ ക്രിസ്‌തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മയ്ക്കായി ഇന്നും പല രാജ്യങ്ങളിലും ഈസ്‌റ്റര്‍ മുട്ടകള്‍ വെഞ്ചരിച്ച്‌ ആളുകള്‍ക്ക്‌ കൊടുക്കാറുണ്ട്‌. മധ്യകാലഘട്ടില്‍ ദേവാല യത്തിലെ ചടങ്ങുകളിലും ഈസ്‌റ്റര്‍ മുട്ടകള്‍ക്ക്‌ സ്‌ഥാനമുണ്ടാ യിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

EASTER -HAPPY -DIH NEWSയൂറോപ്യന്‍ നാടുകളിലെ പേഗനീസ് മതങ്ങളിലുള്ള ദേവിയായ ഇയോസ്ട്രാ (Eostra )യുടെ ആഘോഷദിനം പിന്നീട് ഈസ്റ്ററായി അറിയപ്പെടാന്‍ തുടങ്ങി. ആ ദേവത വസന്തകാലത്തിന്‍റെയും പുഷ്ക്കലത്വത്തിന്‍റെയും സമ്പുഷ്ടതയുടെയും വിശ്വദേവിയായിരുന്നു. പുലരിയുടെയും ദേവിയായിരുന്നു. കിഴക്കുനിന്നുദിക്കുന്ന പ്രശോഭ സൂര്യനെപ്പോലെ സുന്ദരിയുമായിരുന്നു. ശൈത്യകാലത്തിനു വിരാമമിട്ടുകൊണ്ട് തെളിമയാര്‍ന്ന ദിനങ്ങളാക്കി പുതുജീവിതം നല്കുന്നതും ദേവിയായിരുന്നു. ദേവിയുടെ സാമിപ്യത്തില്‍ ചെടികള്‍ പുഷ്പ്പിച്ചിരുന്നു. മനുഷ്യ-ജീവജാലങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നതും ദേവിയുടെ അനുഗ്രഹമെന്ന് വിശ്വസിച്ചിരുന്നു. പെറ്റു പെരുകാറുള്ള മുയലുകള്‍ അവരുടെ ലാളിച്ചു താലോലിക്കുന്ന വളര്‍ത്തു മൃഗങ്ങളായി കരുതുന്നു. സ്ത്രീകളുടെ ഹോര്‍മോണായ എസ്ട്രോജന്‍ ഇയോസ്ട്രാ ദേവിയുടെ ശബ്ദോല്‍പ്പത്തിയില്‍ നിന്നും ലഭിച്ചതാണ് എന്നും പ്രചരണമുണ്ട്. പ്രസവിക്കാത്ത സ്ത്രീകള്‍ കുഞ്ഞുങ്ങളുണ്ടാകാന്‍ അനുഗ്രഹവും തേടിയിരുന്നു എന്നും പറയപ്പെടുന്നു.

ഈസ്റ്റര്‍ ബണ്ണിയെ ഈസ്റ്റര്‍ റാബിറ്റ്, ഈസ്റ്റര്‍ ഹെരെ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. ഇയോസ്ട്രാ (Eostra ) യുടെ പ്രിയപ്പെട്ട കൂട്ടുകാരനായ ഹെരെ എന്ന ദേവന്‍ ഈയോസ്ട്രാ ദേവിയുമൊത്ത് പ്രേമത്തിന്‍റെ സല്ലാപഗോപുരത്തില്‍ ഒന്നിച്ചു സഹവസിക്കുന്നതായും എഴുതപ്പെട്ടിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്ക്‌ ഈസ്റ്റര്‍ ബണ്ണിയും സമ്മാനങ്ങളും സമ്മാനിക്കുന്നത് ദേവിയുടെ ഇഷ്ടതോഴനായ ഹെരെദേവനാണെന്നും വിശ്വസിക്കുന്നു.

