സൗത്ത് ഡബ്ലിൻ കൗണ്ടി മേയറായി തെരെഞ്ഞെടുക്കപ്പെട്ട ബേബി പെരേപ്പാടന് സിറോ മലബാർ കമ്മ്യൂണിറ്റി അയർലൻഡ് സ്വീകരണം നൽകി.

ഡബ്ലിൻ :സ്വതന്ത്ര അൽമായ സംഘടന സിറോ മലബാർ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ അയർലണ്ടിൽ ആദ്യമായി മേയർ ആകുന്ന ഇന്ത്യൻ വംശജനും മലയാളിയും സർവ്വോപരി സിറോമലബാർ സഭാ അംഗവുമായ ഡബ്ലിൻ മേയർ ബേബി പെരേപാടനെ ആദരിച്ചു. ഈ കഴിഞ്ഞ 29 ന് ശനിയാഴ്ച താലയിൽ ഉള്ള ഇന്ത്യൻ ഹോട്ടൽ ഒലിവ്സിൽ വച്ചു സിറോ മലബാർ കമ്മ്യൂണിറ്റി പ്രസിഡന്റ്‌ ജോർജ് പല്ലിശ്ശേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ സാമൂഹിക രാഷ്ട്രീയ സംഘടന പ്രതിനിധികൾ പങ്കെടുത്തു. സെക്രട്ടറി ശ്രീ ബോബൻ ജേക്കബ് പൊതുയോഗത്തിൽ പങ്കെടുത്ത വിശിഷ്ട സദസിനെ സ്വാഗതം ചെയ്തു. സിറോ മലബാർ കമ്മ്യൂണിറ്റിക്ക് വേണ്ടി കോർഡിനേറ്റർ സാജു ചിറയത്ത്‌ പൊന്നാട അണിയിച്ചു ആദരിച്ചു.

തദ്ദേശീയ സമൂഹവും കുടിയേറ്റ സമൂഹവുമായി അടുത്തിടപഴുകാനും അവർക്കുവേണ്ടി പ്രവർത്തിക്കാനും തയ്യാറായതിന്റെ ഫലമാണ് ബേബി പെരേപ്പാടന്റെ തെരഞ്ഞെടുപ്പ് വിജയവും മേയർ സ്ഥാനലബ്ധിയെന്നു അധ്യക്ഷപ്രസംഗത്തിൽ ശ്രീ ജോർജ്ജ് പാലിശ്ശേരി. കുടിയേറ്റത്തോടൊപ്പം പലവിധ പ്രതിസന്ധികളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഐറിഷ് സമൂഹത്തോടൊപ്പം ചേർന്ന് പ്രവർത്തിച്ചു അവയെയെല്ലാം തരണം ചെയ്യാനും പുതിയ മേയർക്ക് സാധിക്കട്ടെയെന്നു അദ്ദേഹം ആശംസിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബേബിച്ചേട്ടന്റെ പ്രവർത്തനശൈലി പ്രവാസി കത്തോലിക്ക സമൂഹത്തിനും മാതൃകയാക്കാവുന്നതാണെന്നും സീറോ മലബാർ കമ്മ്യുണിറ്റി നിരന്തരമായി ഇക്കാര്യം സഭാധികാരികളുടെ ശ്രദ്ധയിൽ പെടുത്താറുണ്ടെന്നും ആശംസകൾ അർപ്പിച്ചു സംസാരിച്ച SMC എക്സിക്യൂട്ടീവ് അംഗം ശ്രീ ലൈജു ജോസ് വിലയിരുത്തി. എന്നാൽ സഭ നേതൃത്വത്തിന്റെ പ്രതികരണം നിരാശപ്പെടുത്തുന്നതാണെന്നും ഐറിഷ് കത്തോലിക്ക സമൂഹവുമായി ചേർന്ന് പോകാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് സിറോ മലബാർ സഭയിൽ അഭിപ്രായസ്വാതന്ത്ര്യം ഇല്ലാത്ത സാഹചര്യവും തുടർന്ന് ഉണ്ടായ സ്വന്തം അനുഭവങ്ങളും അദ്ദേഹം സദസ്സുമായി പങ്കുവെച്ചു.

തുടർന്ന് അഭിനന്ദനങ്ങൾ അറിയിച്ച ക്രാന്തി സെക്രട്ടറി മനോജ്‌ ഡി മന്നത്, ശ്രീ ബേബി പെരേപ്പാടന്റെ മേയർ സ്ഥാനലബ്ധി ഇന്ത്യൻ സമൂഹത്തിന് അതീവ സന്തോഷവും അഭിമാനവും ഉയർത്തുന്നതാണെന്നും ഇത് മൂലം നമുക്ക് ഐറിഷ് സമൂഹത്തോട് ഉണ്ടാകേണ്ട വലിയ പ്രതിബദ്ധതയും ആശംസ പ്രസംഗത്തിൽ ചൂണ്ടികാണിച്ചു. രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ മാത്രം കുടിയേറിയ ഒരു സമൂഹത്തിൽ നിന്നും ഒരാൾ മേയർ ആയിട്ടുണ്ടെങ്കിൽ അത് നമ്മുടെ സമൂഹത്തിന് ഈ ജനത നൽകിയ തുല്യതയുടെ ഉയർന്ന മാതൃകയാണ്. ഇത് പലപ്പോഴും നമ്മുടെ പ്രവാസസമൂഹ പൊതുബോധത്തിൽ പലയിടങ്ങളിലും കാണാൻ കഴിയാത്തതുമാണ്. ചില ചെറിയ ആശയ/അഭിപ്രായ/മത വ്യത്യാസങ്ങളുടെ പേരിൽ വിഭജിക്കപ്പെടാതെ ഒത്തൊരുമയോടെ ഐറിഷ് സമൂഹത്തിൽ ഒത്തു ചേർന്ന് പ്രവർത്തിച്ചു മാതൃകയാകേണ്ട ഉത്തരവാദിത്തം ഇന്ത്യൻ സമൂഹത്തിന് ഉണ്ടെന്നും മനോജ്‌ ഓർമപ്പെടുത്തി.

