കേരള സമാജം ഓഫ്‌ സ്റ്റാറ്റന്‍ ഐലന്റ്‌ ഓണാഘോഷം സെപ്‌തംബര്‍ 13-ന്‌; ആര്‍ദ്ര മാനസി മുഖ്യാതിഥി

മൊയ്‌തീന്‍ പുത്തന്‍ചിറ

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം ഓഫ്‌ സ്റ്റാറ്റന്‍ ഐലന്റിന്റെ ഓണാഘോഷം സെപ്‌തംബര്‍ 13 ഞായറാഴ്‌ച സെന്റ്‌ മൈക്കിള്‍സ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. ഈ ആഘോഷത്തില്‍ മുഖ്യാതിഥിയായി ആര്‍ദ്ര മാനസി എത്തുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആര്‍ദ്ര മാനസമുണ്ടായിരുന്ന മാവേലിത്തമ്പുരാന്‍ തന്റെ പ്രജകളെ സന്ദര്‍ശിക്കാന്‍ എത്തുന്ന ഈ അസുലഭവേളയില്‍ വളരെ പ്രസക്തമായ ഒരു സന്ദേശം നല്‍കാന്‍ അനുയോജ്യയായ വ്യക്തിയാണ്‌ ആര്‍ദ്ര മാനസി എന്ന്‌ പ്രസിഡന്റ്‌ വര്‍ഗീസ്‌ മാത്യു (മോഹന്‍) അഭിപ്രായപ്പെട്ടു.

‘ആര്‍ദ്ര മാനസവുമായെത്തുന്ന ആര്‍ദ്ര മാനസി’ എന്ന പേരില്‍ പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകന്‍ ജോസ്‌ പിന്റോ സ്റ്റീഫന്‍ 2015 ഏപ്രിലില്‍ എഴുതിയ ലേഖനത്തിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക്‌ സുപരിചിതയും പ്രിയങ്കരിയുമായിത്തീര്‍ന്ന ആര്‍ദ്ര മാനസി ലോകമെങ്ങുമുള്ള മലയാളികളുടെ ശുഭപ്രതീക്ഷകളിലൊന്നാണെന്ന്‌ കെ.എസ്‌.എസ്‌.ഐ.യുടെ പി.ആര്‍.ഒ. പൊന്നച്ചന്‍ ചാക്കോ പറഞ്ഞു.

ചെന്നൈ ഐ.ഐ.ടി. യില്‍ നിന്ന്‌ മാനവിക ശാസ്‌ത്ര വിഷയത്തിലുള്ള അഞ്ചു വര്‍ഷ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ആര്‍ദ്ര മാനസി ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ താമസിക്കുന്നു. ഇവിടത്തെ പ്രശസ്‌തമായ ഒരു കോളേജില്‍ രണ്ടാമത്തെ ബിരുദാനന്തര ബിരുദത്തിന്‌ പഠിച്ചുകൊണ്ടിരിക്കുകയാണ്‌ ആര്‍ദ്ര.

സ്റ്റാറ്റന്‍ ഐലന്റില്‍ സെന്റ്‌ മൈക്കിള്‍സ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക്‌ ഒരു മണിക്ക്‌ ഓണസദ്യയോടെ ആഘോഷങ്ങള്‍ ആരംഭിക്കും. മുപ്പത്‌ കുടുംബങ്ങള്‍ അവരവരുടെ ഭവനങ്ങളില്‍ തനി നാടന്‍ രീതിയില്‍ തയ്യാറാക്കുന്ന ഓണവിഭവങ്ങള്‍ സദ്യയെ കേമപ്പെടുത്തുമെന്ന്‌ സംഘാടകര്‍ വിലയിരുത്തുന്നു.

മഹാബലിയുടെ വരവേല്പ്‌, ശിങ്കാരി മേളം, തിരുവാതിര, വിവിധതരം നൃത്തങ്ങള്‍, ഓട്ടംതുള്ളല്‍ എന്നിവ ആഘോഷങ്ങള്‍ക്ക്‌ മോടി കൂട്ടും. മുന്നൂറിലധികം ആള്‍ക്കാര്‍ പങ്കെടുക്കുമെന്ന്‌ പ്രതീക്ഷിക്കുന്ന ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വര്‍ഗീസ്‌ മാത്യു, സജി ജേക്കബ്‌, ഒ.വി. മത്തായി, ബിനോയ്‌ തോമസ്‌, ജോയിക്കുട്ടി ജോര്‍ജ്‌, മാണി ചാക്കോ, ജൂലി ബിനോയി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വര്‍ഗീസ്‌ മാത്യു 646 785 7318, മാണി ചാക്കോ 646 363 1460, സജി ജേക്കബ്‌ 718 844 9114, ബാബു മത്തായി 917 655 3246, ബിനോയ്‌ തോമസ്‌ 201 456 6226, ജോയിക്കുട്ടി ജോര്‍ജ്‌ 646 284 5044, പൊന്നച്ചന്‍ ചാക്കോ 718 687 7627.

Top