2020 യു.എ.ഇ ചിറകുവിരിക്കുന്നു

ബിജു കരുനാഗപ്പള്ളി

അബൂദബി: 2020ലെ ദുബൈ എക്സ്പോക്കുള്ള യു.എ.ഇയുടെ പവലിയന്‍െറ രൂപരേഖക്ക് നാഷനല്‍ മീഡിയാ കൗണ്‍സില്‍ അംഗീകാരം നല്‍കി. ആര്‍ക്കിടെക്റ്റ് സാന്‍റിയാഗോ കലത്രാവയുടെ രൂപരേഖയാണ് യു.എ.ഇ പവലിയനായി തെരഞ്ഞെടുത്തതെന്ന് നാഷനല്‍ മീഡിയ കൗണ്‍സില്‍ വ്യക്തമാക്കി. ദേശീയ പക്ഷിയായ പ്രാപ്പിടിയന്‍െറ മാതൃകയിലാണ് പവലിയന്‍ ഒരുങ്ങുക. നാഷനല്‍ മീഡിയ കൗണ്‍സില്‍, എക്സ്പോ 2020 ദുബൈ സംഘം, മസ്ദര്‍, ഇമാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെട്ട ജൂറിയാണ് രൂപരേഖ അംഗീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ദുബൈ എക്സ്പോയുടെ ശ്രദ്ധേയ സാന്നിധ്യമായിരിക്കും യു.എ.ഇ പവലിയനെന്ന് അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രിയും എക്സ്പോ 2020 ഡയറക്ടര്‍ ജനറലുമായ റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാശിമി പറഞ്ഞു.  യു.എ.ഇ പവലിയന് രൂപരേഖ തെരഞ്ഞെടുക്കപ്പെട്ടതിലൂടെ താന്‍ ഏറെ ബഹുമാനിതനായിരിക്കുന്നുവെന്ന് സാന്‍റിയാഗോ പറഞ്ഞു. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉള്‍ക്കൊള്ളുന്ന എക്സ്പോയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതും യു.എ.ഇയുടെ ആദര്‍ശവും കരുത്തും പ്രതിഫലിപ്പിക്കുന്നതും ആയിരിക്കും അന്തിമ രൂപരേഖയെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പറക്കുന്ന ഫാല്‍ക്കണിന്‍െറ രീതിയിലുള്ള യു.എ.ഇ പവലിയന്‍ 200 ഹെക്ടറുള്ള പ്രദര്‍ശന കേന്ദ്രത്തിന്‍െറ മധ്യത്തിലായി അല്‍ വാസ്ല്‍ പ്ളാസക്ക് എതിര്‍ വശത്തായാണ് സ്ഥിതി ചെയ്യുക.  15000 ചതുരശ്ര മീറ്ററിലുള്ള എക്സ്പോ പവലിയനില്‍ ഓഡിറ്റോറിയം, വി.ഐ.പി ലോഞ്ചുകള്‍, ഭക്ഷണ- പാനീയ കേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം ഉണ്ടാകും.
ഏഴ് മാസമായി നടത്തിയ രൂപരേഖ മത്സരത്തിന് ശേഷമാണ് സ്പാനിഷുകാരനായ സാന്‍റിയാഗോയുടെ ഡിസൈന്‍ തെരഞ്ഞെടുത്തത്. ലോകത്തെ പ്രമുഖ ഒമ്പത് വാസ്തുശില്പ സ്ഥാപനങ്ങള്‍ 11 ആശയങ്ങളാണ് സമര്‍പ്പിച്ചിരുന്നത്. ചിറക് വിടര്‍ത്തിയ പ്രാപ്പിടിയന്‍ പക്ഷിയുടെ മാതൃകയിലുള്ള പവലിയന്‍ രൂപരേഖ രാജ്യത്തെ കുറിച്ച് ലോകത്തോട് പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് സഹമന്ത്രിയും നാഷനല്‍ മീഡിയ കൗണ്‍സില്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഡോ. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് സുല്‍ത്താന്‍ അല്‍ ജാബിര്‍ പറഞ്ഞു. യു.എ.ഇ രാഷ്ട്ര പിതാവായ ശൈഖ് സായിദ് ഫാല്‍ക്കണ്‍റി പര്യവേക്ഷണയാത്രകളിലൂടെ ഗോത്രങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും സ്പഷ്ടമായ ദേശീയ സ്വത്വം സൃഷ്ടിച്ചെടുക്കുകയും ചെയ്തു. ഇതിലൂടെ യു.എ.ഇയുടെ സ്ഥാപനത്തിനും സാധിച്ചു. ഫാല്‍ക്കണ്‍ മാതൃകയിലൂടെ യു.എ.ഇ ലോക സമൂഹവുമായി എങ്ങനെയൊക്കെ ബന്ധപ്പെട്ടിരിക്കുന്നെന്നും അവരുമായുള്ള സഹകരണവും വ്യക്തമാക്കാന്‍ സാധിക്കും.
Top