വാഷിങ്ടണ്‍ ഡിസി: 2016 നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നു ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിനു വേണ്ടി മത്സര രംഗത്തുണ്ടായിരുന്ന ഒരു സ്ഥാനാര്‍ഥി കൂടി പിന്മാറി. മുന്‍ റോഡ് ഐലന്‍ഡ് ഗവര്‍ണറും യുഎസ് സെനറ്ററുമായ ലിങ്കണ്‍ ചഫി ആണ് മത്സരത്തില്‍ നിന്നും പിന്‍മാറുകയാണെന്നു കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇതോടെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിനു ശ്രമിക്കുന്നവരുടെ എണ്ണം നാലായി ചുരുങ്ങി. ഹില്ലരി ക്ലിന്റണ്‍, ബെര്‍ണി സാന്റേഴ്‌സ്, മാര്‍ട്ടിന്‍ ഒമേയ്‌ലി, ലോറന്‍സ് സ്ലെസിങ് എന്നിവരാണ് മത്സരരംഗത്ത് അവശേഷിക്കുന്നത്. ജിം വെബ് നേരത്തെ മത്സരരംഗത്തു നിന്നും പിന്മാറിയിരുന്നു. വൈസ് പ്രസിഡന്റ് ജോ ബെഡന്‍ സെനറ്റര്‍ എലിസബത്ത് ബാറന്‍ എന്നിവരുടെ പേരുകള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനു വേണ്ടി പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും രണ്ടു പേരും മത്സരിക്കുന്നതിനു നാമനിര്‍ദേശ പത്രിക പോലും നല്‍കാതെ പിന്മാറുകയായിരുന്നു.
ഡമോക്രാറ്റിക് പാര്‍ട്ടയില്‍ ത്രികോണ മത്സരത്തിനു വേദി ഒരുങ്ങുകയാണ്. ഹില്ലരിയും, ബെര്‍ണി സാന്റോഴ്‌സുമായിരിക്കും അവസാന രണ്ടു പേരില്‍ സ്ഥാനം പിടിക്കുക. മുന്‍ മേരീലാന്‍ഡ് ഗവര്‍ണര്‍ മാര്‍ട്ടിന്‍ ഒ മെയ്‌ലി മൂന്നാം സ്ഥാനത്തേയ്ക്കു മാറ്റപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ 17 പേര്‍ മത്സര രംഗത്തിറങ്ങിയെങ്കിലും മുന്‍ ടെക്‌സസ് ഗവര്‍ണര്‍ റിക് പെറിയും, വിസ് കോണ്‍ സാന്‍ ഗവര്‍ണര്‍ സ്‌കോട്ട് വാക്കറും പിന്മാറിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രമ്പും, മെക്ക് ഹക്കമ്പിയും റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മുന്നിട്ടു നില്‍ക്കുന്നു.