സ്വന്തം നേട്ടത്തിൽ അല്ലാതെ തന്നെ അതീവ അഭിമാനം തോന്നുന്ന നിമിഷമാണ് ശ്രീ ബേബി പെരേപാടന്റെ മേയർ സ്ഥാനമെന്ന് തുടർന്ന് പ്രസംഗിച്ച മലയാളം സംഘടനയുടെ പ്രതിനിധി ശ്രീ രാജൻ ദേവസി പ്രസ്താവിച്ചു. പ്രവർത്തനമികവും ഐറിഷ് സമൂഹവുമായുള്ള ഇന്റഗ്രേഷനും ഒരു പോലെ തിരെഞ്ഞെടുപ്പ് വിജയങ്ങളിൽ മാനദണ്ഡമാണെന്ന് ഈ തെരെഞ്ഞെടുപ്പ് തെളിയിച്ചു. ഐറിഷ് സമൂഹം കുടിയേറ്റക്കാർക്കും തുല്യ അവകാശങ്ങൾ നല്കുന്നതുകൊണ്ടാണ് പ്രവാസികളായി മലയാളികൾക്ക് ഇവിടെ വരാൻ സാധിച്ചതെന്നും അതിനാൽ ‘എന്റെ മതവിഭാഗം എന്റെ ലോകം’ എന്ന നിലയിലേക്ക് ചുരുങ്ങരുതെന്നും ശ്രീ രാജൻ ഓർമ്മിപ്പിച്ചു. അടുത്ത തലമുറകൾ ഇവിടെ തന്നെ ജീവിക്കാൻ ഉള്ളതാണ് എന്നും മനസിലാക്കി ഐറിഷ് സമൂഹത്തോട് കൈകോർത്തു പോകാൻ ഉള്ള ഉത്തരവാദിത്തം മലയാളി സമൂഹത്തിൽ ഉയർന്നു വരണമെന്നും അതിനായി സിറോ മലബാർ കമ്മ്യൂണിറ്റി എന്ന ഈ സംഘടന ഉയർത്തുന്ന സന്ദേശം മാതൃകാപരമാണെന്നും രാജൻ ദേവസി അനുമോദന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

തന്റെ പൊതുപ്രവർത്തനത്തിൽ പ്രവാസിസമൂഹം നൽകിവരുന്ന പിന്തുണ വലിയ അംഗീകാരമാണെന്നും തുടർന്നും ജാതിമതദേശഭാഷാ വ്യത്യാസമില്ലാതെ എല്ലാവർക്കും വേണ്ടി പ്രവർത്തിക്കാൻ ബാധ്യസ്ഥനാണെന്നും മറുപടി പ്രസംഗത്തിൽ മേയർ ശ്രീ ബേബി പെരേപ്പാടൻ ഉറപ്പു നൽകി. പ്രവാസികളായി വന്ന ജനങ്ങളെ ഇരുകൈകളും നീട്ടി സ്വീകരിച്ച അയർലണ്ടിനെ സ്നേഹിക്കാനും അവരുടെ പാരമ്പര്യങ്ങൾ പഠിക്കാനും അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കാനും പ്രവാസികൾക്ക് സാധിക്കണമെന്നും മേയർ ആഹ്വാനം ചെയ്തു.

സിറോ മലബാർ കമ്മ്യൂണിറ്റിയുടെ രണ്ടാമത് പൊതുയോഗത്തിൽ അയർലൻഡ് പോലുള്ള ഒരു വികിസിത രാജ്യത്തിൽ ഒരു തദ്ദേശഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷനായി തിരെഞ്ഞെടുക്കപ്പെട്ട സിറോ മലബാർ സഭാ അംഗം ശ്രീ ബേബി പെരേപ്പാടനെ ആദരിക്കാൻ കഴിഞ്ഞത് ഈ കമ്മ്യൂണിറ്റിയുടെ അഭിമാന നിമിഷം ആണെന്ന് നന്ദി പ്രസംഗത്തിൽ ശ്രീ ജോസൻ ജോസഫ് ഓർമ്മിച്ചു.
സീറോ മലബാർ സഭയുടെ തെറ്റുകൾ നിർഭയം ചൂണ്ടിക്കാണിക്കുകയും അയർലണ്ടിൽ ഒരു തുരുത്തായി വേറിട്ട് നിൽക്കാതെ ഐറിഷ് സമൂഹവുമായി ഒരുമിച്ചു പോകണം എന്ന ആശയം മുന്നോട്ടു വയ്ക്കുന്ന സീറോ മലബാർ കമ്യുണിറ്റിയുടെ ആദരവ് ഏറ്റുവാങ്ങാനും സ്നേഹം പങ്കുവെക്കുവാനും സന്മനസ്സ് കാണിച്ച ശ്രീ ബേബി പെരേപ്പാടന് സംഘടനയുടെ പേരിൽ ശ്രീ ജോസൻ നന്ദി രേഖപ്പെടുത്തി. പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ടുകൂടി ജനപങ്കാളിത്തം കൊണ്ട് വൻവിജയമായ പൊതുയോഗം സ്നേഹ വിരുന്നോടെ അവസാനിച്ചു.

Top