ബിസിജി വാക്‌സിന്‍ ലഭിക്കാനില്ല: രാജ്യത്തെ ടിബി പ്രതിരോധം അവതാളത്തില്‍

ഡബ്ലിന്‍: ട്യൂബര്‍ കുലോസിസിനെ പ്രതിരോധിക്കാനുള്ള ബിസിജി വാക്‌സിന്‍ വിതരണം രാജ്യത്ത്‌ അവതാളത്തില്‍. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ രാജ്യത്തെ ബിസിജി വാക്‌സിന്‍ വിതരണത്തില്‍ പ്രശ്‌നമുണ്ടാകുമെന്നാണ്‌ അധികൃതര്‍ ഇപ്പോള്‍ പറയുന്നത്‌. ഇത്‌ രാജ്യത്തെ ട്യൂബര്‍ കുലോസിസ്‌ രോഗപ്രതിരോധത്തില്‍ നിര്‍ണായകമായ പ്രതിസന്ധി സൃഷ്‌ടിക്കുമെന്നാണ്‌ കരുതുന്നത്‌.
മരുന്നു സംരക്ഷിക്കുന്നതിനുള്ള പ്രതിസന്ധിയും, മരുന്നു വിതരണത്തിലെ താമസവും, മരുന്നു സീല്‍ ചെയ്‌തു സൂക്ഷിക്കുന്നതിനുള്ള പ്രതിസന്ധികളുമാണ്‌ ഇപ്പോള്‍ രാജ്യത്തെ ബിസിജി വാക്‌സിന്‍ വിതരണത്തെ പ്രതിസന്ധിയിലാക്കുന്നത്‌. ഡെന്‍മാര്‍ക്കില്‍ നിര്‍മിക്കുന്ന ബിസിജി വാക്‌സിന്‍ വിതരണം ഏറെ പ്രതിസന്ധി നിറഞ്ഞതാണെന്നും ആരോഗ്യമന്ത്രി ലിയോ വരദാര്‍ക്കര്‍ അറിയിച്ചു. സിന്നാ ഫെയിന്‍ ടിഡി ഗാരി ആഡംസിന്റെ ചോദ്യത്തിനു മറുപടിയായാണ്‌ ആരോഗ്യമന്ത്രി ലിയോ വരദാര്‍ക്കര്‍ മറുപടി നല്‍കിയത്‌.
ഹെല്‍ത്ത്‌ സര്‍വീസ്‌ എക്‌സിക്യുട്ടീവ്‌ നിര്‍ദേശിച്ച ബിസിജി വാക്‌സിന്‍ തന്റെ കുട്ടിക്കു നല്‍കാനാവാതെ വന്നതോടെ സിന്നാ ഫെയിന്‍ കണ്‍ട്രി കൌണ്‍സിലര്‍ ലോയത്ത്‌ ജെന്നിഫര്‍ പരാതി ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്‌ ഇപ്പോള്‍ പാര്‍ലമെന്റില്‍ വിഷയത്തില്‍ ചോദ്യം ഉന്നയിക്കപ്പെട്ടത്‌.

Top