ഈസ്റ്ററുമായി അനുബന്ധിച്ചുള്ള പൗരാണിക ദേവിദേവതകളുടെ ചരിത്രം എങ്ങനെ, എവിടെനിന്നു വന്നുവെന്നും വസ്തുനിഷ്ഠമായി നാളിതുവരെ സ്ഥിതികരിച്ചിട്ടില്ല. ഈസ്റ്റര്‍ ബണ്ണിയിലെ പ്രതിരൂപങ്ങളായ മുയലുകള്‍ ഫലഭൂയിഷ്ടിയുടെയും ഹരിതക സസ്യവിളകളുടെ പുനര്‍ ജീവന്‍റെയും അടയാളമായി കരുതുന്നു. ഈസ്റ്റര്‍ ബണ്ണിയ്ക്ക് സമാനമായുള്ള ചിത്രങ്ങള്‍ മദ്ധ്യകാല ദേവാലയ ഭിത്തികളിലും കോത്തളങ്ങളിലുമുണ്ടായിരുന്നു. ക്രിസ്തുവിന്‍റെ ഉയര്‍പ്പു നാളുകളില്‍ പ്രത്യക്ഷപ്പെടുന്ന ഈസ്റ്റര്‍ ബണ്ണി പേഗന്‍ പാരമ്പര്യങ്ങളില്‍ നിന്നും ഉത്ഭവിച്ചതാണ്.

ഒരിക്കല്‍ ഹിമക്കട്ടകള്‍ നിറഞ്ഞ ശൈത്യത്തില്‍ നിന്നും വസന്തം വന്നെത്താന്‍ താമസിച്ചുപോയി. ഒരു പാവം പക്ഷിയുടെ ചിറകുകള്‍ ചലിക്കാന്‍ മേലാതെ മഞ്ഞുകട്ടയ്ക്കുള്ളില്‍ ഉറച്ചിരുന്നു. കരുണാമയിയായ ഇയോസ്ട്രാ ദേവി ഹിമത്തിലകപ്പെട്ടുപോയ പക്ഷിയെ രക്ഷിച്ചു. ചിറകുകള്‍ നഷ്ടപ്പെട്ടെങ്കിലും അന്നുമുതല്‍ ദേവി ആ പക്ഷിയെ ലാളിക്കുകയും പ്രേമത്തിന്‍റെ ലഹരിയില്‍ ഇഷ്ടകാമുകനാക്കുകയും ചെയ്തു. ഇയോസ്ട്രാ ദേവി അവനെ ഹെരെയെന്നു വിളിച്ചു. വേട്ടക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ അതിവേഗം ഓടാനുള്ള വരവും കൊടുത്തു. മുമ്പ് പക്ഷിയായിരുന്നതുകൊണ്ട് മഴവില്ലുപോലെയുള്ള, വര്‍ണ്ണ നിറങ്ങളോടെയുമുള്ള മുട്ടകളിടാനും ദേവി അനുഗ്രഹിച്ചു. ഓരോ വര്‍ഷവും ഈസ്റ്റര്‍ ദിനങ്ങളില്‍ മാത്രമേ മുട്ടകളിടാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. വര്‍ഷത്തിലൊരിക്കല്‍ മുട്ടകള്‍ കുഞ്ഞുങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ഹെരെ ദേവന്‍ ഭൂമിയില്‍ വന്നെത്താറുണ്ടെന്നുള്ള ഐതിഹ്യ കഥകളുമുണ്ട്.

