അബുദാബി: വിനോദസഞ്ചാരികളെ ഹുദൈരിയാത്ത് ദ്വീപിലേക്ക് ആകര്‍ഷിക്കാനുളള പദ്ധതികളുമായി ദുബൈ സര്‍ക്കാര്‍. തലസ്ഥാന നഗരിയിലെ ഇക്കോ ടൂറിസം മേഖലയായ ദ്വീപ് സമുദ്ര ഗവേഷകരെയും വിദേശ ടൂറിസ്റ്റുകളെയും ഒരു പോലെ ആകര്‍ഷിക്കുന്ന ഒരു വിനോദ സഞ്ചാര മേഖലയാണ്. അതിനാല്‍ തന്നെ രാജ്യത്തെ ടൂറിസം മേഖലയെ വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശ ടൂറിസ്റ്റുകളെയും ഗവേഷകരെയും ദ്വീപിലേക്ക് ആകര്‍ഷിക്കാനുള്ള ഒരുക്കത്തിലാണ് ദുബൈ സര്‍ക്കാര്‍ എന്ന് അബുദാബി മുനിസിപ്പാലിറ്റി അര്‍ബന്‍ പ്ലാനിങ് കൗണ്‍സില്‍ ഡയറക്ടര്‍ ഫല അല്‍ അഹ്ബാബി പറഞ്ഞു.
ദ്വീപിലേക്ക് എത്താന്‍ അബുദാബി ബുത്തീന്‍ ബീച്ചിനു സമീപത്തു നിന്ന് പാലമുണ്ട്. പാലത്തിനു മുകളിലൂടെ യാത്രചെയ്താല്‍ നഗരക്കാഴ്ചകളും ആസ്വദിക്കാം. പാലത്തിനരികില്‍ വാരാന്ത്യങ്ങളില്‍ ചൂണ്ടക്കാരുടെ തിരക്ക് പതിവു കാഴ്ചയാണ്. 800 മീറ്റര്‍ നീളമുള്ള ബീച്ച് ആണിത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് ഏഴുവരെയാണു പൊതു ജനങ്ങള്‍ക്കു പ്രവേശനം. അഞ്ചുകിലോമീറ്ററും 10 കിലോമീറ്ററും നീളമുള്ള രണ്ടു സൈക്കിള്‍ ട്രാക്കുകള്‍ അബുദാബി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സജ്ജമാക്കിയിട്ടുണ്ട്.
അബുദാബിയിലെ പ്രധാന ബീച്ചുകളായ കോര്‍ണിഷ്, അല്‍ ബത്തീന്‍, സാദിയാത്ത്, അല്‍ മറിയ എന്നീ ബീച്ചുകള്‍ക്കു സമാനമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളുമുള്ള ഈ ഉല്ലാസകേന്ദ്രത്തിലേക്കു നഗരത്തില്‍നിന്നു വാഹനത്തില്‍ എത്താനാകും. സൈക്കിള്‍ സ്‌പോര്‍ട്‌സ്, നീന്തല്‍ എന്നിവയ്ക്കു പരിശീലനം നല്‍കുന്നുണ്ട്. അഞ്ച് ഫുട്‌ബോള്‍ കോര്‍ട്ടുകള്‍, നാലു വീതം ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍, ബീച്ച് ഫുട്‌ബോള്‍ കോര്‍ട്ടുകള്‍ എന്നിവയും ഇവിടത്തെ പ്രത്യേകതയാണ്. 3000 ഏക്കര്‍ വിസ്തൃതിയുളളതാണ് ഈ ദ്വീപ്.