
സ്വന്തം ലേഖകൻ
2016 ആഗസ്റ്റ് 30ന് സപ്തതിയി ആഘോഷിക്കുന്ന മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ വലിയ ആർഭാടങ്ങൾ ഒഴിവാക്കി 70 ാം ജന്മദിനം ആഘോഷിക്കുന്നു. അപ്പോസ്‌തോലിക സന്ദർശനത്തിനായി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം സന്ദർശിക്കുന്ന പരിശുദ്ധ കാതോലിക്കാ ബാവാക്ക് അമേരിക്കൻ പ്രസിഡൻറ് ബറാക്ക് ഒബാമ ജന്മദിനാശംസകൾ കൈമാറി. അമേരിക്കയിലെ ആത്മീയ മക്കളോടൊപ്പം ജന്മദിനം ആഘോഷിക്കുന്ന പരിശുദ്ധ കാതോലിക്കാ ബാവായെ അമേരിക്കൻ പ്രസിഡൻറ് ബറാക്ക് ഒബാമയും പത്‌നി മിഷേലും ആശംസകൾ അറിയിച്ച് സന്ദേശം അയയ്ക്കുകയും, മലങ്കര ഓർത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സമത്വം, പാർശ്വവത്ക്കരിക്കപ്പെട്ടവരോടുള്ള കരുതൽ എന്നിവയിൽ സഭയുടെ നിലപാട് പ്രചോദനാത്മകമാണെന്നും ലോകം മെച്ചപ്പെടുത്തുന്നതിനായുള്ള പരിശുദ്ധ ബാവായുടെ താല്പര്യം പ്രത്യാശജനകമാണെന്നും അനുമോദന സന്ദേശത്തിൽ ബറാക്ക് ഒബാമ കുറിച്ചു. 2016 സപ്തതി വർഷത്തിൽ തന്നെ മലങ്കര ഓർത്തഡോക്‌സ് സഭയുടെ പ്രധാന സാമൂഹ്യ സേവന പദ്ധതികളിൽ ഒന്നായ പരുമല ക്യാൻസർ കെയർ സെൻറർ ഉദ്ഘാടനം ചെയ്യുകയും, നിർദ്ധനരായ ക്യാൻസർ രോഗികളുടെ ചികിത്സാ സഹായ പദ്ധതി (സ്‌നേഹ സ്പർശം) ആരംഭിക്കുകയും ചെയ്യുമെന്ന് കോട്ടയം ദേവലോകം അരമനയുടെ അറിയിപ്പിൽ പറയുന്നു