ഈസ്റ്റര്‍ ആഘോഷങ്ങള്‍ യൂറോപ്പില്‍ പ്രൊട്ടസ്റ്റനറ് മതവിഭാഗക്കാരുടെയിടയില്‍ പതിനേഴാം നൂറ്റാണ്ടിലാണ് ആരംഭിച്ചത്. അമേരിക്കയില്‍ ഒരു നൂറ്റാണ്ടുകൂടി കഴിഞ്ഞ് ജര്‍മ്മന്‍കാര്‍ ഈസ്റ്റര്‍ ആഘോഷിക്കാന്‍ തുടങ്ങി. നിറം കലര്‍ത്തിയ ഈസ്റ്റര്‍ മുട്ടകള്‍ പുതു ജീവിതത്തിന്‍റെയും വസന്തകാല വിരുന്നിന്‍റെയും പ്രതീതാത്മകമായി നിലകൊള്ളുന്നു. യൂറോപ്പില്‍ പഴങ്കാലങ്ങളിലുള്ള ഈസ്റ്റര്‍ ദിനങ്ങളില്‍ മുട്ട, വെണ്ണ, മാംസം, പാല്‍ മുതലായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കാന്‍ പാടില്ലായെന്ന നിബന്ധനകളുണ്ടായിരുന്നു. നിറം കലര്‍ത്തിയ മുട്ടകള്‍ കൊണ്ട് പരിസരങ്ങള്‍ അലങ്കരിക്കുകയെന്നത് പേഗന്‍ കാലങ്ങള്‍ മുതലുള്ള പൗരാണിക സംസ്ക്കാരമാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ റക്ഷ്യയില്‍ ഈ പാരമ്പര്യം രാജകീയമാക്കിയിരുന്നു. രാജകീയ സദസ്സിലുള്ളവരും പ്രഭുക്കന്മാരും ഈസ്റ്റര്‍ ദിനങ്ങളില്‍ സമ്മാനങ്ങള്‍ കൈമാറുകയെന്നത് സാംസ്ക്കാരികമാക്കിയിരുന്നു. പീറ്റര്‍ കാള്‍ ഫാബര്‍ഗോ എന്ന കലാ വിദഗ്ദ്ധനെ റക്ഷ്യയുടെ അലക്സാണ്ടര്‍ മൂന്നാമന്‍ സാര്‍ ചക്രവര്‍ത്തി രാജസദസ്സിനു വേണ്ടി നിയമിക്കുകയും ചെയ്തു. രാജാവിന്‍റെയും പ്രഭുക്കന്മാരുടെയും കൊട്ടാരങ്ങള്‍ ഈസ്റ്റര്‍ കാലങ്ങളില്‍ വര്‍ണ്ണനിറങ്ങളാല്‍ അലങ്കരിക്കുന്നതിനുപുറമേ ചക്രവര്‍ത്തിനി സാറിനിയ്ക്ക് കൈകളിലും കഴുത്തിലും അണിയാന്‍ കലാനിപുണതയോടെയുള്ള ആഭരണങ്ങള്‍ പണിയുകയും ചെയ്തിരുന്നു.

അമേരിക്കക്കാര്‍ പൊതുവേ മധുരപലഹാരങ്ങള്‍ വിതരണം ചെയ്താണ് ഈസ്റ്റര്‍ ആഘോഷിച്ചിരുന്നത്. 90 മില്ല്യന്‍ ചോക്കളേറ്റുകളാണ് ഈസ്റ്റര്‍ കാലങ്ങളില്‍ അമേരിക്കയില്‍ വിറ്റഴിക്കുന്നത്. ഓരോ വര്‍ഷവും 60 ബില്ലിയന്‍ ജില്ലിബിയന്‍സും മാര്‍ക്കറ്റില്‍ വിറ്റഴിയുന്നു. പതിനേഴാം നൂറ്റാണ്ടിലാണ് ജില്ലിബിയന്‍സ് ആദ്യമായി മാര്‍ക്കറ്റില്‍ ഇറക്കിയത്. 1930 മുതല്‍ ഈസ്റ്റര്‍ ക്യാന്‍ഡിയും മാര്‍ക്കറ്റില്‍ സ്ഥാനം നേടി. ഹല്ലോവിയന്‍ കഴിഞ്ഞാല്‍ അമേരിക്കയില്‍ ഏറ്റവുമധികം ക്യാന്‍ഡി വില്‍ക്കുന്നത് ഈസ്റ്റര്‍ സമയങ്ങളിലാണ്. അമേരിക്കയിലെ 88 ശതമാനം മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്കായി ഈസ്റ്റര്‍ ബാസ്ക്കറ്റുകള്‍ തയ്യാറാക്കുന്നു. അങ്ങിനെ, അറിയാന്‍ പാടില്ലാത്ത പല കഥകളും ഈസ്റ്റര്‍ ആഘോഷങ്ങളുമായി അനുബന്ധിച്ചുണ്ട്. 1885-ല്‍ റക്ഷ്യയിലെ സാറീന മരിയാക്ക് അലക്സാണ്ടര്‍ ചക്രവര്‍ത്തി കലാവിരുതുള്ള ഈസ്റ്റര്‍ മുട്ട സമ്മാനിച്ചതു മുതല്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റുവാനും തുടങ്ങി.

