
ദുബായ്: ദുബായിയില്‍ തകര്‍ത്ത് പെയ്തിരുന്ന മഴയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നവര്‍ സൂക്ഷിക്കുക. ഫോട്ടോകള്‍ അല്പം ശ്രദ്ധിക്കാതെ ഷെയര്‍ ചെയ്താല്‍ പണിയാകും. ദുബായിലെ പെരുമഴക്കാലത്തിന്റെ ചിത്രങ്ങള്‍ ഉത്തരവാദിത്തമില്ലാതെയും എഡിറ്റ് ചെയ്തും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരേ സൈബര്‍ നിയമപ്രകാരം കേസെടുക്കും. ഒരു വര്‍ഷം വരെ തടവും പത്തു ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷ.
ദുബായ് നഗരത്തെ മോശമായി ചിത്രീകരിക്കുന്നതും ഭരണകൂടത്തെ വിമര്‍ശിക്കുന്നതുമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതു ദേശദ്രേഹമായി കണക്കാക്കും. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനൊപ്പം മഴയെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും അഭ്യൂഹങ്ങള്‍ പരത്തുന്നതും കുറ്റകരമാണ്. ഇത്തരക്കാരും കടുത്ത നടപടി നേരിടേണ്ടിവരും.
ഒരാഴ്ചയോളമായി ഗള്‍ഫിലെ പല പ്രദേശങ്ങളിലും കനത്ത മഴയാണു പെയ്യുന്നത്. റോഡ്, വിമാന ഗതാഗത ബന്ധങ്ങളും പലവതവണ തടസപ്പെട്ടിരുന്നു. അതേസമയം, മഴ കെടുതിയുണ്ടാക്കാതിരിക്കാന്‍ ശക്തമായ സംവിധാനങ്ങളും പ്രതിരോധ മാര്‍ഗങ്ങളുമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മഴ ചിത്രങ്ങളുടെ പേരില്‍ വ്യാപകമായി എഡിറ്റ് ചെയ്ത് ചിത്രങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ചതോടെയാണ് കടുത്ത നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് നല്‍കിയത്.