ഡബ്ലിനില്‍ മൂന്നു നൂറ്റാണ്ട് പഴക്കമുള്ള ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തി!

ഡബ്ലിന്‍:ഡബ്ലിനിൽ പഴയ പള്ളിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി .ഐറിഷ് പുരാവസ്തുഗവേഷകര്‍ നടത്തിയ ഖനനത്തില്‍ ആണ്  300 വര്‍ഷത്തിലേറെ പഴക്കമുള്ള കത്തോലിക്കാ ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തി. തലസ്ഥാന നഗരമായ ഡബ്ലിനിലെ താരാ സ്ട്രീറ്റില്‍ മുന്‍പ് അപ്പോളോ ഹൗസ് എന്നറിയപ്പെട്ടിരുന്ന പാര്‍പ്പിട സമുച്ചയമിരുന്നിടത്ത് പുതിയ ഓഫീസ് ബ്ലോക്ക് പണിയുന്നതിന്റെ മുന്നോടിയായി പുരാവസ്തുഗവേഷകര്‍ നടത്തിയ ഖനനത്തിലാണ് പതിനെട്ടാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന കത്തോലിക്കാ ദേവാലയത്തിന്റെ അടിത്തറയുടെ അവശേഷിപ്പുകള്‍ കണ്ടെത്തിയത്.

കത്തോലിക്കാ വിശ്വാസം നിരോധിക്കപ്പെട്ടിരിന്ന കാലത്ത് നിര്‍മ്മിക്കപ്പെട്ട സെന്റ്‌ ആന്‍ഡ്രൂസ് ദേവാലയത്തിന്റെ അവശേഷിപ്പുകളാണെന്നാണ് ഫ്രാങ്ക് മൈലെസിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. 1709-നിര്‍മ്മിച്ച സെന്റ്‌ ആന്‍ഡ്രൂസ് ഇടവക ദേവാലയത്തിന്റെ അടിത്തറയോടനുബന്ധിച്ച ഒരു കെട്ടിടം ചാപ്പലായി ഉപയോഗിച്ചിരിക്കാമെന്നും, ജോണ്‍ റോക്ക്യുവിന്റെ 1756-ലെ ഡബ്ലിന്റെ ഭൂപടത്തില്‍ ഇത് കാണിച്ചിട്ടുണ്ടെന്നും, മറ്റൊരു പുരാവസ്തു സംബന്ധിയായ റിപ്പോര്‍ട്ടില്‍ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും മൈലെസ് ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അക്കാലത്തെ ബ്രിട്ടീഷ് നിയമങ്ങള്‍ കത്തോലിക്കാ വിശ്വാസം നിയമവിരുദ്ധമാക്കിയെങ്കിലും ഇടവക ദേവാലയം ആയിരകണക്കിന് വിശ്വാസികളെ ആകര്‍ഷിക്കുകയും തഴച്ചുവളരുകയുമാണുണ്ടായത്. ഇടവക വളര്‍ന്നതിനെ തുടര്‍ന്ന്‍ 1811-ല്‍ ഈ ചാപ്പല്‍ പുതുക്കിപ്പണിയുവാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും, 1823-1852 കാലയളവില്‍ ഡബ്ലിന്റെ മെത്രാപ്പോലീത്തയായിരുന്ന ഫാ. ഡാനിയല്‍ മുറേ 1814-ല്‍ പുതിയ ചാപ്പലിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തിയെന്നും പുരാവസ്തു രേഖകളില്‍ പറയുന്നുണ്ട്. 1831 വരെ ദേവാലയ നിര്‍മ്മാണം മുന്നോട്ടു പോയെങ്കിലും, പുതുതായി വന്ന ഇടവക വികാരി ദേവാലയം മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പണിയുവാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന്‍ നിര്‍മ്മാണം മുടങ്ങുകയായിരുന്നു.

രേഖപ്പെടുത്തിയിട്ടിട്ടുള്ള ചരിത്ര സ്മാരകമായതിനാല്‍ തങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് ഖനനം നടത്തിയതെന്നും മൈലെസ് പറയുന്നു. 1670-ലെ ചില അവശേഷിപ്പുകള്‍ കണ്ടെത്താമെന്ന് ഗവേഷകര്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. 1960-ലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അവ നശിപ്പിക്കപ്പെട്ടിരിക്കാമെന്നാണ് സംഘത്തിന്റെ അനുമാനം. അതേസമയം പുരാവസ്തുഗവേഷണ നടപടികള്‍ പൂര്‍ത്തിയായതിനു ശേഷമായിരിക്കും പുതിയ ഓഫീസ് ബ്ലോക്കിന്റെ നിര്‍മ്മാണം ആരംഭിക്കുക.

Top