easter-1ജനന മരണങ്ങള്‍ക്കൊപ്പം ഉയര്‍പ്പെന്നുള്ളത് മനുഷ്യന്‍റെ ഉപബോധ മനസ്സില്‍ തലമുറകളായി അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ്. ദൈവങ്ങളുടെ ഉയര്‍പ്പും അതിന്‍റെ പ്രതിഫലനങ്ങളാണ്. ചരിത്രാതീത കാലംമുതല്‍ ദൈവങ്ങളുടെ ഉയര്‍പ്പുകള്‍ മനുഷ്യജീവിതത്തിന്‍റെ ബോധ മണ്ഡലങ്ങളിലുണ്ടായിരുന്നു. മരണവും ഉയര്‍പ്പും മനുഷ്യമനസ്സുകളെ കീഴടക്കാന്‍ കാരണങ്ങളേറെയുണ്ട്. സസ്യങ്ങള്‍ വസന്തകാലത്തില്‍ മുളക്കുന്നു. ശിശിരകാലങ്ങളില്‍ തഴച്ചു വളരുന്നു. വേനല്‍ വരുമ്പോഴും മഞ്ഞു വീഴുമ്പോഴും തളിര്‍ത്ത ചെടികള്‍ നശിക്കുന്നു. വീണ്ടും കാലചക്രം തിരിയുമ്പോള്‍ ചെടികള്‍ മുളയ്ക്കുന്നു. ചെടികള്‍ മുളയ്ക്കുകയും വളരുകയും നശിക്കുകയും വീണ്ടും മുളയ്ക്കുകയും ചെയ്യുന്നത് ദൈവങ്ങളുടെ ഉയര്‍പ്പിനു സമാനമായി പ്രാചീന മനുഷ്യര്‍ കരുതിയിരുന്നു. ഉദിച്ചുയരുന്ന സൂര്യനും അസ്തമയവും, വീണ്ടും ഉദിക്കലും കാലാവസ്ഥ വ്യതിയാനവും രാത്രിയും പകലും രാത്രിയാകാശത്തിലെ കോളിളക്കങ്ങളും ശാന്തതയും മനുഷ്യന്‍റെ ഉണര്‍വും ഉറക്കവും ചിന്തകളുടെ മാറ്റവും മരിച്ചുയര്‍ത്തെഴുന്നേല്ക്കുന്ന ദൈവജ്ഞാനങ്ങളായി പ്രാചീന ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു.

