ലണ്ടന്‍: കഴിഞ്ഞ ദിവസം അമേരിക്കയില്‍ നിന്നും കേരളത്തിലേക്ക് യാത്ര തിരിച്ച മലയാളിക്ക് വിമാനത്തില്‍ വച്ച് ഹൃദയാഘാതം. മണിക്കൂറുകള്‍ നീണ്ട യാത്രയില്‍ ഉറങ്ങിപ്പോയ യാത്രക്കാരന്‍ ലണ്ടനില്‍ വിമാനം ലാന്റ് ചെയ്യാന്‍ ഒരുങ്ങവെ സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നതിനെ തുടര്‍ന്നാണ് മരിച്ചതെന്നാണ് ബോധ്യപ്പെടുന്നത്.
ഉറക്കത്തിനിടയില്‍ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി എസ്റ്റി എബ്രഹാമാണ് കുടുംബാംഗങ്ങളോട് ഒത്തുള്ള യാത്രയില്‍ മരണത്തിന് കീഴടങ്ങിയത്.
നീണ്ട കാലമായി അമേരിക്കയില്‍ കഴിയുന്ന കുടുംബം നാട്ടില്‍ ക്രിസ്തുമസ് അവധി ചെലവിടാന്‍ പുറപ്പെട്ടതാണെന്ന് ബന്ധുക്കളില്‍ നിന്നും വിവരം ലഭിച്ചു. അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രക്കാരായ കുടുംബം ട്രാന്‍സിറ്റ് പ്ലെയിന് വേണ്ടി ലണ്ടനില്‍ ഇറങ്ങാന്‍ ഒരുങ്ങവേയാണ് മരണത്തെ കുറിച്ച് അറിയുന്നത്. ഇതേ തുടര്‍ന്ന് ഭാര്യയും മക്കളും ഉടനടി എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട രേഖകള്‍ തയ്യാറാക്കി നല്‍കിയ ശേഷം നാട്ടിലേക്ക് യാത്രയായി. പരേതന് 70 വയസ് പ്രായമുണ്ട്.
ലണ്ടനില്‍ കിങ്സ്റ്റണ്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തിയേക്കും എന്നാണ് ലഭ്യമായ വിവരം. മരണ സര്‍ട്ടിഫിക്കറ്റ് ലണ്ടനിലെ ഇന്ത്യന്‍ എംബസിയില്‍ സമര്‍പ്പിച്ച് ആവശ്യമായ തുടര്‍ യാത്രാ രേഖകള്‍ സംഘടിപ്പിച്ച ശേഷമേ മൃതദേഹം ഫ്യൂണറല്‍ ഏജന്‍സിക്ക് നാട്ടിലേക്ക് അയക്കുവാന്‍ കഴിയൂ.
അതേ സമയം ആവശ്യമായ ഏതു സഹായവും ചെയ്തു നല്‍കാന്‍ തയ്യാറാണെന്ന് എംബസി ജീവനക്കാര്‍ അറിയിച്ചു. കുടുംബാംഗങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് എംബസിയില്‍ വേഗത്തിലുള്ള നടപടിക്കായി ബന്ധപ്പെടേണ്ടി വന്നത്. ഇപ്പോള്‍ അയര്‍ലന്റിലുള്ള സഹോദരി ഭര്‍ത്താവാണ് എബ്രഹാമിന്റെ മൃതദേഹം ഏറ്റെടുത്ത് നാട്ടിലേക്ക് അയക്കാനുള്ള ശ്രമവുമായി രംഗത്തുള്ളത്. ഏറ്റുമാനൂര്‍ അതിരമ്പുഴ പുതുശ്ശേരി കുടുംബാംഗമാണ് എബ്രഹാം.