ഡെറി: വടക്കന്‍ അയര്‍ലണ്ടില്‍ സ്വതന്ത്ര ഗര്‍ഭഛിദ്ര ആശയങ്ങളെ ചെറുക്കാന്‍ കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ ഒരുമിച്ച് നിലക്കണമെന്ന് ആഹ്വാനം. അയര്‍ലണ്ടില്‍ ആന്റി അബോര്‍ഷന്‍ ക്യാംപെയ്‌നറും ഹ്യൂമന്‍ ലൈഫ് ഇന്റര്‍നാഷണല്‍ എക്സ്‌ക്യൂട്ടീവ് ഡയറക്ടറുമായ പാട്രിക് മെക് ക്രിസ്റ്റലിന്റെതാണ് ആഹ്വാനം. ഡെറിയില്‍ വെച്ച് നടന്ന കത്തോലിക്കാ സമൂഹം സംഘടിപ്പിച്ച പരിപാടിയിലാണ് മെക് ക്രിസ്റ്റല്‍ ഇത്തരമൊരു അഭിപ്രായം ഉന്നയിച്ചത്. റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടില്‍ ഗര്‍ഭച്ഛിദ്ര ഹിതപരിശോധന നടന്നതിനെത്തുടര്‍ന്നുണ്ടായ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് വടക്കന്‍ അയര്‍ലണ്ടിലും ഇതേ ഹിത പരിശോധന ആവശ്യപ്പെട്ട് വിവിധ സ്വതന്ത്ര സംഘടനകള്‍ രംഗത്ത് വന്നിരുന്നു.
തെക്കന്‍ അയര്‍ലണ്ടിലെ സിന്‍ ഫിന്‍ പോലുള്ള രാഷ്ട്രീയ നേതൃത്വം വടക്കന്‍ ഭാഗങ്ങളിലെ സ്വതന്ത്ര സംഘടനകള്‍ക്ക് പിന്തുണ നല്‍കിയിരുന്നു. യുണൈറ്റഡ് അയര്‍ലന്‍ഡ് എന്ന ലക്ഷ്യമാണ് സിന്‍ഫിന്റെ ആവശ്യമെങ്കിലും അതിന് വേണ്ടി ഗര്‍ഭച്ഛിദ്ര വിഷയം പോലുള്ള തുറുപ്പ് ചീട്ടുകളി ഉപയോഗിക്കരുതെന്ന് അബോര്‍ഷന് എതിരെയുള്ള സംഘടനകള്‍ തുറന്നടിക്കുകയും ചെയ്തിരുന്നു. വടക്കന്‍ അയര്‍ലണ്ടില്‍ ഗര്‍ഭച്ഛിദ്രത്തെ ശക്തമായി എതിര്‍ക്കുന്ന ഐക്യ സംഘടനകളും രംഗത്ത് വന്നുതുടങ്ങി. ഇതിന് കരുത്ത് പകരാന്‍ കത്തോലിക്കാ പ്രൊട്ടസ്റ്റന്റ് കൂട്ടുകെട്ട് ശക്തമാക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പ് ആണ് മെക് ക്രിസ്റ്റല്‍ നല്‍കുന്നത്. ഉത്തര അയര്‍ലണ്ടില്‍ ഗര്‍ഭച്ഛിദ്ര സ്വാതന്ത്ര്യം അനുവദിക്കപ്പെടാന്‍ ആവശ്യപ്പെട്ട് ബ്രിട്ടീഷ് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ ഇത്തരം കാര്യത്തില്‍ അന്തിമ നിലപാട് എടുക്കേണ്ടത് ഭരണകൂടമാണെന്ന വിലയിരുത്തലാണ് കോടതി നടത്തിയത്.
തെക്കന്‍ അയര്‍ലണ്ടിനെ അപേക്ഷിച്ച് തീര്‍ത്തും വിപരീതമായ മറ്റൊരു സാഹചര്യമാണ് നിലവില്‍ വടക്ക് കാണാന്‍ കഴിയുക. ഇവിടെ ആര്‍ലീന്‍ ഫോസ്റ്റര്‍ സര്‍ക്കാരും അവരുടെ ഡി.യു.പി പാര്‍ട്ടിയും ഗര്‍ഭച്ഛിദ്രത്തെ എതിര്‍ക്കുന്നവരാണ്. തെക്കന്‍ അയര്‍ലണ്ടില്‍ സ്വതന്ത്ര ഗര്‍ഭചിദ്രം അനുവദിക്കപ്പെടുന്നതിന് പിന്നില്‍ അന്താരാഷ്ട്ര തലത്തില്‍ ഗൂഢാലോചനകള്‍ നടന്നിരുന്നു എന്നാണ് പാട്രിക് മെക് നല്‍കുന്ന മുന്നറിയിപ്പ്. ഗര്‍ഭച്ഛിദ്രത്തെ ബിസിനസ്സ് ആക്കി മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ ആ നേട്ടം റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടില്‍ നേടിയെടുത്തു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ അപകടം മനസ്സിലാക്കി കമ്യുണിറ്റികള്‍ ഒരുമിച്ച് നിന്ന് ഇത്തരം നിയമങ്ങളെ ചെറുത്തു തോല്‍പ്പിക്കുകയാണ് വേണ്ടതെന്നും പാട്രിക് ശക്തമായി ആവശ്യപ്പെട്ടു.