easter-egg-hunt_ധാന്യവിളകളുടെ കൊയ്ത്തു കാലങ്ങള്‍ പുരാതന ജനതയില്‍ പ്രത്യേക തരമായ ആനന്ദാനുഭൂതികള്‍ ജനിപ്പിക്കുമായിരുന്നു. അന്നുള്ളവര്‍, ആ മുഹൂര്‍ത്തങ്ങളെ ഈശ്വരനുഗ്രഹമായി കരുതിയിരുന്നു. തണുപ്പുകാലങ്ങളില്‍ പഴയ ചെടികള്‍ നശിക്കുകയും വസന്തത്തില്‍ പുതിയവ മുളച്ചു വരുകയും ചെയ്യുന്ന പ്രകൃതിയുടെ ലീലാവിലാസങ്ങളില്‍ വിസ്മയഭരിതരാകുമായിരുന്നു. അന്നുള്ള ജനങ്ങളുടെ പരിമിതമായ അറിവുകള്‍ കൃഷിയിലും, മണ്ണ് ഉഴുതുന്നതിലും നടീലിലും വിത്തുകള്‍ ഭൂമിയില്‍ പാകുന്നതിലുമായിരുന്നു. കൃഷിയിറക്കാന്‍ അനുയോജ്യമായ കാലാവസ്ഥയും ഗ്രഹിച്ചിരുന്നു. പേഗന്‍ മതവിശ്വാസികളും അവരുടെ ആത്മീയാനുഭൂതിയില്‍ ദൈവത്തിന്‍റെ മക്കളെന്നു വിശ്വസിച്ചിരുന്നു. വിത്തുകള്‍ ഭൂമിയില്‍ കുഴിച്ചിട്ടു മുളയ്ക്കുന്നപോലെ ദൈവവും ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസം അവരുടെയിടയില്‍ പ്രബലമായിരുന്നു.
വേനല്‍, ശിശിരം, വസന്തം, മഞ്ഞു ചതുര്‍കാലങ്ങള്‍ ജനന-മരണ പുനര്‍ ജന്മങ്ങളുടെ പ്രതീകങ്ങളായി കരുതിയിരുന്നു. സൂര്യപ്രഭ അവസാനിക്കുമ്പോള്‍ കൃഷികളും നശിക്കുന്നു. പ്രാചീനജനതകളില്‍ ധാന്യവിളകളുടെ വളര്‍ച്ചയും നശിക്കലും വീണ്ടും പൊട്ടി മുളയ്ക്കലും സൂര്യന്‍റെ ഉയര്‍ത്തെഴുന്നേല്‍ക്കലും ഉയര്‍പ്പെന്നമരണാനാന്തര ജീവിതത്തില്‍ വിശ്വസിക്കാന്‍ പ്രേരകമായി. വര്‍ഷത്തിലൊരിയ്ക്കല്‍ സൂര്യന്‍ ഉദിക്കുകയും മരിക്കുകയും ചെയ്തിരുന്നുവെന്ന് പ്രാചീനര്‍ വിശ്വസിച്ചിരുന്നു. അതുപോലെ സൂര്യാസ്തമയവും സൂര്യോദയവും ദൈവത്തിന്‍റെ മരണവും ഉയര്‍പ്പുമായി കരുതിയിരുന്നു. മനുഷ്യന്‍റെ ഉപബോധമനസ്സിലുണ്ടായ അത്തരം മാനസികചലനങ്ങളെ സത്യങ്ങളായും വിശ്വസിച്ചിരുന്നു. ആകാശചലനങ്ങളും കാര്‍മേഘങ്ങളും ഇടിയും മിന്നലും മഴക്കാറും മാറി, വീണ്ടും പ്രശാന്തസുന്ദരമായ ആകാശമാകുന്നതും നിരീക്ഷിച്ചിരുന്നു. കപ്പല്‍ യാത്രക്കാരും ആട്ടിടയന്മാരും സന്യസ്ത മുനികളും ഭയാനകമായ ആകാശഗംഗയുടെ നീക്കങ്ങള്‍ ഇമവെട്ടാതെ വീക്ഷിച്ചുകൊണ്ടിരുന്നു. ജനങ്ങള്‍ സമൂഹമായി ഒത്തൊരുമിച്ചുകൂടി ആശയങ്ങള്‍ കൈമാറിയിരുന്നു. വാനനിരീക്ഷണവും തിളങ്ങുന്ന നക്ഷത്രങ്ങളും വിലയിരുത്തിയിരുന്നു. ഓരോ രാത്രിയാമങ്ങളിലും ശോഭയാര്‍ന്ന നക്ഷത്രങ്ങള്‍ മരിക്കുകയും രാത്രിയുടെ തുടക്കത്തില്‍ വീണ്ടും ജനിക്കുകയും ചെയ്യുന്നുവെന്നു വിലയിരുത്തി. പ്രകൃതി ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത്, ദൈവങ്ങളുടെ മരണവും ഉയര്‍പ്പുമായി അനുമാനിച്ചിരുന്നു. അങ്ങനെ സൂര്യചന്ദ്രാദി നക്ഷത്രങ്ങളും രാത്രിയും പകലും പ്രകൃതിയുമെല്ലാം ദൈവങ്ങളുടെ ഉയര്‍പ്പും മരണവുമായി സാമ്യപ്പെടുത്തിക്കൊണ്ടുള്ള ചിന്തകളായിരുന്നു അന്നുള്ളവര്‍ക്കുണ്ടായിരുന്നത്.

easter-egg-huntപ്രാചീന കൃതികളില്‍ ഉറക്കത്തെ മരണമായി കരുതിയിരുന്നു. ഉറക്കത്തില്‍ ബോധം നശിക്കുകയും ഉണരുമ്പോള്‍ ബോധം വീണ്ടും വന്നു ചേരുകയും ചെയ്യുന്നു. രാവിലെ ഉണരുന്ന സമയങ്ങളില്‍ നാം കൂടുതല്‍ ഉന്മേഷഭരിതരാകാറുണ്ട്. ഓരോരുത്തര്‍ക്കും ലഭിക്കുന്ന പ്രായോഗിക പരിജ്ഞാനം ഉണര്‍വോടെ കൈമാറാന്‍ സാധിക്കുന്നതും ആരോഗ്യപരമായ ഉറക്കത്തിനു ശേഷമായിരിക്കും. ഉണരുകയും ഉറങ്ങുകയും വീണ്ടും ഉണരുകയും ചെയ്യുന്ന പ്രക്രീയകള്‍ മരണത്തിന്‍റെയും ഉയര്‍പ്പിന്‍റെയും പ്രതീകങ്ങളായി മനുഷ്യന്‍റെ മാനസിക തലങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു.

