സ്വന്തം ലേഖകൻ
മസ്‌കത്ത്: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ മലയാളി യുവാവിന് 1.40 കോടി രൂപയുടെ നഷ്ടപരിഹാരം. കോഴിക്കോട് നാദാപുരം കല്ലാച്ചി കുറ്റിക്കാട്ടിൽ വീട്ടിൽ കുഞ്ഞഹമ്മദിന്റെ മകൻ നൗഷിക്കിനാണ് (29) നഷ്ടപരിഹാരം ലഭിച്ചത്. രണ്ടരവർഷം നീണ്ട നിയമയുദ്ധത്തിന് ഒടുവിൽ സുപ്രീംകോടതിയാണ് വൻതുകയുടെ നഷ്ടപരിഹാരം വിധിച്ചത്. 2013 ഡിസംബറിൽ അൽഖൂദ് സുൽത്താൻ ഖാബൂസ് സർവകലാശാലക്ക് സമീപമാണ് അപകടം നടന്നത്. അൽ ഫിൻജാൻ റസ്റ്റാറൻറിലെ ജോലിക്കാരനായിരുന്ന നൗഷിക്ക് സഞ്ചരിച്ച ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ നൗഷിക്കിനെ ആദ്യം സുൽത്താൻ ഖാബൂസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഒരു മാസം ഇവിടെ ചികിത്സയിൽ കഴിഞ്ഞശേഷമാണ് നാട്ടിലേക്ക് കൊണ്ടുപോയത്. നാട്ടിൽ പല ആശുപത്രികളിലും കൊണ്ടുപോയെങ്കിലും ക്രമേണ പഴയ അവസ്ഥയിലേക്ക് തിരിച്ചത്തെുമെന്നായിരുന്നു വിദഗ്ധാഭിപ്രായം. ഇതേതുടർന്ന് വീട്ടിൽതന്നെയായിരുന്നു. നൗഷിക്കിന് നിലവിൽ ഭിത്തിയിൽ പിടിച്ച് കുറച്ചുദുരം നടക്കാൻ മാത്രമേ സാധിക്കൂ. ഓർമശക്തി ചെറുതായി തിരിച്ചുകിട്ടിയിട്ടുമുണ്ടെന്ന് തൊഴിലുടമയായ അഷ്‌റഫ് പറഞ്ഞു. അബ്ദുല്ല ഹമൂദ് അൽ ഖാസ്മി ലീഗൽ ഫേം സ്ഥാപനത്തിലെ നജീബ് മുസ്തഫയാണ് കേസ് വാദിച്ചത്. ഭാര്യയും രണ്ടു കുട്ടികളും മാതാപിതാക്കളും സഹോദരങ്ങളുമുള്ള ഒരു കുടുംബത്തിന്റെ ഏകാശ്രയമാണെന്നും തുടർജീവിതത്തിൽ പരസഹായം വേണമെന്നുമായിരുന്നു വാദം. പ്രൈമറി കോടതി 56,000 റിയാലാണ് നഷ്ടപരിഹാരം വിധിച്ചത്. അപ്പീൽ കോടതി ഇത് 29,000 ആക്കി കുറച്ചതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. നഷ്ടപരിഹാര ത്തുക ഏറ്റുവാങ്ങാൻ നൗഷിക്കിനെ മസ്‌കത്തിൽ എത്തിച്ചിരുന്നു. തൊഴിലുടമ അബ്ദുല്ലക്കുപുറമെ സോഷ്യൽഫോറം പ്രവർത്തകരായ അബ്ദുല്ല, മഹ്മൂദ് എന്നിവരും കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് വേണ്ട സഹായം നൽകി.