അയര്‍ലണ്ടില്‍ പുതുതായി നിര്‍മ്മിക്കപ്പെടുന്ന താമസ സ്ഥലങ്ങളുടെ എണ്ണം കുറഞ്ഞു . 2024-ന്റെ രണ്ടാം പാദത്തില്‍ (ഏപ്രില്‍, മെയ്, ജൂണ്‍) കെട്ടിടങ്ങളുടെ നിർമാണത്തിൽ ഇടിവ് വന്നു. ഇതോടെ സര്‍ക്കാര്‍ ഈ വര്‍ഷം ലക്ഷ്യമിട്ടിരുന്നത്ര കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായേക്കില്ല എന്ന് ആശങ്കയുയരുകയാണ്. ഈ വര്‍ഷം 33,450 കെട്ടിടങ്ങള്‍ താമസത്തിനായി നിര്‍മ്മിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
കെട്ടിടങ്ങളില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ കാര്യത്തിലാണ് പ്രധാനമായും നിര്‍മ്മാണം കുറഞ്ഞിരിക്കുന്നത്. 2024-ന്റെ രണ്ടാം പാദത്തില്‍ വെറും 3,949 അപ്പാര്‍ട്ട്‌മെന്റുകളാണ് പണി പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ തവണ ഇതേ കാലയളവിലെക്കാള്‍ 15% ആണ് കുറവ്. വീടുകളുടെ നിര്‍മ്മാണത്തില്‍ 3 ശതമാനവും കുറവ് സംഭവിച്ചു. കഴിഞ്ഞ വര്‍ഷം 33,000-നടുത്ത് കെട്ടിടങ്ങള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചിരുന്നു.
സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (CSO) കണക്കുകള്‍ പ്രകാരം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 6,884 കെട്ടിടങ്ങളുടെ പണിയാണ് പൂര്‍ത്തിയായത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങളെക്കാള്‍ 5.4% കുറവാണിത്. ഈ വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളില്‍ 12,730 കെട്ടിടങ്ങളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. മുന്‍ വര്‍ഷം ഇതേ കാലയളവിലെക്കാള്‍ 8.6 ശതമാനവും കുറവാണിത്.