ചരിത്രാതീത കാലത്ത് പ്രകൃതിയെ ആശ്രയിച്ചു ജീവിച്ചിരുന്ന മനുഷ്യര്‍ ഭാഗ്യദേവതയുടെ കടാക്ഷത്തിനായി പ്രാര്‍ത്ഥിച്ചിരുന്നു. വരള്‍ച്ച കാലങ്ങളും യുദ്ധത്തിലുള്ള തോല്‍വികളും സമൂഹത്തിന്‍റെ മുഴുവനായ മരണമായി കരുതിയിരുന്നു. സമൂഹം ജനങ്ങളുടെ ജീവിതത്തിന്‍റെ പ്രധാന ഘടകവുമായിരുന്നു. ഒരു സമൂഹത്തിന്‍റെ സഹകരണമില്ലാതെ വ്യക്തിക്ക് ശാരീരികമായും മാനസികമായും നിലനില്പ്പ് അസാധ്യവുമായിരുന്നു. പ്രശ്നസങ്കീര്‍ണ്ണങ്ങളായ ദിവസങ്ങള്‍ ഓരോ വ്യക്തിയിലും വന്നും പോയുമിരുന്നിരുന്നു. മനസ്സുകള്‍ അസ്വസ്ഥമാകുന്ന ദിനങ്ങളില്‍ ലോകം മുഴുവനും ശോക പ്രവണതകളായി അവന് അനുഭവപ്പെടുമായിരുന്നു. ദുഃഖത്തില്‍ നിന്നും ആനന്ദത്തെ പ്രാപിക്കുമ്പോള്‍ ലോകം സ്വര്‍ഗ ഭൂമിയായും കരുതി സമാധാനിച്ചിരുന്നു. മനുഷ്യനുണ്ടാകുന്ന ശോക പരമാനന്ദ മാറ്റങ്ങളും മാനസിക വ്യതിയാനങ്ങളും അവനിലെ പുതിയ ഉണര്‍വും ഉയര്‍പ്പുമായി കരുതിയിരുന്നു.

easter 2 2015(1)ചരിത്രാതീത കാലം മുതലേ ഉയര്‍പ്പെന്നുള്ള ഒരു മായാരൂപം മനുഷ്യ വര്‍ഗങ്ങളുടെ മനസ്സുകളെ വേട്ടയാടിയിരുന്നു. കാട്ടു ജാതിക്കാരുടെയിടയിലും മലവേടരിലും പൗരാണിക കഥ പറയുന്നവരിലും ഇത്തരം കഥകള്‍ പ്രചരിച്ചിരുന്നു. ഗ്രാമീണ ട്രൈബല്‍ മൂപ്പന്മാര്‍ അതാതു ദേശങ്ങളില്‍ മരിച്ചുയര്‍ത്ത ദൈവതുല്യരായ മൂപ്പന്‍മാരെ പറ്റിയുള്ള ഡോക്കുമെന്റുകളും പരീക്ഷണവിധേയമായി തയ്യാറാക്കിയിരുന്നു. ഒരുവന്‍ മരിച്ചുകഴിഞ്ഞ് അനേക വര്‍ഷങ്ങള്‍ക്കു ശേഷം അവരുടെ ഉയര്‍ത്തെഴുന്നേറ്റ കഥകള്‍ ഇതിഹാസമാക്കുകയും ചെയ്തിരുന്നു. ജനിയ്ക്കുകയും ഉയര്‍ക്കുകയും ചെയ്യുന്ന ഇത്തരം കെട്ടു കഥകള്‍ ഒരു പ്രത്യേക പ്രദേശത്തുനിന്നും ഗ്രാമ പട്ടണങ്ങളിലേക്കും വ്യാപിച്ചിരുന്നു. മരിച്ചവരില്‍നിന്നുയര്‍ത്ത യേശുവിന്‍റെ കഥകള്‍ പോലെ തന്നെ അനേക പേഗന്‍ ദൈവങ്ങളുടെ കഥകളുമുണ്ട്.

