അബുദാബി നഗരത്തില്‍ പാര്‍ക്കിംഗ് മേഖലകള്‍ പണം നല്‍കി വാഹനം നിര്‍ത്തിയിടേണ്ട ‘പെയ്ഡ് പാര്‍ക്കിംഗ്’ സംവിധാനത്തിലേക്ക് മാറുന്നു. 26000 പുതിയ പെയ്ഡ് പാര്‍ക്കിംഗ് ഇടങ്ങളാണ് ഈ മാസം മധ്യത്തോടെ പ്രവര്‍ത്തസജ്ജമാവുക. അബുദാബി നഗരം ഏതാണ്ട് പൂര്‍ണമായും ഈ മാസം 18 ഓടെ പെയ്ഡ് പാര്‍ക്കിംഗ് സംവിധാനത്തിലേക്ക് മാറുകയാണെന്ന് ഗതാഗതവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ നഗരത്തിലെ എംബസി മേഖലയൊഴികെ അബുദാബിയുടെ ഒട്ടുമിക്കഭാഗങ്ങളും പുതിയ പാര്‍ക്കിംഗ് സംവിധാനത്തിലേക്ക് മാറും. അതിനാല്‍ തന്നെ ഇനി എമിറേറ്റിലെ വാഹന ഉടമകള്‍ക്കും താമസക്കാര്‍ക്കും പണം നല്‍കി മാത്രമേ പാര്‍ക്കിംഗ് സാധ്യമാവൂ.
ഈ സാഹചര്യത്തില്‍ മുഴുവന്‍ താമസക്കാരും പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍ക്ക് അപേക്ഷ നല്‍കണം. പുതിയ നിയമം നിലവില്‍ വന്നാല്‍ നിയമവിധേയമല്ലാതെ വാഹനം നിര്‍ത്തിയിട്ടാല്‍ കനത്തപിഴ നല്‍കേണ്ടി വരും. വാടകകരാര്‍, വൈദ്യുതിവെള്ളം ബില്ല്, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കാര്‍ഡ്, എമിറേറ്റ്‌സ് ഐഡി എന്നിവ സഹിതം അപേക്ഷിച്ചാല്‍ പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍ ലഭിക്കും. ആദ്യപെര്‍മിറ്റിന് വര്‍ഷം 800 ദിര്‍ഹവും രണ്ടാംപെര്‍മിറ്റിന് 1,200 ദിര്‍ഹവും ഈടാക്കും. ആറുമാസത്തേക്കും പാര്‍ക്കിങ് പെര്‍മിറ്റുകള്‍ ലഭ്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.