സ്വന്തം ലേഖകൻ
കോട്ടയം: ഓസ്‌ട്രേലിയയിലെ പെര്‍ത്തിലുണ്ടായ വാഹനപകടത്തില്‍ കോട്ടയം പാല രാമപുരം സ്വദേശി മരിച്ചു.ഭാര്യയ്ക്ക് പരിക്കേറ്റു.രാമപുരം അരയത്തുംകര എ.പി ജോസഫി(ഔസേഫ്)ന്റെ മകന്‍ സോണി ജോസ് (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ അല്‍ഫോന്‍സ(30)യെ പരുക്കുകളോടെ പെര്‍ത്തിലെ റോയല്‍ പെര്‍ത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സമയം ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം.ഭാര്യ അല്‍ഫോസായെ പുതിയ കോഴ്‌സിന് ചേരുന്നതിന് മെല്‍ബണിലേക്ക് യാത്രയാക്കുവാന്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്.ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു വാഹനം വന്ന് ഇടിച്ച് മറിയുകയായിരുന്നു. അപകട സ്ഥലത്തു വച്ചു തന്നെ സോണി മരിച്ചയാതായാണ് നാട്ടില്‍ വിവരം ലഭിച്ചത്. കൈയ്ക്ക് പരിക്കേറ്റ അല്‍ഫോണ്‍സായെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയാക്കും.ഇരുവരും നോര്‍ത്താമിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തു വരികയായിരുന്നു. 2008 ല്‍ സ്റ്റുഡന്റ് വിസയില്‍ സൗത്ത് ഓസ്‌ട്രേലിയയിലെത്തിയ സോണി, മുന്ന് വര്‍ഷം മുന്‍പാണ് ഭാര്യ അല്‍ഫോന്‍സയോടൊത്ത് നോര്‍ത്താമിലേക്ക് കുടിയേറിയത്.മൂന്ന് വര്‍ഷം മുന്‍പായിരുന്നു വിവാഹം.കുട്ടികളില്ല. അല്‍ഫോണ്‍സാ പൈക ഇളമണ്‍പ്‌ളാക്കല്‍ കുടുംബാഗമാണ്.തെയ്യാമ്മയാണ് സോണിയുടെ മാതാവ്. യു.കെയിലുള്ള സോണിയുടെ സഹോദരന്‍ സോജന്‍ സംഭവമറിഞ്ഞ് അവിടെയ്ക്ക് പോയിട്ടുണ്ട്.പോസ്റ്റ് നോര്‍ട്ടം തിങ്കളാഴ്ച നടക്കുമെന്നാണ് നാട്ടില്‍ ലഭിച്ചിട്ടുള്ള വിവരം.