കൂട്ട അപകടങ്ങളില്‍ ഒരു മരണം; ഗാര്‍ഡായുടെ വാഹനം ഇടിച്ച് ഒരാള്‍ക്കു പരുക്കേറ്റു

ഡബ്ലിന്‍: രാജ്യ തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ ഒരാള്‍ മരിച്ചു. ഗാര്‍ഡാ വാഹനം ഇടിച്ച് യാത്രക്കാരനായ ഒരാള്‍ക്കു പരുക്കുമേറ്റു. സംഭവത്തില്‍ ഗാര്‍ഡാ പ്രത്യേക അന്വേഷണ സംഘം പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചെറി ഓര്‍ച്ചാര്‍ഡില്‍ കഴിഞ്ഞ ദിവസം രണ്ടു ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് യുവാവ് കൊല്ലപ്പെട്ടത്. ചെറി ഓര്‍ച്ചാര്‍ഡ് അവന്യുവില്‍ കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. ഇരുപതു വയസിനടുത്തു പ്രായമുള്ള യുവാക്കളായ രണ്ടു പേര്‍ ഓടിച്ചിരുന്ന ബൈക്കുകള്‍ തമ്മില്‍ അവന്യുവിനടുത്തുവച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ടു പേരും റോഡില്‍ തലയിടിച്ചു തെറിച്ചു വീണു.
ആദ്യത്തെ ബൈക്കോടിച്ചിരുന്ന ഇരുപതുകാരനായ യുവാവിനെ ഗുരുതരമായ പരുക്കുകളോടെ ആംബുലന്‍സില്‍ സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചു. മണിക്കൂറുകള്‍ക്കകം യുവാവ് കൊല്ലപ്പെടുകയായിരുന്നു. മറ്റൊരു ബൈക്ക് യാത്രക്കാരനായ യുവാവിനെയും മറ്റൊരു ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍, ഇയാളുടെ പരുക്ക് സാരമുള്ളതല്ലെന്നു ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അപകടത്തെ തുടര്‍ന്നു പ്രദേശത്തേയ്ക്കുള്ള ഗതാഗതം നിയന്ത്രിക്കുന്നതിനു അധികൃതര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. റോഡ് അപകടത്തിനിടയാക്കിയ സ്ഥലം ഗാര്‍ഡായുടെ ഫോറന്‍സിക് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഡബ്ലിന്‍ സിറ്റിയില്‍ ഗാര്‍ഡായുടെ വാഹനം ഇടിച്ചു യുവാവിനു പരുക്കേറ്റ സംഭവത്തില്‍ ഗാര്‍ഡാ സിയോച്ചനാ ഓംബുഡ്‌സ്മാന്‍ കമ്മിഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡബ്ലിന്‍ സിറ്റി സെന്ററില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഗാര്‍ഡായുടെ വാഹനം നിയന്ത്രണം വിട്ടെത്തിയുണ്ടായ അപകടത്തില്‍ ഇരുപതുകാരനായ യുവാവിനു സാരമായി പരുക്കേറ്റിരുന്നു. ഡബ്ലിന്‍ സിറ്റിക്കു സമീപം സെന്റ് മെക്കാമോര്‍ട്ടില്‍ സെന്റ് ബെക്കിങ്ഹാമിനു സമീപമായിരുന്നു അപകടം.

Top