സ്വന്തം ലേഖകൻ
കുവൈറ്റ് : കുവൈറ്റിൽ മൂന്നു വർഷം തുടർച്ചയായിഒരു കമ്പനിയിൽ ജോലി ചെയ്യുന്ന വിദേശിക്ക് സ്‌പോൺസറുടെ അനുമതിയില്ലാതെ മറ്റൊരു കമ്പനിയിലേക്ക് മാറ്റം അനുവദിക്കുമെന്ന് മാൻപവർ അതോറിട്ടി ഡയറക്ടർ അഹമ്മദ് അൽ മൂസ പത്രക്കുറിപ്പിൽ അറിയിച്ചു. എന്നാൽ മൂന്നു മാസം നിർബന്ധമായും നോട്ടീസ് പീരിഡ് നൽകിയിരിക്കണം.
കുവൈറ്റിൽ വിദേശികൾക്ക് മൂന്നു വർഷത്തേക്ക് തുടർച്ചയായി ഇഖാമ അനുവദിക്കുമെന്ന് അദ്ദേഹത്തിന്റെ ഉത്തരവിൽ പറയുന്നു. മൂന്നു വർഷത്തെ കാലാവധിക്കു ശേഷം വീണ്ടും പുതുക്കാവുന്നതാണ്. ഇതുപോലെ ഇഖാമ കാലാവധി തീരുന്നതിനു മൂന്നു മാസം മുൻപെ ഇഖാമ പുതുക്കാനുള്ള അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കുവൈറ്റിൽ ആശ്രിത വിസയിൽ ഒരു വർഷം താമസം പൂർത്തിയായവർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നിബന്ധനകളുടെ അടിസ്ഥാനത്തിൽ സ്വകാര്യ കമ്പനികളുടെ വിസയിലേക്ക് (ഷൂൺ വിസ) മാറ്റം അനുവദിക്കുന്നതാണ്.
കുവൈറ്റിൽ റിക്രൂട്ട് ചെയ്ത് വരുന്ന തൊഴിലാളികൾക്ക് ഒരു വർഷം പൂർത്തിയാക്കിയാൽ സ്‌പോൺസറുടെ അനുമതിയുണ്ടെങ്കിൽ മറ്റൊരു കമ്പനിയിലേക്ക് മാറ്റം അനുവദിക്കാമെന്ന് അദ്ദേഹത്തിന്റെ ഉത്തരവിൽ പറയുന്നു.