മദ്യം അകത്തു ചെന്ന് ഫിറ്റായ പക്ഷിക്കൂട്ടം വരുത്തിവെയ്ക്കുന്ന പ്രശ്‌നങ്ങളുടെ കഥയാണ് ഇപ്പോള്‍ അമേരിക്കയിലെ മിനസോട്ട നഗരത്തിലെ ഗില്‍ബര്‍ട്ടയില്‍ നിന്ന് വരുന്നത്. ‘പൂസായ’പക്ഷിക്കൂട്ടം കാരണം സ്വൈര്യം നഷ്ടപ്പെട്ട ജനങ്ങള്‍ ഇപ്പോള്‍ ആകെ പരിഭ്രാന്തിയിലാണ് വീടിനു പുറത്തേക്കിറങ്ങുന്നത് തന്നെ. ഏതു നേരമാണ് ലക്കുകെട്ട പക്ഷികള്‍ വന്ന് ദേഹത്തിടിക്കുകയെന്ന് പറയാന്‍ പറ്റില്ലല്ലോ. സംഗതി പക്ഷികള്‍ എല്ലാം പൂസ്സായി നടക്കുന്നുണ്ട് എങ്കിലും അവയെ അങ്ങനെ ആക്കിയത് മദ്യം അല്ല, മദ്യത്തിന്റെ ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ്.
പുളിപ്പ് വന്ന് എഥനോള്‍ ഉത്പാദിപ്പിക്കപ്പെട്ട പഴങ്ങള്‍ കഴിച്ചതാണ് പക്ഷികള്‍ക്ക് മത്തു പിടിക്കാന്‍ കാരണമായതെന്ന് അവിടുത്തെ പൊലീസ് അറിയിച്ചു. പക്ഷികള്‍ സ്ഥിരമായി കഴിക്കാറുള്ള ഒരു പഴം ശൈത്യകാലം നേരത്തേ വന്നതോടെ പുളിക്കാനിടയായതാണ് പ്രശ്‌നത്തിന് കാരണം. ഇതോടെ പഴങ്ങള്‍ക്ക് മദ്യത്തിന്റെ ഗുണങ്ങള്‍ കൈവരികയും കഴിച്ച പക്ഷികള്‍ ഫിറ്റാകുകയുമായിരുന്നു. ഈ ഫിറ്റായ പക്ഷിക്കൂട്ടം സ്വബോധം ഇല്ലാതെ വന്ന് വാഹനങ്ങളില്‍ ഇടിക്കുകയും നഗരത്തില്‍ ക്രമരഹിതമായി പറക്കുകയും ചെയ്യുന്നതോടെ നാട്ടുകാര്‍ പേടിയിലാണ്. സംഭവത്തില്‍ പരിഭ്രാന്തി വേണ്ടെന്നും ഏറെ വൈകാതെ പക്ഷികള്‍ സമചിത്തത വീണ്ടെടുക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.