ബ്രസൽസ്: സ്ട്രാസ്ബർഗിലെ കൂറ്റൻ യൂറോപ്യൻ യൂണിയൻ പാർലമെന്റ് മന്ദിരത്തിൽ അഭയാർഥികളെ താമസിപ്പിക്കണമെന്ന നിർദേശം ശക്തമാകുന്നു. ഗ്രീൻ പാർട്ടി നേതാവ് ഫിലിപ്പെ ലാംബെർട്സ് മുന്നോട്ടുവച്ച ആശയത്തിന് വളരെ വേഗത്തിലാണ് സ്വീകാര്യത ലഭിച്ചിരിക്കുന്നത്.
അഭയാർഥികളെ സ്വീകരിക്കാൻ മടിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ ഒരു മാതൃക എന്ന നിലയിലും, വാക്കും പ്രവൃത്തിയും ഒന്നാണെന്നു തെളിയിക്കുന്നതിനും ഈ നടപടി ഉപകരിക്കുമെന്നാണ് വിലയിരുത്തൽ. വർഷത്തിൽ 50 ദിവസം മാത്രമാണ് പാർലമെന്റ് സമ്മേളിക്കുന്നത്. ബാക്കി ദിവസം അഭയാർഥികൾക്ക് എന്തുകൊണ്ട് ഇത് വിട്ടുകൊടുത്തു കൂടാ എന്നാണ് ലാംബെർട്ടിന്റെ ചോദ്യം. പാർലമെന്റിൽ തന്നെയാണ് അദ്ദേഹം ഈ ചോദ്യം ഉന്നയിച്ചതും.
ഇതിനിടെ, അഭയാർഥികളെ ക്വോട്ട സമ്പ്രദായത്തിൽ അംഗ രാജ്യങ്ങൾ വീതിച്ചെടുക്കുന്നതിനുള്ള പദ്ധതിയുടെ വിശദാംശങ്ങൾ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ക്ലോദ് ജുങ്കർ പ്രഖ്യാപിച്ചു. ജർമനിയും സ്വീഡനും തമ്മിൽ നടത്തിയ ചർച്ചകളിൽനിന്ന് ഉരുത്തിരിഞ്ഞ പല നിർദേശങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 1,60,000 അഭയാർഥികളെ സ്വീകരിക്കാനുള്ള പദ്ധതിയാണ് ഇപ്പോൾ തയാറാക്കിയിരിക്കുന്നത്.
യൂറോപ്പിലെ ജനസംഖ്യയുടെ 0.11 ശതമാനം മാത്രമാണ് അഭയാർഥികളെന്നും, ലെബനൻ പോലുള്ള രാജ്യങ്ങളിൽ ഇത് 25 ശതമാനം വരെയാണെന്നും ജുങ്കർ ചൂണ്ടിക്കാട്ടി. മതത്തിന്റെ മാത്രം അടിസ്ഥാനത്തിൽ അഭയാർഥികളെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്വുന്ന ചില രാജ്യങ്ങളുടെ രീതി അംഗീകരിക്കില്ലെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം നിറഞ്ഞ കൈയടികളോടെയാണ് സ്വീകരിക്കപ്പെട്ടത്.