എട്ടുലക്ഷം മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി; മൂന്നുപേര്‍ അറസ്റ്റില്‍

ബിജു കരുനാഗപ്പള്ളി

അജ്മാന്‍, അല്‍ഐന്‍, ദുബൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ മയക്കുമരുന്ന് വേട്ട. യു.എ.ഇയിലും ജി.സി.സി രാജ്യങ്ങളിലും മയക്കുമരുന്ന് ഗുളികകള്‍ വിതരണം ചെയ്യുന്നതിനുള്ള ശ്രമം ആഭ്യന്തര മന്ത്രാലയത്തിലെ ആന്റി നാര്‍ക്കോട്ടിക്‌സ് ഫെഡറല്‍ ഡയറക്ടറേറ്റ് ജനറലിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമത്തിലൂടെ തകര്‍ത്തു. 7,94,892 മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നംഗ സംഘവും അറസ്റ്റിലായി.
രണ്ട് ജി.സി.സി പൗരന്‍മാരും ഒരു അറബ് വംശജനുമാണ് അറസ്റ്റിലായത്. ദുബൈ, അജ്മാന്‍, അബൂദബി എന്നിവിടങ്ങളിലെ പൊലീസും മയക്കുമരുന്ന്വിരുദ്ധ വിഭാഗവും സഹകരിച്ചാണ് ഓപറേഷന്‍ നടത്തിയത്. ‘ഒത്തൊരുമയുടെ ചൈതന്യം’ എന്ന പേരിട്ട ഓപറേഷനിലൂടെ മുഴുവന്‍ പ്രതികളെയും പിടികൂടുകയും മയക്കുമരുന്ന് ഗുളികകള്‍ കണ്ടെടുക്കുകയുമായിരുന്നു. ജി.സി.സി രാജ്യങ്ങളിലെ പൗരന്‍മാര്‍ അല്‍ഐനില്‍ നിന്നും അറബ് പൗരന്‍ അജ്മാനില്‍ നിന്നുമാണ് പിടിയിലായത്. അജ്മാനില്‍ നിന്ന് അറസ്റ്റിലായ ആളുടെ സംശയകരമായ പ്രവൃത്തികള്‍ ദുബൈയില്‍ നിന്നാണ് നിരീക്ഷിച്ചത്. ജി.സി.സി പൗരന്‍മാരില്‍ നിന്ന് 537 ബാഗുകളില്‍ വീതം വെച്ചിരുന്ന മയക്കുമരുന്ന് ഗുളികകളാണ് പിടിച്ചെടുത്തത്. അജ്മാനില്‍ നിന്ന് അറസ്റ്റ് ചെയ്ത അറബ് പൗരന്റെ വാഹനത്തിന്റെ രഹസ്യ അറയില്‍ 160 കവറുകളിലാണ് മയക്കുമരുന്ന് ഗുളികകള്‍ സൂക്ഷിച്ചിരുന്നത്.
അല്‍ഐനില്‍ നിന്ന് ജി.സി.സി പൗരന്‍മാരിലൊരാളെ പിടികൂടാന്‍ ഇയാള്‍ താമസിച്ചിരുന്ന വില്ല പൊലീസ് റെയ്ഡ് ചെയ്തു. വില്ലയില്‍ നിന്ന് രക്ഷപ്പെട്ട ഇയാള്‍ അയല്‍വാസിയുടെ വീടിന്റെ മുകളിലെ വെള്ള ടാങ്കില്‍ ഒളിച്ചു. ഇവിടെ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. രണ്ടാമത്തെ ജി.സി.സി പൗരന്‍ അല്‍ഐനിലെ താമസ സ്ഥലത്ത് നിന്നും അറബ് പൗരന്‍ അജ്മാനിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമാണ് അറസ്റ്റിലായത്.
മൂവരെയും ചോദ്യം ചെയ്തപ്പോള്‍ മയക്കുമരുന്ന് റാക്കറ്റിന്റെ തലവനായ ജി.സി.സി പൗരനെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഈ വിവരം അയല്‍ രാജ്യത്തിന് കൈമാറുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു.
രാജ്യത്ത് വന്‍ മയക്കുമരുന്ന് കടത്ത് നടക്കുന്നത് സംബന്ധിച്ച രഹസ്യ വിവരം ആന്റി നാര്‍ക്കോട്ടിക്‌സ് ഫെഡറല്‍ ഡയറക്ടറേറ്റ് ജനറലിന് ലഭിച്ചതോടെയാണ് റാക്കറ്റിലേക്ക് അന്വേഷണം നീണ്ടത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് വിദഗ്ധരടങ്ങിയ പ്രത്യേക സംഘം രൂപവത്കരിക്കുകയും മയക്കുമരുന്ന് കടത്തുകാരുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയുമായിരുന്നുവെന്ന് അബൂദബി പൊലീസ് കുറ്റാന്വേഷണ വിഭാഗം മേധാവി കേണല്‍ ഡോ. റാശിദ് മുഹമ്മദ് ബുര്‍ശീദ് പറഞ്ഞു.
മൂന്ന് എമിറേറ്റുകളിലായി നടന്ന റാക്കറ്റിന്റെ പ്രവര്‍ത്തനം കണ്ടത്തൊനും മുഴുവന്‍ പ്രതികളെയും പിടികൂടാനും സാധിച്ചത് വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളുടെ സഹായത്തോടെയാണെന്ന് ആന്റി നാര്‍ക്കോട്ടിക്‌സ് ഫെഡറല്‍ ഡയറക്ടറേറ്റ് ജനറല്‍ കേണല്‍ സഈദ് അബ്ദുല്ല അല്‍ സുവൈദി പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ദുബൈയിലെ അല്‍ഖൂസിലാണ് മയക്കുമരുന്ന് കൈമാറാന്‍ തീരുമാനിച്ചതെന്ന് വ്യക്തമായി. ഇന്ധന ടാങ്കറില്‍ ഒളിപ്പിച്ച് രാജ്യത്തിന്റെ പുറത്തേക്കും കടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top