മാതാപിതാക്കളും കുട്ടികളും ആരാധനയില്‍ പങ്കെടുക്കേണ്ടത് അനിവാര്യം: റൈറ്റ് റവ.ജോസഫ് ബെര്‍ണാബാസ്

ഡാള്ളസ്: മാതാപിതാക്കള്‍ കുട്ടികളോടൊപ്പം ആരാധനയില്‍ പങ്കെടുക്കുന്ന പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നു സിംഗപ്പൂര്‍ – മലേഷ്യ ഭദ്രാസന്നാധിപന്‍ റൈറ്റ് റവ. ജോസഫ് മാര്‍ ബര്‍ണാബാസ് തിരുമേനി പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ഈ പാരമ്പര്യത്തെ തച്ചുടക്കുന്ന പ്രവണതകളാണ് ക്രിസ്തീയ സഭകളില്‍ പ്രത്യേകിച്ചു മലബാര്‍സഭയില്‍ പ്രകടമായിക്കൊണ്ടിരിക്കുന്നതെന്നും ബര്‍ണാബാസ് തിരുമേനി ചൂണ്ടിക്കാട്ടി.
അഖില ലോക സണ്ടെസ്‌കൂള്‍ ദിനവും ഫാമിലി സണ്ടേയും സംയുക്തമായി ആഘോഷിക്കുമ്പോള്‍ ഒരു പുനര്‍ചിന്തനം ഈ വിഷയത്തില്‍ ഉണ്ടാകണമെന്നു തിരുമേനി പറഞ്ഞു. മാതാപിതാക്കളും കുട്ടികളും പരസ്പരം തമ്മിലുള്ള ബന്ധം ദൃഢമാക്കണമെങ്കില്‍ പരസ്പരം ബഹുമാനവും വിശ്വാസവും ആര്‍ജിക്കേണ്ടിയിരിക്കുന്നു. ഇതിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടത് കുടുംബങ്ങളില്‍ നിന്നു തന്നെയാണ്. നാം ചോദിക്കാതെ ലഭിക്കുന്ന ദൈവീക ദാനമാണ് കുട്ടികള്‍. ജനനം മുതല്‍ വളര്‍ച്ചയുടെ ഓറോ പടവുകള്‍ താണ്ടുമ്പോഴും, അവരോടുള്ള സമീപനത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ മാതാപിതാക്കള്‍ തയ്യാറാകണം. ഇത്തരത്തിലാണ് ഒരു അനുഗ്രഹീത കുടുംബം രൂപം പ്രാപിക്കുന്നതെന്നു തിരുമേനി ചൂണ്ടിക്കാട്ടുന്നത്.
ഡാള്ളസ് സെന്റ് പോള്‍സ് ഇടവകയില്‍ അഖില ലോക സണ്ടെസ്‌കൂള്‍ ദിനവും ഫാമിലി സണ്‍ഡേയും സംയുക്തമായി സംഘടിപ്പിക്കപ്പെട്ട നവംബര്‍ ഒന്ന് ഞായറാഴ്ച രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ധ്യാന പ്രസംഗം നടത്തുകയായിരുന്നു ബര്‍ണാബാസ് എപ്പിസ്‌കോപ്പ.
സെന്റ് പോള്‍സ് ഇടവക ആദ്യമായി സന്നര്‍ശിക്കുന്ന ബര്‍ണാബാസ് തിരുമേനിക്കു സണ്ടെസ്‌കൂള്‍ വിദ്യാര്‍ഥികളും, ഇടവക ജനങ്ങളും വികാരി ഉള്‍പ്പെടെയുള്ള ചുമതലക്കാരും ചേര്‍ന്ന ഉഷ്മള സ്വീകരണം നല്‍കി. വികാരി ഷൈജു പി.ജോണ്‍ സ്വാഗതവും ഇടവക സെക്രട്ടറി ജെഫ് തോമസും നന്ദിയും പറഞ്ഞു.

Top