
പി.പി ചെറിയാൻ
വാഷിങ്ടൺ: ടെക്‌സസ് സംസ്ഥാനം അംഗീകരിച്ച കർശന ഗർഭഛിദ്ര നിരോധന നിയമങ്ങൾ സ്ത്രീകൾക്കു ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളുടെ ലംഘനമാണെന്നു യുഎസ് സുപ്രീം കോടതി വിധിച്ചു.
ടെക്‌സസ് സംസ്ഥാനത്തുണ്ടായിരുന്ന നാൽപതോളം അബോർഷൻ ക്ലിനിക്കുകളിൽ മുപ്പതെണ്ണം അടച്ചു പൂട്ടിയതിനെതിരെ ഉടമകൾ സമർപ്പിച്ച കേസിലാണ് സുപ്രീം കോടതി എട്ടംഗ പാനലിലെ ഭൂരിപക്ഷം അംഗങ്ങളും വിധിയെഴുതിയത്. ജൂൺ 29 തിങ്കളാഴ്ച ഉണ്ടായ സുപ്രീം കോടതി വിധി ടെക്‌സസ് സംസ്ഥാനത്തിനു മാത്രമല്ല, ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ മറ്റു സംസ്ഥാനങ്ങൾക്കു കൂടി ബാധകമാകുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
2013 ജൂലൈമാസം ഗവർണർ റിക് പെറിയാണ് റിബപ്ലിക്കൻ ഭൂരിപക്ഷ ലജിസ്‌ളേച്ചർ അംഗീകരിച്ചു പാസാക്കിയ നിയമത്തിൽ ഒപ്പിട്ടത്.
ടെക്‌സസിലെ 900000 ഗർഭസ്ഥ സ്ത്രീകൾക്കു അബോർഡഷൻ ക്ലിനിക്കുളിൽ എത്തിച്ചേരണമെങ്കിൽ 300 മൈലോളം ഡ്രൈവ് ചെയ്യേണ്ടിരുരുന്നത് അവരിൽ അമിത ഭാരം അടിച്ചേൽപ്പിക്കുന്നതിനു തുല്യമാണ്. ഇതു അംഗീകരിക്കാനാവില്ല ഭൂരിപക്ഷ ജഡ്ജിമാരുടെ തീരുമാനം പ്രഖ്യാപിച്ച ജസ്റ്റിസ് സ്റ്റീഫൻ ജി.ബ്രയർ പറഞ്ഞു. അമേരിക്ക ഗർഭഛിദ്രം നിയമവിധേയമാക്കിക്കൊണ്ടു സുപ്രീം കോടതി വിധി പ്രഖ്യാപിച്ചതിനു ശേഷം ഈ കേസിൽ അദ്യമായാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ ഉണ്ടായിരിക്കുന്നത്.
വിധി പ്രഖ്യാപിച്ചതോടെ സുപ്രീം കോടതിയ്ക്കു പുറത്ത് അബോർഷൻ അനുകൂലികൾ അഹ്ലാദ പ്രകടനം നടത്തി. സ്ത്രീകൾക്കു ലഭിച്ചിരുന്ന സംരക്ഷണം സുപ്രീം കോടതി വിധിയോടെ ഇല്ലാതായെന്നു ഗർഭഛിദ്രത്തെ എതിർക്കുന്നവർ അഭിപ്രായപ്പെട്ടു.