ഓരോ മാസവും അയര്‍ലണ്ടില്‍ ശരാശരി 10 പേര്‍ വീതം മുങ്ങിമരിക്കുന്നതായി പുതിയ പഠനം. 2017 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളില്‍ 588 പേരാണ് രാജ്യത്ത് മുങ്ങിമരിച്ചത്. അതിന് മുമ്പുള്ള അഞ്ച് വര്‍ഷ കാലയളവിനെക്കാള്‍ 17% കുറവാണിതെന്നത് ആശ്വാസകാരമാണെങ്കിലും ഇത്രയധികം മുങ്ങിമരണങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. ഇതില്‍ 70 ശതമാനവും പുരുഷന്മാരാണെന്നും, പകുതിയിലധികം പേരും 40-69 പ്രായക്കാരാണെന്നും വാട്ടര്‍ സേഫ്റ്റി അയര്‍ലണ്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മുങ്ങിമരണത്തിലേയ്ക്ക് നയിച്ച 61% സംഭവങ്ങളിലും, ഇരയായവര്‍ വെള്ളത്തിലല്ല, മറിച്ച് നടത്തം, ഹൈക്കിങ്, ഫിഷിങ്, സൈക്ലിങ്, ഡ്രൈവിങ് തുടങ്ങി കരയില്‍ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തികള്‍ക്കിടെ അപകടത്തില്‍ പെടുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഇവര്‍ക്ക് പുറമെ അപകടത്തില്‍ പെട്ട് മുങ്ങിമരിച്ചവരില്‍ മൂന്നിലൊന്ന് പേര്‍ നീന്തല്‍, കുളി, വെള്ളത്തിലെ മറ്റ് പ്രവൃത്തികള്‍ എന്നിവയ്ക്കിടെ അപകടത്തില്‍ പെടുകയായിരുന്നു (ബോട്ടുകളിലേത് പോലുള്ള ജലയാത്ര ഇതില്‍ പെടുന്നില്ല).
2017-2021 കാലഘട്ടത്തിലെ മുങ്ങിമരണങ്ങളില്‍ 388 എണ്ണവും അപകടങ്ങളാണ്. 222 പേര്‍ വെള്ളത്തില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം. 28 പേരുടെ കാര്യത്തില്‍ അപകടമോ, ആത്മഹത്യയോ എന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. ആകെ മരണങ്ങളില്‍ 411 പേരും പുരുഷന്മാരാണ്. 349 പേര്‍ 40-നും, 69-നും ഇടയില്‍ പ്രായമുള്ളവരുമാണ്. 18 വയസിന് താഴെ പ്രായമുള്ള 18 പേരും ഈ കാലയളവിനിടെ മുങ്ങിമരിച്ചു.
മുങ്ങിമരണത്തിലേയ്ക്ക് നയിക്കുന്നത് എന്തെല്ലാമാണെന്ന് തിരിച്ചറിയാനും, അത് തടയാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാമെന്ന് മനസിലാക്കാനും സഹായിക്കുന്നതാണ് വാട്ടര്‍ സേഫ്റ്റി അയര്‍ലണ്ടിന്റെ റിപ്പോര്‍ട്ട് എന്ന് ചെയര്‍വുമണ്‍ ക്ലെയര്‍ മക്ഗ്രാത്ത് പറഞ്ഞു. രാജ്യത്ത് ഏറ്റവുമധികം മുങ്ങിമരണങ്ങളുണ്ടായത് ഡബ്ലിനിലാണ്- 17. കോര്‍ക്ക് (16), വെക്‌സ്‌ഫോര്‍ഡ് (8) എന്നിവയാണ്.