രാജ്യത്തെ മൂന്നാം നിര കോളജുകള്‍ സാമ്പത്തിക പ്രതിസന്ധിയില്‍: സ്റ്റേറ്റ് ഫണ്ട് പിടിച്ചു നിര്‍ത്താനും വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കാനും പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു

ഡബ്ലിന്‍: രാജ്യത്തെ അഞ്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാമ്പത്തികമായി കടുത്ത പ്രതിസന്ധിയെ നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുകയും, സര്‍ക്കാര്‍ സ്‌റ്റേറ്റ് ഫണ്ട് വെട്ടിക്കുറയ്ക്കുകയും ചെയ്തതോടെയാണ് ഇപ്പോള്‍ അഞ്ചു പ്രധാന മൂന്നാനിര കോളജുകള്‍ പ്രതിസന്ധി നേരിടുന്നത്. ഡണ്‍ഡാള്‍ക്ക് ഐടി, വാട്ടര്‍ഫോര്‍ട്ട് ഐടി, ലെറ്റര്‍കെനി ഐടി, ഗാല്‍വേ മയോ ഐടി എന്നിവയാണ് ടെക്‌നോളജി വിഭാഗത്തില്‍ നിന്നു സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മൂന്നാം നിര വിദ്യഭ്യാസ സ്ഥാപനങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡബ്ലിനിലെ നാഷണല്‍ കോളജ് ഓഫ് ആട്‌സ് ആന്‍ഡ് ഡിസൈനാണ് ആട്‌സ് വിഭാഗത്തില്‍ നിന്നു പ്രതിസന്ധി നേരിടുന്ന മറ്റൊരു പ്രധാന വിദ്യാഭ്യാസ സ്ഥാപനം.
എന്നാല്‍ ഈ കോളജുകള്‍ ഒന്നും തന്നെ തകര്‍ച്ചയുടെ വക്കിലോ, അടച്ചു പൂട്ടലിന്റെ സാഹചര്യമോ ഇല്ലെന്നു ഹയര്‍ എഡ്യുക്കേഷന്‍ അതോറിറ്റി അധികൃതര്‍ വിലയിരുത്തുന്നു. ചെറിയ സാമ്പത്തിക പ്രതിസന്ധി മാത്രമാണ് ഈ കോളജുകള്‍ക്കുള്ളത്. കൃത്യമായ രീതിയില്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിച്ചാല്‍ കോളജുകള്‍ക്കു കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ ജോലികള്‍ ചെയ്യാന്‍ സാധിക്കും. കോളജുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം ഇവരുടെ വിദ്യാര്‍ഥികളുടെ എണ്ണത്തിനു ആനുപാദികമായ രീതിയില്‍ സാമ്പത്തിക സഹായം ഉറപ്പാക്കുമെന്നു ഹയര്‍ എഡ്യുക്കേഷന്‍ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍, 2008 നു ശേഷം ഈ കോളജുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഈ കോളജുകള്‍ക്കു നല്‍കുന്ന സാമ്പത്തിക സഹായം അധികൃതര്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഫണ്ടിങ്ങിന്റെ നിലവാരം ഉയര്‍ത്തുകയും അതിനു വേണ്ട സഹായം അനുവദിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് ഹയര്‍ എഡ്യുക്കേഷന്‍ അധികൃതര്‍ക്കു കത്തുകളുടെ പ്രവാഹമാണ്.
രാജ്യത്ത് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു സര്‍വകലാശാലകള്‍ക്കുള്ള ഗ്രാന്റ് സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ഇതാണ് മൂന്നാം നിര സര്‍വകലാശാലകളെ ഏറെ പ്രതിസന്ധിയിലാക്കിയത്. വിദ്യാഭ്യാസ മേഖലയിലെ പ്രകടനത്തിന്റെ കാര്യത്തില്‍ ഏറെ പിന്നില്‍ നിന്ന ചില കോളജുകള്‍ക്കു സാമ്പത്തികമായുള്ള വിലക്കുകളും പ്രതിസന്ധി സൃഷ്ടിക്കുകന്നതായിരുന്നു. ഇതെല്ലാം ചേര്‍ന്നാണ് മൂന്നാം നിര കോളജുകളെ സാമ്പത്തികമായി തകര്‍ത്തതെന്നാണ് ഹയര്‍ എഡ്യേക്കേഷന്‍ അധികൃതരുടെ കണ്ടെത്തല്‍.

Top