സിഡ്നി: മലയാളിയായ അര്‍ജുന്‍ നായര്‍ ലോക ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍. ഓസ്ട്രേലിയന്‍ സീനിയര്‍ ടീമിന്റെ ആഷസ് പര്യടനത്തിനൊപ്പം ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഓസ്ട്രേലിയന്‍ അണ്ടര്‍19 ടീമിലാണ് തൃപ്പൂണിത്തുറ സ്വദേശിയായ ജയാനന്ദ് നായരുടെയും ശാലിനി നായരുടെയും മകനായ അര്‍ജുന്‍ ഇടംപിടിച്ചത്. ദേശീയ ചാംപ്യന്‍ഷിപ്പില്‍ ന്യൂ സൗത്ത് വെയില്‍സിനുവേണ്ടിയുള്ള മികച്ച പ്രകടനമാണ് ഓഫ്‌സ്പിന്നറും മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാനുമായ അര്‍ജുന് ഓസീസ് ടീമിലേക്കു വാതില്‍ തുറന്നത്.
അണ്ടര്‍17, അണ്ടര്‍19 വിഭാഗങ്ങളില്‍ ചാംപ്യന്‍മാരായ ടീമിനുവേണ്ടി മികച്ച പ്രകടനമായിരുന്നു ഓള്‍റൗണ്ടറായ അര്‍ജുന്റേത്. അണ്ടര്‍17 ചാംപ്യന്‍ഷിപ്പില്‍ 20.85 ശരാശരിയില്‍ 13 വിക്കറ്റുകളും അണ്ടര്‍19 ചാംപ്യന്‍ഷിപ്പില്‍ 12.17 ശരാശരിയില്‍ 12 വിക്കറ്റുകളും അര്‍ജുന്‍ വീഴ്ത്തിയിരുന്നു. 2013-2014 സീണ്‍ മുതല്‍ ഹോക്കസ്ബറി ക്രിക്കറ്റ് ക്ലബ്ബിന്റെ താരമായ അര്‍ജുന്‍ ഗ്രീന്‍ഷീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ടീമിനെ രണ്ടു ദശകങ്ങള്‍ക്കിടയിലെ ഏറ്റവും മികച്ച നേട്ടത്തിലേക്കും നയിച്ചിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ടീമിനായി മൂന്ന് സെഞ്ചുറികള്‍ നേടിയ അര്‍ജ്ജുന്റെ പ്രകടനമാണ് ന്യൂസൗത്ത്‌വെയില്‍സ് ടീമില്‍ ഇടം നല്‍കിയത്.
അര്‍ജുന്റെ കളിയോടുള്ള സമീപനവും കഠിനാധ്വാനവും അഭിനന്ദാര്‍ഹമാണെന്നും ഭാവിയില്‍ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്യാപ് അണിയാനുള്ള സാധ്യത അര്‍ജുനില്‍ കാണുന്നുണ്ടെന്നും ടീം പരിശീലകനായ മുന്‍ ഓസീസ് താരം ഫില്‍ ജാക്വസ് പറഞ്ഞു. ആറാം വയസ്സില്‍ അണ്ടര്‍10 ക്ലബ് മല്‍സരങ്ങളിലൂടെ പ്രഫഷനല്‍ ക്രിക്കറ്റിലേക്കെത്തിയ അര്‍ജ്ജുന്‍ 15ാം വയസ്സില്‍ സിഡ്‌നി ഫസ്റ്റ് ഗ്രേഡില്‍ അരങ്ങേറി. ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരങ്ങളിലൊരാളായിരുന്നു.
സച്ചിന്റെയും പോണ്ടിംഗിന്റെയുമെല്ലാം കടുത്ത ആരാധകനാണെങ്കിലും ഗില്‍ക്രിസ്റ്റിനെപ്പോലെ കാണികളെ ത്രസിപ്പിക്കുന്ന ക്രിക്കറ്റ് കളിക്കാനാണ് തന്റെ ആഗ്രഹമെന്ന് അര്‍ജ്ജുന്‍ പറയുന്നു. പഞ്ചാബ് വംശജനായ ഗുരീന്ദര്‍ സന്ധുവും അണ്ടര്‍ 19 ടീമില്‍ തിളങ്ങിയശേഷമാണ് ഓസ്ട്രേലിയന്‍ ദേശീയ ടീമിലെത്തിയത് എന്നത് അര്‍ജുന് പ്രതീക്ഷ നല്‍കുന്നു. സിഡ്‌നിയില്‍ ഐബിആര്‍ കോണ്‍ഫറന്‍സ് എന്ന സ്ഥാപനത്തിലെ പ്രോജക്ട് ഡയറക്ടറും കൊച്ചി സ്വദേശിയുമായ ജയാനന്ദ് നായരാണ് അര്‍ജ്ജുന്റെ പിതാവ്. അമ്മ ശാലിനി നായര്‍. രണ്ടു പതിറ്റാണ്ടായി ഇവര്‍ ഓസ്‌ട്രേലിയയിലാണു താമസം. ഓസ്ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയിലാണ് അര്‍ജുന്‍ ജനിച്ചത്. ഹോക്കി കളിക്കാരന്‍ കൂടിയായ അര്‍ജ്ജുന്റെ പിതാവ് ജയാനന്ദ് നായര്‍ ജൂനിയര്‍ തലത്തില്‍ കേരളത്തിനായി കളിച്ചിട്ടുണ്ട്.