സ്വന്തം ലേഖകൻ
സിഡ്‌നി: ആസ്‌ട്രേലിയയിലെ വാട്ടർഫോർഡിലെ തീരദേശ മേഖലകൾ സുനാമി ബാധിത മാപ്പിൽ ഉൾപ്പെട്ടതോടെ ആശങ്കയിൽ തീരദേശ വാസികളായ ജനങ്ങൾ. സ്‌റ്റേറ്റ് എമർജൻസി ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയിലും, തുടർന്നു തയ്യാറാക്കിയ മാപ്പിലുമാണ് സിഡ്‌നിയുടെ തീരപ്രദശങ്ങളായ വാട്ടർഫോർഡിലെ വിവിധ സ്ഥലങ്ങൾ സുനാമി ബാധിത മാപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്. പോർട്ട് ബോട്ടണി, ഡബിൾ ബേ എന്നിവിടങ്ങൾ സുനാമിയുണ്ടായാൽ പൂർണമായും തുടച്ചു നീക്കപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടികയിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
ന്യൂസൗത്ത് വെയിൽസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എമർജൻസി ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയിൽ തീരമേഖലയിൽ സുനാമി ആഞ്ഞടിച്ചാൽ വീടുകൾക്കു നാശമുണ്ടാകാമെന്നും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തരത്തിൽ ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ അടിയന്തരമായി ഉയർന്ന പ്രദേശങ്ങളിലേയ്ക്കു മാറി താമസിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി മുന്നറിയിപ്പും സുരക്ഷാ സംവിധാനങ്ങളും ഒരുക്കണമെന്നു എമർജൻസി ഡിപ്പാർട്ട്‌മെന്റ് അധികൃതർ ഇപ്പോൾ നിർദേശം നൽകിയത്.
വൂളൻഗോങ്, ന്യൂകാസ്റ്റിൽ, പോർട്ട് മക്യായർ, ബൈറോൺ ബേ എന്നിവിടങ്ങളും സുനാമി സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും എമർജൻസി വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. എമർജൻസി വിഭാഗം മന്ത്രി ഡേവിഡ് എലിയോട്ടിന്റെ അഭിപ്രായത്തിൽ അടിയന്തര സാഹചര്യങ്ങളെ എല്ലാം നേരിടാൻ വകുപ്പ് ശക്തമാണെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എന്നാൽ, ആസ്‌ട്രേലിയ ഉൾപ്പെടുന്ന യൂറോപ്യൻ ബെൽറ്റിൽ ഇതുവരെയും സുനാമി മുന്നറിയിപ്പു നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.