21 പേരുടെ മരണത്തിനിടയാക്കിയ, രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ സമുദ്ര തിരച്ചിലിന് ഇടയാക്കി കടലിന്റെ ആഴങ്ങളിലമര്‍ന്ന കപ്പല്‍ 55 വര്‍ഷത്തിന് ശേഷം കണ്ടെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയ. ന്യൂ സൗത്ത് വെയ്ല്‍സ് തീരത്ത് നിന്ന് ഇരുക്ക് കയറ്റി യാത്ര തുടരുന്നതിനിടെ മുങ്ങിയ ‘എം.വി. നൂംഗ’ എന്ന ജലയാനത്തിന്റെ അവശിഷ്ടങ്ങളാണ് ഏറെ നാള്‍ നീണ്ടുനിന്ന പര്യവേഷണങ്ങള്‍ക്ക് ശേഷം കണ്ടെത്തിയിരിക്കുന്നത്.
ഏകദേശം 71 മീറ്റര്‍ (233 അടി) നീളമുള്ള ചരക്കുകപ്പല്‍ ന്യൂ സൗത്ത് വെയില്‍സ് തീരത്ത് നിന്ന് ഉരുക്ക് കയറ്റിക്കൊണ്ടുപോകുമ്പോള്‍ 1969 ആഗസ്റ്റ് 25-ന് കൊടുങ്കാറ്റില്‍ അകപ്പെടുകയായിരുന്നു. അപകടത്തില്‍ അകപ്പെട്ടുവെന്ന സന്ദേശം കണ്‍ട്രോള്‍ റൂമിലേക്ക് എത്തിയതിന് പിന്നാലെ നൗകയെ തിരയാന്‍ ഇറങ്ങാന്‍ ഓസ്‌ട്രേലിയ അധികം കാലതാമസമെടുത്തിട്ടില്ലായിരുന്നു. എന്നിട്ടും നിരവധി പേരുടെ ജീവന്‍ അപകടത്തില്‍ നഷ്ടമായി. 26 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കപ്പല്‍ മുങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അഞ്ചുപേരെ രക്ഷപ്പെടുത്താനായെങ്കിലും ആഴങ്ങളില്‍ പൊലിഞ്ഞ ജീവനുകളില്‍ ഒരാളുടെ മൃതദേഹം മാത്രമേ വീണ്ടെടുക്കാനായുള്ളൂ.
അപകടമുണ്ടായി 12 മണിക്കൂറിനുള്ളില്‍ തന്നെ രണ്ട് ലൈഫ് റാഫ്റ്റുകളിലായി കടലില്‍ രണ്ടുപേരെയും മറ്റു മൂന്ന് പേര്‍ ഒരു മരപ്പലകയില്‍ അള്ളിപ്പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയതായി അന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരെയാണ് ജീവനോടെ രക്ഷപ്പെടുത്താനായത്.
കപ്പല്‍ മുങ്ങിയതിന് പിന്നാലെ റോയല്‍ ഓസ്ട്രേലിയന്‍ നേവി ഡിസ്‌ട്രോയറുകള്‍, മൈന്‍ സ്വീപ്പറുകള്‍, വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, മറ്റ് നിരവധി കപ്പലുകള്‍ എന്നിവ വന്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. ജീവനോടെ ആരെങ്കിലും രക്ഷപ്പെട്ടോ എന്നറിയാനായി അപകടത്തില്‍പ്പെട്ടവര്‍ നീന്തിയോ മറ്റോ എത്തിച്ചേരാന്‍ സാധ്യതയുള്ള കരകളിലും രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തിയിരുന്നു.
എന്നാല്‍ ദിവസങ്ങളോളം തിരഞ്ഞിട്ടും അഞ്ച് പേരെ ജീവനോടെയും ഒരാളുടെ മൃതദേഹവും മാത്രമാണ് വീണ്ടെടുക്കാന്‍ ആയത്. അന്ന് മുതല്‍ കപ്പലിനോടൊപ്പം ബാക്കി ജീവനുകള്‍ക്ക് എന്തുപറ്റിയെന്ന കാര്യം ദുരൂഹമായി തുടരുന്നതിനിടയിലാണ് സിഡ്‌നിയില്‍ നിന്ന് ഏകദേശം 460km (286 മൈല്‍) വടക്ക് മാറി കപ്പല്‍ കടലിന് അടിത്തട്ടില്‍ ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്.