സന്ദർശകവിസയിൽ വന്ന് അനധികൃതമായി രാജ്യത്തു തങ്ങുന്നവരെ നേരിടാൻ പുതിയ വ്യവസ്ഥകൾ സഹായകമാകും എന്ന പ്രതീക്ഷയിൽ യു.എ.ഇ അധികൃതർ. ഇപ്പോൾ പ്രഖ്യാപിച്ച പൊതുമാപ്പ്
അവസാനിക്കുന്ന ഒക്ടോബർ അവസാനത്തോടെ കർശന നിയമങ്ങളും ഉപാധികളും കൊണ്ടുവരാനാണ് നീക്കം.സന്ദർശക വിസയിലും ടൂറിസ്റ്റ് വിസയിലും എത്തിയവരാണ് അനധികൃത കുടിയേറ്റക്കാരിൽ കൂടുതൽ.
ഇതു മുൻനിർത്തിയാണ് സന്ദർശക വിസക്കു മേൽ ചില ഉപാധികൾ ഏർപ്പെടുത്താൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററ്റി ആന്റ് സിറ്റിസൺഷിപ്പ് അധികൃതർ ആലോചിക്കുന്നത്. സന്ദർശക തൊഴിലന്വേഷണ വിസ അപേക്ഷക്ക് കരുതൽ നിക്ഷേപവും ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ ചുരുങ്ങിയ ചെലവിലും എളുപ്പത്തിലും സന്ദർശക വിസയിൽ യു.എ.ഇയിൽ എത്താൻ സാധിക്കുന്ന സാഹചര്യം ഇല്ലാതാകും. അതേ സമയം ചില രാജ്യങ്ങളിൽ നിന്നുള്ളവർക്കു മാത്രമാകും സന്ദർശക വിസക്ക്
കരുതൽ നിക്ഷേപം ഏർപ്പെടുത്തുക.
സന്ദർശക വിസയിൽ വരുന്നവർ അനധികൃതമായി രാജ്യത്തു തങ്ങുന്ന സാഹചര്യം ഇല്ലാതാക്കാൻ പുതിയ നടപടികളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഫെഡറൽ അതോറിറ്റിയുടെ നിയമ ഉപദേശകൻ ഡോ. യൂസുഫ്
അൽ ശരീഫ് പറഞ്ഞു. തൊഴിൽ അന്വേഷകർക്ക്
ആറു മാസത്തേക്കുള്ള പ്രത്യേക വിസ ഏർപ്പെടുത്തുന്നതും അനധികൃത കുടിയേറ്റം ഇല്ലാതാക്കുന്നതിൽ ഗുണം ചെയ്യുമെന്നും അധികൃതർ വിലയിരുത്തുന്നു. പൊതുമാപ്പ് കാലാവധി തീരുന്നതോടെ വ്യാപക പരിശോധന നടത്തി നിയമലംഘകരെ കണ്ടെത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.