ഡബ്ലിന്‍: ബാങ്ക് ഓഫ് അയര്‍ലന്‍ഡിന്റെ ഉപഭോക്താക്കള്‍ക്ക് അക്കൗണ്ടില്‍ പണം ക്രെഡിറ്റാകുന്നതിന് കാലതാമസമുണ്ടാകുന്നതിന്റെ കാരണം കണ്ടെത്തിയെന്നും പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. തടസങ്ങള്‍ പരിഹരിക്കാന്‍ സാങ്കേതിക വിദഗ്ധര്‍ ശ്രമിക്കുന്നുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് ട്വിറ്ററിലൂടെയും വെബ്‌സൈറ്റിലൂടെയും ടെലഫോണിലൂടെയും മറുപടി നല്‍കുന്നുണ്ടെന്നും ബാങ്ക് അറിയിച്ചു.
സോഷ്യല്‍ വെല്‍ഫെയര്‍ പെയ്‌മെന്റുകകള്‍ ലഭിക്കുന്നവരെ ഇത് ബാധിക്കില്ലെന്നും ഡയറക്ട് ഡെബിറ്റിന് പ്രശ്‌നം നേരിടുന്ന ഉപഭോക്താക്കളുടെ കൈയില്‍ നിന്ന് ഫീസ് ഈടാക്കില്ലെന്നും ബാങ്ക് അറിയിച്ചു. ഇന്നു രാവിലെയാണ് ബാങ്ക് ഓഫ് അയര്‍ലന്‍ഡിന്റെ ഉപഭോക്താക്കള്‍ക്ക് പണം ക്രെഡിറ്റാകുന്നതിന് താമസം നേരിടുന്നുവെന്ന് പരാതിയുയര്‍ന്നത്. നിരവധി ഉപഭോക്താക്കളാണ് തങ്ങള്‍ക്ക് പണം ലഭിക്കുന്നില്ലെന്ന് ബാങ്കിന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ വൈകുന്നതെന്തുകൊണ്ടാണെന്നും അവര്‍ ചോദിക്കുന്നു.
മറ്റ് ബാങ്കുകളില്‍ നിന്ന് ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിലാണ് താമസം നേരിടുന്നതെന്നും പ്രശ്‌നം പരിഹരിക്കാന്‍ എത്രസമയം വേണ്ടിവരുമെന്ന് കൃത്യമായി പറയാനാകില്ലെന്നും ബാങ്ക് അറിയിച്ചു. എത്ര ഉപഭോക്താക്കള്‍ക്ക് ഈ പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമല്ലെന്നും ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തിന് ക്ഷമചോദിക്കുന്നതായും ബാങ്ക് അറിയിച്ചു.