സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ എല്ലാ വിഭാഗം അധ്യാപകർക്കും തുല്യ ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള അധ്യാപക സംഘടനയുടെ സമരത്തിൽ ഒത്തു തീർപ്പായിട്ടില്ല. അയർലണ്ടിലെ സെക്കണ്ടറി സ്‌കൂൾ ടീച്ചർമാർ നടത്തുന്ന സമരം ശക്തമായ സമരവുമായി മുന്നോട്ടു പോകുകയാണ്. അസോസിയേഷൻ ഓഫ് സെക്കണ്ടറി സ്‌കൂൾ അസോസിയേഷനും (എഎസ്ടിഐ), വിദ്യാഭ്യാസ വകുപ്പ് അധികൃതരും തമ്മിൽ വ്യാഴാഴ്ച നടത്തിയ ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം തുടരാനുള്ള തീരുമാനം.ചർച്ച ഇന്നും തടരും.
നേരത്തെ തീരുമാനിക്കപ്പെട്ടവയിൽ ഒരു ദിവസത്തെ സമരം മാത്രമാണ് (ഒക്ടോബർ 27) ഇതുവരെ നടന്നിട്ടുള്ളത്. ഇനിയും ആറു ദിവസം കൂടി സമരം നടത്താനാണ് അസോസിയേഷന്റെ തീരുമാനം. സൂപ്പർവൈസറി, സബ്റ്റിറ്റിയൂഷൻ ഡ്യൂട്ടികളിൽ നിന്ന് അദ്ധ്യാപകർ വിട്ടു നിൽക്കും. രാജ്യത്തെ പകുതിയിലേറെ സ്‌കൂളുകളും കഴിഞ്ഞ സമരദിവസം അടച്ചിടേണ്ടി വന്നിരുന്നു. നവംബർ 8ാം തീയതിയാണ് അടുത്ത സമരദിവസം.
അധ്യാപകർ സമരം അവസാനിപ്പിക്കും എന്നാണ് തന്റെ പ്രതീക്ഷയെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസ മന്ത്രി റിച്ചാർഡ് ബ്രട്ടൻ അടുത്തയാഴ്ച എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് വിദ്യാർഥികൾ എന്ന് വെളിപ്പെടുത്തി.
ഹാലോവീൻ അവധി കഴിഞ്ഞു വരുന്ന ദിവസം മുതൽ സ്‌കൂൾ ഇന്റർവെൽസ് അടക്കമുള്ള സമയങ്ങളിൽ ജോലിയിൽ നിന്നും വിട്ടു നിൽക്കാൻ സ്‌കൂൾ ടീച്ചർമാർ തീരുമാനിച്ചിട്ടുള്ള സാഹചര്യത്തിൽ രാജ്യത്തെ മിക്ക സ്‌കൂളുകളും പ്രവർത്തിക്കാൻ ഇടയില്ലെന്നാണ് സമരനേതാക്കൾ നൽകുന്ന സൂചന.