അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: ഏറ്റവും കൂടുതൽ സീറ്റു നേടിയ ഫൈൻ ഗായേൽ മുതൽ ഇടതു കക്ഷികൾ വരെ സർക്കാരുണ്ടാക്കാനുള്ള അവകാശവാദവുമായി രംഗത്ത് എത്തിയതോടെ അയർലൻഡിലെ രാഷ്ട്രീയം കുഴഞ്ഞു മറിയുന്നു. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപീകരണത്തിനായുള്ള ചർച്ചകൾ എല്ലാതലത്തിലും സജീവമായി നടക്കുകയാണ്.
തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോൾ മുതൽ എൻഡാ കെനിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്. ഇതേച്ചൊല്ലിയുള്ള സജീവമായ ചർച്ചകൾക്കായി ഫൈൻ ഗായേൽ നിയോഗിച്ച സമിതിയും ഇപ്പോൾ തന്നെ സജീവമാണ്. എന്നാൽ, ആര് സർക്കാരുണ്ടാക്കും എന്ന കാര്യത്തിൽ ഇനിയും വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ല. ഇതിനിടെ അയർലണ്ടിലെ പുതിയ സർക്കാർ രൂപീകരണം ഒരുമാസംവരെ നീണ്ടേക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വന്നു. മൈക്കൽ മാർട്ടിനും എൻഡ കെന്നിയും പുതിയ സഖ്യത്തിനുള്ള സാധ്യതകൾ ആരായുന്നുണ്ട്.തന്റെ പാർടിയുടെ രാഷ്ട്രീയ നിലപാടുകളോട് യോജിക്കുന്നവരോട് മാത്രമേ സഖ്യ ചർച്ചകൾ സാധ്യമാകൂ എന്നാണ് ഫിന്നാ ഫെയിൽ നേതാവ് മൈക്കൽ മാർട്ടിന്റെ നിലപാട്.ഇത്തരത്തിൽ പാർലിമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഖ്യപാർടികളുമായി ചർച്ചയ്ക്ക് തയാറാണ്. സർക്കാർ രൂപീകരണം സംബന്ധിച്ച് മാര്ട്ടിൻ മുഖ്യ ഉപദേഷ്ടാക്കളുമായി ചർച്ച നടത്തി. പെട്ടെന്ന് തന്നെ മറ്റ് പാർടികളുമായി ചർച്ചചെയ്യേണ്ടെന്നാണ് കൂടികാഴ്ചയ്ക്ക് ശേഷമുണ്ടായ തീരുമാനം.
പാർലിമെന്റ് പരിഷ്‌കാര വിഷയങ്ങൾ ഇരു വിഭാഗം ടിഡിമാരുമായും അടുത്ത മാസം ചർച്ച നടത്തുമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തിന്റെ രാഷ്ട്രീയം തിരുത്തിക്കുറിക്കണമെന്ന് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഫിന്നാ ഫെയിൽ ആവർത്തിച്ചിട്ടുണ്ട്. ഫലപ്രദമായ നയരൂപീകരണങ്ങൾ നടപ്പിലാക്കാൻ കഴിയാതെ പോകുന്നത് അധികാരം നഷ്ടപ്പെടുന്ന സർക്കാരുകളുടെ വാഗ്ദാന ലംഘനമാകും. തന്റെ പാർട്ടിയുടെ നയങ്ങൾക്കുള്ള ശക്തമായ ജനാംഗീകാരമാണ് തെരഞ്ഞെടുപ്പിലൂടെ ലഭിച്ചതെന്ന് മാർട്ടിൻ പറഞ്ഞു. ജനം ഏൽപ്പിച്ച ഉത്തരവാദിത്വം പാലിക്കാൻ പാർലിമെന്റിലെ എല്ലാ അംഗങ്ങളും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
ഫിന്നാ ഫെയിൽ മുൻ പ്രധാനമന്ത്രി ബെർട്ടി അഹെൻ പറഞ്ഞത് പുതിയ സർക്കാർ അടുത്ത മാസമേ ഉണ്ടാവുകയുള്ളൂ എന്നാണ്.സെന്റ് പാട്രിക് ദിനവും,ഈസ്റ്ററും,സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ നൂറാം വാർഷികവും മാർച്ച് മാസത്തിൽ നടക്കേണ്ടതുണ്ട്.ഇവയ്ക്ക് ശേഷമാവും പുതിയ സർക്കാർ നിലവിൽ വരിക എന്നാണ് അഹെന്റെ അഭിപ്രായം
അതേ സമയം ഇടതു പാർട്ടികളും മന്ത്രിസഭ ഉണ്ടാക്കാനുള്ള അവകാശം ഉന്നയിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.30 ശതമാനത്തോളം ഫസ്റ്റ് പ്രിഫറൻസ് വോട്ടുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അതിനുള്ള അവകാശം ഇടതു കക്ഷികൾക്ക് ഉണ്ടെന്നു സോഷ്യൽ ഡമോക്രാറ്റ്‌സ്,എഎ എ,ഷിൻ ഫെയിൻ എന്നീ കക്ഷികളുടെ ഉയർന്ന നേതാക്കൾ വ്യക്തമാക്കി.