പി.പി ചെറിയാൻ
ന്യൂയോർക്ക്: നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനം ഉൾപ്പെടെ മർത്തോമാ സഭയിലെ മുഴുവൻ ഇടവകകളിൽ നിന്നും ഏപ്രിൽ 24 നോ അതിനടുത്ത ആഴ്ചയിലോ ലഭിക്കുന്ന ഒരാഴ്ചയിലെ മുഴുവൻ സ്‌തോത്രകാഴ്ചയും കൊല്ലം പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ടപകടത്തിൽ പെട്ടവരെ സഹായിക്കുന്നതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്കു സംഭാവന ചെയ്യുമെന്നു മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത അറിയിച്ചു.
കേരള സംസ്ഥാനത്തുണ്ടായ അത്യന്തം ദാരുണമായ അപകടത്തിൽ കഷ്ടത അനുഭവിക്കുന്ന ജനങ്ങൾക്കു ആശ്വാസവും സഹായവും നൽകേണ്ടത് ക്രിസ്തീയ സഹോദരങ്ങളുടെ മാതൃകയായി എല്ലാവരും സ്വീകരിക്കേണ്ടതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്കു ധനസഹായം ചെയ്യുന്നതിന്റെ ഭാഗമായി സഭാജനങ്ങൾ ഉദാരമായ സംഭാവനകൾ നൽകി ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്നു സർകുലറിലൂടെ മെത്രാപോലീത്താ അറിയിച്ചു.
ഉത്തരാഖണ്ഡിലുണ്ടായ മേഘസ്‌ഫോടനത്തിൽ ഹിമാലയസാനുക്കളിലെ ബദരീനാഥ് -കേദാരിനാഥ് ക്ഷേത്രത്തിനു സമീപമുള്ള കുഞ്ചേരി ഗ്രാമത്തിൽ വീടുകൾ നഷ്ടപ്പെട്ട 20 കുടുംബങ്ങൾക്കു ഭവനം നിർമിച്ചു നൽകുന്നതിനും ചൈന്നൈ പ്രളയത്തിൽ ദുരിതബാധിതർക്കു സഭയായി സഹായം എത്തിച്ചു നൽകുന്നതിനും സഹകരിച്ച എല്ലാ ഇടവകാംഗങ്ങളെയും തിരുമേനി അഭിനന്ദിച്ചു.
പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട അപകടത്തിൽ പരുക്കേറ്റവരെയും മരിച്ചവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനായി 10 ലക്ഷം രൂപ ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രിയെ ഏൽപ്പിച്ചതായി മെത്രാപ്പോലീത്ത അറിയിച്ചു. ഏപ്രിൽ 24 നു അടുത്ത ആഴ്ചയിലോ ലഭിക്കുന്ന സ്‌ത്രോത്രകാഴ്ച എത്രയും വേഗം സഭാ ഓഫിസിൽ അടയ്ക്കണമെന്നും തിരുമേനി നിർദേശിച്ചു.
ദൈവം നൽകിയ നന്മകളെ നന്ദിപൂർവം സ്മരിക്കുന്നതോടൊപ്പം ആവശ്യത്തിലിരിക്കുന്നവരുടെ ആവശ്യങ്ങളിൽ സഹകരിച്ചു ദൈവസ്‌നേഹത്തിന്റെ അടയാളങ്ങളായി നാം രൂപാന്തരപ്പെടണം. ദൈവത്തിന്റെ മനുഷ്യമുഖം നമ്മിലും ദുരിതങ്ങൾ അനുഭവിക്കുന്നവരുടെ മുഖങ്ങളിലും പ്രകാശിതമാകുവാൻ സഭ ഏറ്റെടുത്തിരിക്കുന്ന ദൗത്യം മുഖാന്തിരമായി തീരട്ടം എന്ന ഡോ.ജോസഫ് മാർത്തോമാ ആശംസിച്ചു.