അബുദാബി: എയര്‍ ഇന്ത്യയുടെ അനാസ്ഥയില്‍ വലഞ്ഞത് നാട്ടിലേക്ക് പുറപ്പെടാനിരുന്ന
സ്ത്രീകളും കുട്ടികളുമടക്കമുള്ള 153 യാത്രക്കാര്‍. അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇന്നു പുലര്‍ച്ചെ കോഴിക്കോട്ടേക്കു പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് മണിക്കുറുകളോളം വൈകിയത്. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി.
പുലര്‍ച്ചെ 12.30ന് കോഴിക്കോട്ടേക്കു പോകേണ്ടിയിരുന്ന ഐഎക്‌സ് 348 വിമാനമാണ് വൈകിയത്. വിമാനം ഇന്ന് രാത്രി ഒന്‍പതരയോടെ മാത്രമേ കോഴിക്കോട്ടേക്കു പുറപ്പെടൂ എന്ന് അധികൃതര്‍ അറിയിച്ചതായി യാത്രക്കാര്‍ പറഞ്ഞു.
ഭാര്യാ മാതാവ് മരിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്കു പുറപ്പെട്ട പാലക്കാട് പട്ടാമ്പി സ്വദേശിയടക്കം അടിയന്തരമായി യാത്ര ചെയ്യേണ്ടിയിരുന്ന ഒട്ടേറെ പേര്‍ യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. ഇതില്‍ പട്ടാമ്പി സ്വദേശി യാത്ര റദ്ദ് ചെയ്ത് താമസ സ്ഥലത്തേക്കു മടങ്ങി. ഇദ്ദേഹത്തിന് ജോലി ചെയ്യുന്ന സ്ഥാപനം വളരെ കുറച്ച് മണിക്കൂറുകള്‍ മാത്രമേ അവധി നല്‍കിയിരുന്നുള്ളൂ.
യുഎഇയുടെ വടക്കന്‍ എമിറേറ്റുകളില്‍ നിന്നടക്കമുള്ളവര്‍ യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. ഇവരെല്ലാം വിമാനത്താവളത്തിലെത്തിയ ശേഷമാണ് വിമാനം മുടങ്ങിയ കാര്യം അറിഞ്ഞത്. ഇതേ തുടര്‍ന്ന് താമസ സൗകര്യത്തിനായി എയര്‍ ഇന്ത്യാ അധികൃതരെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. പലരും വിമാനത്താവളത്തിലെ സോഫയിലും തറയിലും മറ്റും കിടന്നാണ് നേരം വെളിപ്പിച്ചത്. ഭക്ഷണമോ, വെള്ളമോ നല്‍കാനും അധികൃതര്‍ തയ്യാറായില്ല. നിരന്തരമായി യാത്രക്കാരെ ദ്രോഹിക്കുന്ന എയര്‍ ഇന്ത്യയുടെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.