ദുബായ്: അന്തർദേശിയ സംഘടനയായ അമേരിക്കൻ സൊസൈറ്റി ഓഫ് ഹീറ്റിങ് റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് എൻജിനീയേഴ്‌സിന്റെ യുഎഇ ഘടകമായ ഫാൽക്കൺ ചാപ്റ്ററിന്റെ 2016 ലെ വൈസ് പ്രസിഡന്റായി മലയാളിയായ ലിജോ തോമസ് ഈപ്പൻ നിയമിതാനായി. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി ഈ ഉന്നതപദവിയിൽ എത്തുന്നത്. 2014- 15 വരെ സംഘടനയുടെ ഹിസ്റ്റോറിയൻ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു.
1894 ൽ അമേരിക്കയിലെ ന്യൂയോർക്കിൽ സ്ഥാപിതമായ ആഷ്‌റെയർ എന്ന സംഘടനയുടെ ഇപ്പോഴത്തെ ആസ്ഥാനം അമേരിക്കയിലെ അറ്റ്‌ലാൻഡയിലാണ്. ഇൻഡോർ എയർ ക്വാളിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണത്തിൽ അമൂല്യമായ സംഭവനകളാണ് ഈ അന്താരാഷ്ട്ര സംഘടന ലോകത്തിനു നൽകിക്കൊണ്ടിരിക്കുന്നത്. യുഎഇയിലും ഉൾപ്പെടെ പല രാജ്യങ്ങലിലെയും ബിൽഡിങ് എയർ കണ്ടിഷനിങ് ഡിസൈൻ സ്റ്റാൻഡേർഡ്‌സ് തുടങ്ങിയവ ആഷ്‌റെയറിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്.
ഈ സംഘടനയിലെ അംഗത്വവും ഇവർ നൽകുന്ന വിവിധ പരിശീലന ക്ലാസുകളിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ നേടിയ എൻജിനീയർമാർക്കു യുഎഇയിലെ തൊഴിൽ മേഖലയിൽ മുന്തിയ പരിഗണന ആണ് ലഭിക്കുന്നത്.
ലിജു തോമസ് യുഎഇയ്ക്കു നൽകിയ സംഭാവനകൾ പല അംഗീകാരങ്ങളും മുൻപ് ലഭിച്ചിട്ടുണ്ട്. ചെങ്ങന്നൂർ സ്വദേശിയായ ഇദ്ദേഹം ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ഈപ്പച്ചന്റെ മകനാണ്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ അരീഫ് എയർകണ്ടീഷിങ് സിസ്റ്റംസ് കമ്പനി മാനേജിങ് ഡയറക്ടർ കൂടിയായ ലിജോ തോമസ് ഈപ്പൻ കുടുംബ സമേതം ദുബായിലാണ് താമസിക്കുന്നത്. ചെങ്ങന്നൂർ സ്വദേശി അനിതയാണ് ഭാര്യ.