യേശുവിന്‍റെ ഉയര്‍പ്പും പേഗന്‍ ദൈവങ്ങളുടെ ഉയര്‍പ്പും വ്യത്യസ്ഥ രീതികളിലായിട്ടാണ് അറിയപ്പെടുന്നത്. പേഗന്‍ ദൈവങ്ങള്‍ യേശുവിനെപ്പോലെ ചരിത്രത്തിലുള്ളവരല്ല. ഒരിക്കല്‍ ഒരിടത്ത് സംഭവിച്ചുവെന്നേ പുരാണ പേഗനീസ് ദേവന്മാരെ വാഴ്ത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ യേശുവിന്‍റെ ഉയര്‍പ്പ് പ്രത്യേക ഒരു കാലഘട്ടത്തിലും ചരിത്രത്തിന്‍റെ അതിര്‍വരമ്പിലുമായിരുന്നു. രണ്ടാമത്, പേഗന്‍ ദൈവങ്ങളുടെ കഥ തെളിവുകളില്ലാത്ത കെട്ടുകഥകളായി കരുതുന്നു. യേശുവിന്‍റെ കഥ ഒരത്ഭുതമായി ശിക്ഷ്യഗണങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. യേശുവിനെ കെട്ടുകഥകളെക്കാളുപരി അമാനുഷനായ ഒരു ദിവ്യനായി, സാമൂഹിക വിപ്ലവകാരിയായി, ദരിദ്രരുടെ കണ്ണീരൊപ്പുന്നവനായി, രോഗികള്ക്കും ദുഖിതര്‍ക്കും ആശ്വാസമായി കരുതുന്നു. എത്രയെത്ര അന്വേഷിച്ചാലും യേശുവിനെപ്പറ്റിയുള്ള ഗവേഷണം തീരില്ല.
ഒരു കാര്യം ചിന്തിക്കണം, യേശുവിന്‍റെ ഉയര്‍പ്പ് കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി മാറ്റമില്ലാതെ ജനഹൃദയങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. അവിടുത്തെ സന്ദേശങ്ങള്‍ ശക്തമായിത്തന്നെ മാനവഹൃദയങ്ങളില്‍ നിലനില്ക്കുന്നു. അതിന്‍റെ മാറ്റൊലി മനുഷ്യജാതികളില്‍ അത്യുജ്ജലമായിരുന്നു. ആട്ടീസ്, അഡോണി, ഒസിറീസ് എന്നീ പേഗന്‍ ദൈവങ്ങളെ അധികമാര്‍ക്കും അറിഞ്ഞുകൂടാ. അവരുടെ കെട്ടുകഥകള്‍ നിലനില്‍ക്കുന്നുമില്ല. കെട്ടുകഥകള്‍ക്കുപരി ആട്ടീസ് എന്ന ദേവന്‍ ജീവിച്ചിരുന്നുവെന്ന് ചരിത്രത്തില്‍ ചികയാനും സാധിക്കില്ല. പേഗന്‍ കെട്ടുകഥകള്‍ എക്കാലവും അവ്യക്തമായിരുന്നു. സന്മാര്‍ഗ്ഗ നിലവാരം പുലര്‍ത്തുന്ന കഥകളായിരുന്നില്ല. വിജ്ഞാനപ്രദമോ ചിന്തനീയമായ കഥകളോ താത്ത്വികമോ ആയിരുന്നില്ല. യേശുവിന്‍റെ ഉയര്‍പ്പെന്നുള്ള കഥ കുടിലുതൊട്ട് കൊട്ടാരം വരെ ചരിത്രതാളുകളില്‍ മാറ്റമില്ലാതെ തിളങ്ങി നില്ക്കുന്നു. ലോകമുള്ളടത്തോളം യേശുവെന്ന പ്രതിഭയ്ക്ക് മങ്ങലേല്‍ക്കില്ല.

