മക്കയിലെ നൂറ്റിപ്പത്ത് പേരുടെ മരണത്തിനിടയാക്കിയ ക്രെയിന്‍ അപകടത്തിന്റെ പുനര്‍ വിചാരണ ബുധനാഴ്ച തുടങ്ങും. കുറ്റക്കാരല്ലെന്ന് കണ്ടെത്തി പ്രതികളെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കാലാവസ്ഥാ വ്യതിയാനമാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി 13 പ്രതികളെ വിട്ടയച്ച നടപടിയാണ് റദ്ദാക്കിയത്. 2015 സെപ്തംബര്‍ 11നാണ് കെട്ടിടത്തില്‍ നിന്നും ക്രെയിന്‍ അടര്‍ന്ന് വീണത്. 110 പേരുടെ മരണത്തിനും 209 പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ അപകടമായിരുന്നു അത്.
മക്ക ക്രിമിനൽ കോടതി കേസില്‍ നേരത്തെ വിചാരണ നടത്തി. കാലാവസ്ഥ വ്യതിയാനവും ശക്തമായ കാറ്റും മഴയുമാണ് അപകടമുണ്ടാക്കിയതെന്ന വാദം ശരിവെച്ച് ബിന്‍ലാദന്‍ ഗ്രൂപ്പടക്കം 13 പ്രതികളെ കോടതി വിട്ടയച്ചിരുന്നു. ക്രിമിനൽ കോടതിയുടെ വിധി പക്ഷേ സുപ്രീം കോടതി റദ്ദാക്കി. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവ് കണക്കിലെടുത്താണ് കേസ് ബുധനാഴ്ച പുനർവിചാരണക്ക് എടുക്കുന്നത്. സൗദി ബിൻ ലാദിൻ കമ്പനി ഉടമകള്‍, മുതിർന്ന ഉദ്യോഗസ്ഥര്‍, ഹറം വികസന പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരടക്കം കേസിൽ 13 പ്രതികളാണുള്ളത്.