വിവാദ മാറ്റങ്ങളുമായി റയാന്‍ എയര്‍. ഇനിമുതല്‍ റെയാനെയര്‍ വിമാനങ്ങളില്‍ സ്യൂട്ട്കേസുകളും മീഡിയം വലിപ്പമുള്ള ബാഗുകളും സൗജന്യമായി കൊണ്ടുപോകാന്‍ കഴിയില്ല. യൂറോപ്പിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാനസര്‍വീസുകളിലൊന്നായ റയാന്‍ എയര്‍ നടപ്പിലാക്കിയ പുതിയ കാബിന്‍ ബാഗേജ് പോളിസി പ്രകാരം യാത്രക്കാര്‍ക്ക് ഡിപ്പാര്‍ച്ചര്‍ ഗേറ്റിലേക്ക് കൊണ്ട് പോകാവുന്ന ഹാന്‍ഡ് ലഗേജ് അളവ് മൂന്നില്‍ രണ്ടായി വെട്ടിച്ചുരുക്കിയിരിക്കുകയാണ്.
60 ശതമാനത്തോളം യാതക്കാരെ പുതിയ മാറ്റം പ്രതികൂലമായി ബാധിക്കുമെന്ന് കമ്പനി കരുതുന്നു. പുതിയ മാറ്റം ഇന്നലെ മുതലാണ് നിലവില്‍ വന്നത്. പ്രയോറിറ്റി ബോര്‍ഡിംഗിനോ അല്ലെങ്കില്‍ ബാഗേജ് ചെക്ക് ചെയ്യുന്നതിനോ അധികമായി പണമടക്കാത്ത യാത്രക്കാരെ പുതിയ നിയമം അനുസരിച്ച് 40x25x20cm ഹാന്‍ഡ് ലഗേജുമായി കാബിനിലേക്ക് കയറുന്നതില്‍ നിന്നും വിലക്കും. അതായത് ഇതിന് മുമ്പ് 58 ലിറ്റര്‍ അളവിലുള്ള ഹാന്‍ഡ് ലഗേജ് കൊണ്ട് വിമാനത്തില്‍ കയറാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ പുതിയ നിയമം അനുസരിച്ച് അത് 20 ലിറ്ററാക്കി വെട്ടിക്കുറച്ചിരിക്കുകയാണ്.
പുതിയ നിയമത്തിലൂടെ കൃത്യനിഷ്ഠത വര്‍ധിപ്പിക്കുമെന്നാണ് റെയാനെയര്‍ പറയുന്നത്. അധികമായി വരുന്ന ബാഗുകളുടെ ഭാരത്തിന് അനുസരിച്ച് പണം നല്‍കേണ്ടി വരും. ഒരാള്‍ക്ക് 10 kg വരെയുള്ള ബാഗേജുകള്‍ക്ക് 6 യൂറോ മുതല്‍ 10 യൂറോ വരെ നിരക്കുകളാണ് അധികമായി ഈടാക്കുന്നത്. എയര്‍ലൈന്‍ അധികൃതരുടെ അപ്രതീക്ഷിത നീക്കം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നത്.
വിമാനക്കമ്പനിയുടെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും യാത്രക്കാരുടെ കൈയ്യില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കാനുള്ള ഇത്തരം നീക്കങ്ങള്‍ അപലപനീയമാണെന്നും ചിലര്‍ പ്രതികരിച്ചു. പുതിയ നിയമം നടപ്പിലാക്കിയിരിക്കുന്നത് തങ്ങള്‍ക്ക് വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആയിരിക്കില്ലെന്നും എയര്‍ലൈന്‍സ് വിശദീകരിക്കുന്നു. പത്ത് കിലോഗ്രാം വരെ പരിധിയുള്ള ചെക്ക്ഡ് ബാഗേജ് കാറ്റഗറിയും ഈ ദിവസം ആരംഭിച്ചിട്ടുണ്ട്.
റെയാനെയര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ പോലും സ്ഥാപനത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. വിമാന ടിക്കറ്റ് ഇനത്തില്‍ ചെറിയ തുക ഈടാക്കുകയും മറ്റു മാര്‍ഗങ്ങളിലൂടെ ഇതിന്റെ ഇരട്ടി കമ്പനി വസൂലാക്കുകയും ചെയ്യുന്നതായി ചില യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെയും അപ്രതീക്ഷിതമായ ചില തീരുമാനങ്ങളെടുത്ത് വിവാദത്തില്‍പ്പെട്ട സ്ഥാപനമാണ് റെയാനെയര്‍. ചെറിയ കാര്യങ്ങള്‍ക്ക് പോലും ചാര്‍ജുകള്‍ ഏര്‍പ്പെടുത്തി യാത്രക്കാരെ വലയ്ക്കുകയാണ് കമ്പനിയെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.