യേശുവിന്‍റെ ഉയര്‍പ്പെന്ന സന്ദേശം ശ്രവിക്കുന്നവന്‍ പരിശുദ്ധാത്മാവിന്‍റെ ചൈതന്യത്തിലും വിശ്വസിക്കുന്നു. യേശുവിന്‍റെ പുനരുദ്ധാരണം തങ്ങളുടെ ഹൃദയങ്ങളെ സ്പര്‍ശിച്ചുവെന്നു സ്വയം പറയും. കെട്ടുകഥകള്‍ മാത്രം വിശ്വസിച്ച പഴങ്കാല ദൈവങ്ങളില്‍ നിന്നും വ്യത്യസ്തനായി യേശുവെന്ന ദേവന്‍ പുതിയ ഉണര്‍വും ഉന്മേഷവും നല്കും. അര്‍ത്ഥമില്ലാത്ത പ്രാചീന ദൈവങ്ങളെ മനസ്സില്‍നിന്നും നീക്കി സത്യവും അഹിംസയും സംസാരിക്കുന്ന യേശുവില്‍ ജനം ആശ്വാസം കണ്ടെത്താനും ശ്രമിക്കുന്നു. എനിയ്ക്കു ക്രിസ്തുവിനെ മതി, ക്രിസ്ത്യാനികളെ വേണ്ടായെന്ന് ഗാന്ധിജി പറഞ്ഞു. യേശുവിന്‍റെ സന്ദേശങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുമെങ്കിലും ഉയര്‍പ്പെന്ന കഥ അവിശ്വാസികള്‍ക്കും അക്രൈസ്തവര്‍ക്കും ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കും. യേശുവിനെ ഉയര്‍പ്പിച്ച അതേ ദൈവം തന്നെയാണ് ഭാവനകള്‍ നിറഞ്ഞ പേഗന്‍ ദൈവങ്ങളെ ജനിപ്പിക്കുകയും ഉയര്‍പ്പിക്കുകയും ചെയ്തത്. അതേ ദൈവം തന്നെയാണ് പ്രപഞ്ച സൃഷ്ടാവും. യേശുവിന്‍റെ ഉയര്‍പ്പെന്ന ഭാവനയും സൃഷ്ടാവുമായി ബന്ധിപ്പിച്ചാലേ യേശുവില്‍ ദൈവദര്‍ശനം ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളൂ.

എന്തുകൊണ്ട് സൃഷ്ടാവായ ദൈവം പ്രകൃതിയേയും മനുഷ്യ- ജീവജാലങ്ങളേയും ജനന മരണങ്ങളോടെ സൃഷ്ടിച്ചുവെന്നു ചോദ്യമുയര്‍ന്നേക്കാം. അതിനുത്തരം, ദൈവം ഈ പ്രപഞ്ചം ശൂന്യതയില്‍നിന്നു സൃഷ്ടിച്ചുവെന്നാകാം. ജീവിതം പോലെ മരണവും സൃഷ്ടി കര്‍മ്മങ്ങള്‍ക്കൊപ്പമാകാം. നിത്യതയിലെ സൃഷ്ടികര്‍ത്താവ് നിത്യതയിലെ യേശുവിനെയും ഉയര്‍പ്പിച്ചു. അതേ നിത്യതയിലുള്ള യേശു വീണ്ടും വരുമെന്ന വിശ്വാസവും പുലര്‍ത്തുന്നു. ആദിയും അന്തവുമായവന്‍ വര്‍ത്തമാന കാലത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. അങ്ങനെ ഈസ്റ്റര്‍ മുട്ടകളും, ഈസ്റ്റര്‍ ബണ്ണിയും, ഉദയസൂര്യനും വസന്തകാലാഘോഷങ്ങളും പുനര്‍ജീവിതത്തിന്‍റെ അര്‍ത്ഥസൂചക പഠനങ്ങളാണ്. ക്രിസ്ത്യന്‍ വിശ്വാസവും പേഗനീസവും ഒത്തൊരുമിച്ച ഒരു സംസ്ക്കാര പാരമ്പര്യം ഈസ്റ്ററിന്‍റെ പുരാവൃത്തത്തില്‍ നിഴലിച്ചിരിക്കുന്നതും കാണാം.

easter strip(1)ഡെയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ എല്ലാ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ !

Top