സ്വന്തം ലേഖകൻ
ഡബ്ലിൻ:കോളജ് വിദ്യാർത്ഥികൾക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നൽകാനൊരുങ്ങി ബാങ്കുകൾ. ബാങ്കിൽ അക്കൗണ്ട് എടുക്കാനെത്തുന്ന കോളജ് വിദ്യാർത്ഥികൾക്ക് ഫ്രീ പിസ, ക്യാഷ് പേയ്‌മെന്റുകൾ, പലിശ രഹിത ഓവർഡ്രാഫ്റ്റുകൾ, ഫ്രീ ജിം മെമ്പർഷിപ്പ്, ഫീസ് ഇല്ലാതെ ബാങ്കിങ് ഇടപാടുകൾ എന്നിങ്ങനെ മോഹനവാഗ്ദാനങ്ങളാണ് ബാങ്കുകൾ നൽകുന്നത്. വരുന്ന ആഴ്ചകളിൽ 50,000ഓളം വിദ്യാർത്ഥികളാണ് കോളജുകളിൽ പ്രവേശനം നേടാനിരിക്കുന്നത്. അതേസമയം വിദ്യാർത്ഥികൾ വളരെ സൂക്ഷിച്ചുവേണം ബാങ്ക് അക്കൗണ്ട് എടുക്കാനെന്ന് അധികൃതർ മുന്നറിയിപ്പു നൽകുന്നുണ്ട്. വാഗ്ദാനങ്ങളിൽ മയങ്ങി തട്ടിപ്പിനിരയാകരുത്.
ഫ്രീ കറന്റ് അക്കൗണ്ട് ബാങ്കിങ്, ഫ്രീ പിസ, മക്‌ഡൊണാൾഡ്‌സ് മീൽസ്, ഹൈലോ വൗച്ചറുകൾ എന്നിവയാണ് ബാങ്ക് ഓഫ് അയർലണ്ടിന്റെ ഓഫറുകൾ. കൂടാതെ സമ്മർ ഫെസ്റ്റിവ് പാക്കും, ഫ്രീ ജിം മെമ്പർഷിപ്പും നൽകും. മെഡിസിൻ, ലോ, അക്കൗണ്ടൻസി, കംപ്യൂട്ടിങ് എന്നിവ പഠിക്കുന്നവർക്ക് രണ്ടാം വർഷം മുതൽ ഒപിസി ലോൺ നൽകാനും ബാങ്ക് പദ്ധതിയിട്ടിട്ടുണ്ട്. ഫ്രീ ബാങ്കിങ്, പലിശരഹിത ഓവർ ഡ്രാഫ്റ്റ് എന്നിവയാണ് എഐബി വിദ്യാർത്ഥികൾക്കായി ഓഫർ ചെയ്യുന്നത്. ജസ്റ്റ് ഈറ്റ് ടേക്ക് എവേ ഡെലിവറികളിൽ എല്ലാ ആഴ്ചയും 20% ഡിസ്‌കൗണ്ടും വിദ്യാർത്ഥികൾക്കായി ബാങ്ക് ഒരുക്കുന്നു.കോഴ്‌സ് കാലയളവിൽ ഇന്ററസ്റ്റ് ഓൺലി റീപേയ്‌മെന്റ്‌സ് ലോണും ബാങ്ക് ല്യമാക്കും.
മറ്റൊരു പ്രമുഖ ബാങ്കായ കെബിസിയുടെ ഓഫർ 100 യൂറോ ക്യാഷ് ആണ്. കറന്റ് അക്കൗണ്ട് എടുക്കുന്ന വിദ്യാർത്ഥികൾക്ക് 40 യൂറോയും, ഡിസംബറിനുള്ളിൽ 10 ഡെബിറ്റ് കാർഡ് ഇടപാട് നടത്തുകയാണെങ്കിൽ 60 യൂറോയും ബാങ്ക് സമ്മാനമായി നൽകും. വിദ്യാർത്ഥികൾക്ക് ഫ്രീ എടിഎം ഇടപാടുകൾ, ഡെബിറ്റ് കാർഡ് ഇടപാടുകൾ, ഫ്രീ ക്വാർട്ടേർലി മെയിന്റനൻസ് എന്നിവയും ബാങ്ക് ഓഫർ ചെയ്യുന്നു.
ഫ്രീ മെയിന്റനൻസ് ഫീസ്, ഫ്രീ ട്രാൻസാക്ഷൻസ്, ഡയറക്ട് ഡെബിറ്റ്, സ്റ്റാൻഡിങ് ഓർഡേഴ്‌സ് എന്നിവയ്ക്ക് ഫീ ഇല്ലാതിരിക്കുക, ഇന്ററസ്റ്റ് ഫ്രീ ഓവർ ഡ്രാഫ്റ്റ്, കമ്മിഷൻ ഫ്രീ ട്രാവൽ മണി, സ്റ്റുഡന്റ് ക്രെഡിറ്റ് കാർഡ് എന്നിവയാണ് അൾസ്റ്റർ ബാങ്കിന്റെ ഓഫർ. പെർമനന്റ് ടിഎസ്ബിയുടെ സ്റ്റുഡന്റ് അക്കൗണ്ടുകൾക്ക് ഫീ നൽകേണ്ടതില്ല. ഫ്രീ ക്വാർട്ടേർലി മെയിന്റനൻസ്, ഫ്രീ ഡയറക്ട് ഡെബിറ്റ് എന്നിവയാണ് മറ്റ് ഓഫറുകൾ.