ഏറ്റുമാനൂര്‍: ഓസ്‌ട്രേലിയായിലെ ബ്രിസ്‌ബെയിനില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ സഹോദരിമാരായ കാണക്കാരി പ്ലാപ്പള്ളില്‍ പി.എ.മാത്യുവിന്റെയും ആലീസിന്റെയും മക്കളായ അഞ്ജു (23), ആഷ (18) എന്നിവര്‍ക്കു നാടിന്റെ യാത്രാമൊഴി. ഇരുവര്‍ക്കും ഒരേ കല്ലറയില്‍ ആണ് അന്ത്യവിശ്രമം ഒരുക്കിയത് . രത്‌നഗിരി സെന്റ് തോമസ് പള്ളി സെമിത്തേരിയിലാണ് ഇരുവരും അന്തിയുറങ്ങുന്നത്.
ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനില്‍ വാഹനാപകടത്തിലാണ് ഇരുവരും മരിച്ചത്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണു മൃതദേഹങ്ങള്‍ ജന്മഗൃഹത്തിലെത്തിച്ചത്. രണ്ടു മണിക്കൂറിനുശേഷം ഇടവക ദേവാലയമായ രത്നഗിരി സെന്റ് തോമസ് പള്ളിയിലേക്ക് അന്ത്യയാത്ര.
പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവര്‍ സംസ്‌കാരശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.രത്നഗിരി പള്ളിവികാരി ഫാ. പോള്‍ മഠത്തിക്കുന്നേല്‍, ഫാ. ജോര്‍ജ് കൊണ്ടൂക്കാല, ഫാ. അലോഷ്യസ് കൊണ്ടൂക്കാല, ഫാ. ജോര്‍ജ് മാടപ്പള്ളില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഒരേ കല്ലറയില്‍ ഇരുവര്‍ക്കും അന്ത്യവിശ്രമം.
കഴിഞ്ഞ 23നു പുലര്‍ച്ചെ ബ്രിസ്ബേനില്‍ കാറും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. അഞ്ജു ടുവൂംബ ലോര്‍ഡ് നഴ്സിങ് ഹോമില്‍ സ്റ്റാഫ് നഴ്സ് ആയിരുന്നു. ആഷ ആറുമാസം മുന്‍പ് ഓസ്ട്രേലിയയില്‍ നഴ്സിങ് പഠനത്തിനെത്തിയതാണ്. മാത്യുവിന്റെയും ആലീസിന്റെയും നാലുമക്കളില്‍ ഇളയ രണ്ടുപേരാണിവര്‍. സഹോദരി അനുമോള്‍ മാത്യുവിനെ ജോലിസ്ഥലത്തു വിട്ടശേഷം ബ്രിസ്ബേനിലേക്കു മടങ്ങുംവഴിയായിരുന്നു അപകടം. എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സുരേഷ് കുറുപ്പ്, മോന്‍സ് ജോസഫ്, ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.