കുടിയേറ്റക്കാർക്കായി അതിർത്തി തുറന്നിട്ട് ജർമനിയും ഓസ്ട്രിയയും

ബെർലിൻ: അഭയാർഥിപ്രളയത്തിൽ യൂറോപ്പ് മുങ്ങുമ്പോൾ കുടിയേറ്റക്കാർക്കായി അതിർത്തി തുറന്നിട്ട് ജർമനിയും ഓസ്ട്രിയയും. ഹംഗറിയിലെ ബുഡാപെസ്റ്റിൽ കുടുങ്ങിയ നൂറുകണക്കിനാളുകൾ ഓസ്ട്രിയ വഴി ജർമനിയിലേക്ക്. രാഷ്ട്രീയ അഭയത്തിന്റെ മാനദണ്ഡങ്ങൾക്കു കീഴിൽവരുന്ന എല്ലാവരെയും പുനരധിവസിപ്പിക്കാൻ തയാറാണെന്ന് ജർമൻ ചാൻസലർ അംഗല മെർക്കൽ പ്രഖ്യാപിച്ചു. കുടിയേറ്റ പ്രശ്നത്തിൽ വൻപ്രതീക്ഷയേകുന്നതാണ് ജർമനിയുടെ ഉദാരസമീപനം.

അഭയാർഥികൾക്കുള്ള താമസസൗകര്യമൊരുക്കാൻ സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും സർക്കാർ അധികച്ചെലവ് സ്വന്തം പൗരന്മാർക്ക് ഭാരമാകില്ലെന്നും നികുതി വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മെർക്കൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരിക്കിലും, അഭയാർഥിപ്രവാഹം കൈകാര്യം ചെയ്യുന്നതുസംബന്ധിച്ച നയരൂപീകരണത്തിനായി കൂട്ടുകക്ഷി സർക്കാർ ഇന്നു കൂടിയാലോചിക്കും. അഭയരാജ്യത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകുന്നതു വരെ കുടിയേറ്റക്കാർക്കു തങ്ങാൻ ഇറ്റലിയിലും ഗ്രീസിലും താൽക്കാലിക കേന്ദ്രങ്ങളൊരുക്കണമെന്ന് ജർമനിയും മറ്റു ചില യൂറോപ്യൻ രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.അഭയാർഥികളെ പങ്കിട്ടെടുത്ത് എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്നും ജർമനി ആഹ്വാനം ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബുഡാപെസ്റ്റിൽ കുടുങ്ങിയ അഭയാർഥികളിൽ ആറായിരത്തിലേറെപ്പേരെ ഹംഗേറിയൻ അധികൃതർ ബസിൽ ഇന്നലെ ഓസ്ട്രിയ അതിർത്തിയിലെത്തിച്ചു. ഇതിൽ 2200– ലേറെപ്പേർ പ്രത്യേക ട്രെയിനിൽ ജർമനിയിലെ മ്യൂണിക്കിലുമെത്തി.

ബുഡാപെസ്റ്റിൽ കുടുങ്ങിയ അഭയാർഥി സംഘങ്ങളിൽ ചിലത് ഓസ്ട്രിയയിലെ വിയന്നയിലേക്ക് പദയാത്ര തുടങ്ങി

അഭയാർഥികളേ ഇതിലേ…

അഭയം തേടി യൂറോപ്പിനെ ഉറ്റുനോക്കുന്ന കുടിയേറ്റക്കാർക്കായി സ്വന്തം വീടിന്റെ വാതിലുകൾ മലർക്കെ തുറന്ന് ഫിൻലൻഡ് പ്രധാനമന്ത്രി. വടക്കൻ ഫിൻലൻഡിലെ കെംപീലിലുള്ള വസതിയാണ് പ്രധാനമന്ത്രി ജൂഹ സിപില വിട്ടു കൊടുക്കുന്നത്. പ്രധാനമന്ത്രി ഹെൽസിങ്കിയിലെ ഔദ്യോഗിക വസതിയിൽ താമസിക്കുന്നതിനാൽ ഈ വീട് ഉപയോഗിക്കുന്നതു വിരളം. അടുത്ത വർഷത്തിന്റെ തുടക്കത്തിൽ വീട് അഭയാർഥികൾക്കു താമസിക്കാൻ നൽകുമെന്നാണ് പ്രഖ്യാപനം. ജന്മനാട്ടിലെ യുദ്ധവും ദാരിദ്ര്യവും മൂലം യൂറോപ്പിലേക്കു കുടിയേറാൻ കൊതിക്കുന്നവരോട് എല്ലാ ഫിൻലൻഡുകാരും ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top