സ്വന്തം ലേഖകൻ
ഡബ്ലിൻ: എഎസ്ടിഐ അധ്യാപക സംഘടനയുടെ സമരത്തെ തുടർന്നു സ്‌കൂളുകൾ അടച്ചു പൂട്ടൽ ഭീഷണിയിലെന്നു രാജ്യത്തെ കമ്മ്യൂണിറ്റി ആൻഡ് കോംപ്രഹെൻസീവ് അസോസിയേഷന്റെ റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത്. ശമ്പളത്തിൽ ഏകീകരണം ആവശ്യപ്പെട്ട് എഎസ്ടിഐ അംഗങ്ങളായ അധ്യാപകർ അടുത്ത മാസം നടത്തുന്ന സമരത്തിന്റെ ഭാഗമായി സൂപ്പർവിയൻ, സബ്സ്റ്റിറ്റിയൂഷൻ ഡ്യൂട്ടികളിൽ നിന്നു വിട്ടു നിൽക്കുമെന്ന തീരുമാനമാണ് ഇപ്പോൾ സ്‌കൂളുകൾ പൂട്ടുന്ന സ്ഥിതിയിലേയ്ക്കു എത്തിയിരിക്കുന്നത്.
എസിസിഎസ് റിപ്പോർട്ടിന്റെ ഭാഗമായി 97 സെക്കൻഡറി സ്‌കൂളുകളാണ് രാജ്യത്തുള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സമരത്തെ നേരിടേണ്ടത് എങ്ങിനെ, രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ സമരം എങ്ങിനെ ബാധിക്കും, ഏതൊക്കെ മേഖലകളിലാണ് സമരം പ്രത്യാഘാതമുണ്ടാക്കുന്നത് തുടങ്ങിയ വിഷയങ്ങളിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗം ചർച്ച ചെയ്തിരുന്നു. രാജ്യത്തെ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർ, ഡെപ്യൂട്ടി പ്രിൻസിപ്പൽമാർ, സ്‌കൂൾ ബോർഡ് മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവർക്കൊപ്പം സമരബാധിത മേഖലകളിൽ നിന്നുള്ള സ്‌കൂൾ പ്രതിനിധികളും യോഗത്തിനു എത്തിയിരുന്നു. കോ ലിമെറിക്കിലെ അഡെയറിലാണ് സമരം സംബന്ധിച്ചു ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം യോഗം ചേർന്നത്.
രാജ്യത്തെ 160 സ്‌കൂളുകളിലാണ് ഇരു അധ്യാപക സംഘടനകളും പ്രവർത്തിക്കുന്നത്. ഓരോ സ്‌കൂളുകളിലും രണ്ടു വിഭാഗം അധ്യാപക സംഘടനകൾക്കും സ്വാധീന ശേഷിയുണ്ട്. ചിലയിടങ്ങളിൽ ടീച്ചേഴ്‌സ് യൂണിയൻ ഓഫ് അയർലൻഡിനും, മറ്റിടങ്ങളിൽ അസോസിയേഷൻ ഓഫ് സെക്കൻഡറി ടീച്ചേഴ്‌സ് അയർലൻഡിനുമാണ് സ്വാധീനമുള്ളത്. ഈ സാഹചര്യത്തിൽ സമരം ആരംഭിക്കുമ്പോൾ താല്കാലികമായെങ്കിലും അറേഞ്ച്‌മെന്റുകൾ ചെയ്യാൻ സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഇതിനായി സമരത്തിൽ പങ്കെടുക്കാത്ത യൂണിയനുകളെ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.